തീരം തിരിച്ചുവരുന്നു; ശംഖുംമുഖത്ത് കൃത്രിമ തീരം നീട്ടുന്നു; വീണ്ടും മണൽ വിരിക്കും, 14 കോടിരൂപയുടെ പദ്ധതി

തിരുവനന്തപുരം: നാവികസേന ദിനത്തിനുവേണ്ടി ശംഖുംമുഖത്ത് നിർമിച്ച കൃത്രിമ തീരം നീട്ടുന്നു. ഡയഫ്രം മതിൽ മുതൽ ശംഖുംമുഖത്തെ കൊട്ടാരത്തിന്റെ വടക്കേയറ്റം വരെയുള്ള 370 മീറ്റർ ദൂരത്തിലുള്ള തീരമാണ് നീട്ടുന്നത്. ശക്തിയേറിയ വേലിയേറ്റത്തെ ചെറുക്കുംവിധത്തിലുള്ള കരിങ്കൽ മറയുണ്ടാക്കിയാണ് കൃത്രിമമായി തീരം പുനഃസൃഷ്ടിക്കുന്നത്. 14 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്.
അടിക്കടിയുണ്ടാകുന്ന കള്ളക്കടൽ പ്രതിഭാസവും തിരയുടെ തള്ളിക്കയറ്റവും കാരണം പലപ്പോഴും തീരത്തെ മണ്ണ് പാടെ കടലെടുത്തിരുന്നു. ഇതുകാരണം നൂറ്റാണ്ടുകളായി ശംഖുംമുഖത്തുള്ള പഴയ കോഫി ഹൗസ് കെട്ടിടം, ആറാട്ടുമണ്ഡപം, ശംഖുംമുഖം കൊട്ടാരം അടക്കമുള്ള പൈതൃക നിർമിതികൾക്കും അനുബന്ധ നിർമിതികൾക്കും തകർച്ചാ ഭീഷണിയുണ്ടായിരുന്നു.
ജിയോബാഗുകളിൽ മണൽ നിറച്ച് അടുക്കി പ്രതിരോധം തീർത്തായിരുന്നു തീരത്തിന് താത്‌കാലിക സംരക്ഷണമൊരുക്കിയത്. എന്നാൽ സ്ഥിരം സംവിധാനത്തിലൂടെ തീരത്തെ സംരക്ഷിക്കുന്നതിനാണ് പുതിയ പദ്ധതി. മേജർ ഇറിഗേഷൻ വകുപ്പിനാണ് നിർമാണച്ചുമതല.
20-ന് മുൻപ് നാവികസേന സർക്കാരിന് തീരം കൈമാറും
: നാവികസേനാദിനത്തിന് ശംഖുംമുഖം വേദിയായി തിരഞ്ഞെടുത്തതും പദ്ധതിക്ക് വേഗം കൂട്ടി. രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി എത്തുന്നതിനെ തുടർന്ന് അതീവ സുരക്ഷയും വേണമായിരുന്നു. ഇതേ തുടർന്ന് ശംഖുംമുഖത്തെ തകർന്നുപോയ തീരം ആഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾക്ക് അതിവേഗം തീരം നിർമിച്ചു തരണമെന്ന് നാവികസേനയും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സേനയുടെ ആവശ്യപ്രകാരമുള്ള 180 മീറ്റർ ദൂരത്തിലുള്ള തീരം കൃത്രിമമായി ആദ്യം നിർമിച്ചുനൽകി. ഇത് വിജയം കണ്ടിരുന്നു.
വിനോദസഞ്ചാരികൾക്ക് ഇരിപ്പിടവും വള്ളമിറക്കാൻ റാമ്പും നിർമിക്കും
: ശംഖുംമുഖത്തെ ഡയഫ്രം മതിൽ മുതൽ കൊട്ടാരത്തിന്റെ വടക്കേയറ്റംവരെയുള്ള 370 മീറ്ററിലാണ് തീരം നിർമിക്കുക. നിലവിലുള്ള റോഡിൽനിന്ന് കടൽത്തീരത്തേക്ക് 12 മീറ്റർ വീതിയിലാവും തീരം നിർമിക്കുക. എട്ടുമീറ്റർ ആഴത്തിൽ മണൽ നീക്കം ചെയ്‌തശേഷം ഏറ്റവും അടിയിൽ പോളി പ്രൊപ്പലൈൻ കൊണ്ട് നിർമിച്ച ജിയോ ഫാബ്രിക് പാളികൾ നിരത്തും. ഇവയുടെ മുകളിൽ ചെറിയ കല്ലുകൾ നിരത്തും. ഇവയ്ക്കുമുകളിൽ വലിയകല്ലുകൾ നിരത്തിയാണ് തീരത്തെ സംരക്ഷിച്ചുനിർത്തുക. തുടർന്ന് മണലും നിരത്തും.
സ്വാഭാവികമായി മണൽ അടിഞ്ഞുകയറി വലിയതീരവുമാകും. 12 മീറ്ററിൽ നിർമിക്കുന്ന തീരത്തിന്റെ ആറുമീറ്ററിലാണ് വിനോദസഞ്ചാരികൾക്ക് ഗാലറിക്ക് സമാനമായ ഇരിപ്പിടം നിർമിക്കുക. ഇതിന്റെ രണ്ട് അറ്റങ്ങളിലായി മത്സ്യത്തൊഴിലാളികൾക്ക് വള്ളങ്ങളിറക്കാനായി 16 മീറ്റർ നീളത്തിലും ആറുമീറ്റർ വീതിയിലുമായി രണ്ടു റാമ്പുകളും നിർമിക്കും. ഫെബ്രുവരി അവസാനത്തോടെ നിർമാണം പൂത്തിയാക്കുമെന്ന് മേജർ ഇറിഗേഷന്റെ ഉദ്യോഗസ്ഥർ പറഞ്ഞു.
ഡിസംബർ മൂന്നിന് പരിപാടി അവസാനിച്ചുവെങ്കിലും സാങ്കേതിക സംവിധാനങ്ങൾ നീക്കം ചെയ്യേണ്ടതിനാൽ ഈ മാസം 20-ന് മുൻപ് ജില്ലാകളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരുമായി നാവികസേനാധികൃതർ ചർച്ചചെയ്ത് സർക്കാരിന് തീരം കൈമാറും.
Content Highlights: Thiruvananthapuram Shankumugham: Artificial Shoreline Built for Navy Day Being Extended, Shoreline Protection Strengthened