റോഡ് കയ്യടക്കി വൻകിടഹോട്ടലുകളുടെ ‘തട്ടുകടക്കൊള്ള’; 12 കടകൾ അടപ്പിച്ചു, പരിശോധന കർശനം

തിരുവനന്തപുരം: നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരേ ശക്തമായ നടപടികൾ തുടർന്ന് സിറ്റി പോലീസ്. വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിന് സമീപം വഴി തടസ്സപ്പെടുത്തി മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന 12 തട്ടുകടകൾ മ്യൂസിയം എസ്.എച്ച്.ഒ. പ്രശാന്തിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിച്ചത്. സിറ്റി പോലീസ് കമ്മിഷണർ ഡോ.അരുൾ ആർ.ബി. കൃഷ്ണയുടെ നിർദേശപ്രകാരമായിരുന്നു നടപടി. അനധികൃത തട്ടുകടകൾക്കെതിരേ പോലീസ് നേരത്തേ തന്നെ നടപടികളാരംഭിച്ചിരുന്നു. ഇത്തരം കടകൾ ഒരു കാണവശാലും അനുവദിക്കില്ലെന്ന് കമ്മിഷണറും മേയർ വി.വി.രാജേഷും അറിയിച്ചിരുന്നു. സാധാരണക്കാരുടെ മറവിൽ വൻകിടഹോട്ടലുകൾ വഴി തടസ്സപ്പെടുത്തിയും ഭക്ഷണത്തിലടക്കം ഗുണനിലവാരം പാലിക്കാതെയും തട്ടുകടകൾ നടത്തുന്ന വിവരം 'മാതൃഭൂമി' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
കോട്ടൺഹിൽ ഭാഗത്ത് കടകൾ ഒഴിപ്പിക്കാനെത്തിയപ്പോൾ നടത്തിപ്പുകാർ പ്രതിഷേധവുമായെത്തി. എന്നാൽ, ലൈസൻസ് ഉൾപ്പെടെ ഹാജരാക്കാൻ ഇവർക്കായില്ല. രേഖകൾ ഇല്ലാതെ നടത്തിപ്പ് അനുവദിക്കില്ലെന്ന് പോലീസ് കർശന നിലപാടെടുത്തതോടെ ഇവർ പിൻവാങ്ങി. ഇവിടെ ഭക്ഷണം പാചകം ചെയ്ത അവശിഷ്ടങ്ങൾ കൂടിക്കിടക്കുന്നത് നീക്കം ചെയ്യണമെന്നും നിർദേശം നൽകി. കോട്ടൺഹിൽ സ്‌കൂൾ പി.ടി.എ.യും വിഷയത്തിൽ പരാതി നൽകിയിരുന്നതായി പോലീസ് പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിയേയും പോലീസ് വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ വെള്ളയമ്പലം-ശാസ്തമംഗലം റോഡിൽ അനധികൃതമായി ഫുഡ് ട്രക്കുകൾ നിർത്തിയിട്ട് ഭക്ഷണം ഇരുന്ന് കഴിക്കാൻ സൗകര്യമൊരുക്കുന്നതും നിരോധിക്കും. ഇവയിൽനിന്ന് പാഴ്സൽ മാത്രം അനുവദിക്കാനാണ് തീരുമാനം.
ഉപജീവനത്തിനായി തട്ടുകട നടത്തുന്നവരെ സംരക്ഷിക്കും
തട്ടുകടകൾക്കായി പ്രത്യേക സ്ഥലം നിർണയിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഉപജീവനത്തിനായി കച്ചവടം നടത്തുന്നവരെ സംരക്ഷിക്കുമെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു. തട്ടുകടകളുടെ മറവിൽ വൻകിടക്കാൻ റോഡ് കൈയേറുന്നതും മറ്റ് ഹോട്ടലുകളിലെ പഴകിയ ഭക്ഷണം ചൂടാക്കി വൻ വിലയ്ക്ക് വിൽക്കുന്നതും തടയും. കൃത്യമായി മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ലൈസൻസ് നൽകൂ.
സെക്രട്ടേറിയറ്റിനു മുന്നിലുള്ള ചില വെജിറ്റേറിയൻ ഹോട്ടലുകളടക്കം വൻ തുക ഭക്ഷണത്തിന് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ ഇടപെട്ട് നഗരത്തിലെ ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കണമെന്ന് കോർപ്പറേഷൻ സർക്കാരിനോട് ആവശ്യപ്പെടും. ഓണത്തോടനുബന്ധിച്ച് വഴിയോരക്കച്ചവടക്കാരെ പരമാവധി സഹായിക്കുന്ന നിലപാടാണ് കോർപ്പേറേഷനുള്ളതെന്നും യാത്രക്കാർക്കടക്കം ബുദ്ധിമുട്ടുണ്ടാക്കാതെ കച്ചവടം ചെയ്യണമെന്നും മേയർ പറഞ്ഞു.
അനധികൃതനിർമാണം തടയാൻ പ്രത്യേക സ്‌ക്വാഡുണ്ടാക്കുമെന്ന് മേയർ
നഗരത്തിലെ അനധികൃത കെട്ടിടനിർമാണങ്ങൾ കൂടുതലും അവധി ദിവസങ്ങളിലാണ് നടക്കുന്നതെന്നും ഇത് തടയാൻ ഓണക്കാലത്ത് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് പരിശോധന നടത്തുമെന്നും മേയർ വി.വി.രാജേഷ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ നിരവധി അനധികൃത നിർമാണങ്ങളാണ് കണ്ടെത്തി നിർത്തിവെക്കാൻ നിർദേശം നൽകിയതെന്നും ഇവർക്കായി ശുപാർശയുമായി രാഷ്ട്രീയക്കാരടക്കം ബന്ധപ്പെട്ടിരുന്നുവെന്നും വി.വി.രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്റ്റോപ്പ് മെമ്മോ നൽകിയാലും ഇത് അവഗണിച്ച് നിർമാണം തുടരുകയാണ്. ഇതിനെത്തുടർന്നാണ് മേയറും സെക്രട്ടറിയും നേരിട്ടിറങ്ങി കഴിഞ്ഞദിവസം പുളിമൂട്, ഗാന്ധാരി അമ്മൻകോവിൽ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. ചില ഉദ്യോഗസ്ഥർ അനധികൃത നിർമാണങ്ങൾക്കെതിരേ നടപടിയെടുക്കുന്നില്ല. ഇവർക്കെതിരേയും നടപടി സ്വീകരിക്കും. അനധികൃത നിർമാണം നടത്തുന്നവർ അത് സ്വന്തം ചെലവിൽ പൊളിച്ചുമാറ്റണം. ഇല്ലെങ്കിൽ കോർപ്പറേഷൻ പൊളിച്ചുമാറ്റുമെന്നും ഇതിന്റെ ചെലവ് ഉടമസ്ഥരിൽനിന്ന് ഈടാക്കുമെന്നും മേയർ പറഞ്ഞു.
പലരും കെട്ടിടങ്ങൾ നിർമിച്ച് ഹോസ്റ്റൽ നടത്താനായും മറ്റും വാടകയ്ക്ക് നൽകുകയാണ്. ഒരാൾതന്നെ പലവ്യക്തികൾക്ക് പണം വാങ്ങി ഇത്തരത്തിൽ വാടകയ്ക്കു നൽകുന്നു. ഇതിനു പിന്നിൽ സാമ്പത്തിക തട്ടിപ്പുമുണ്ട്. ഇക്കാര്യം പോലീസ് അന്വേഷിക്കണം. പുത്തരിക്കണ്ടം മൈതാനം ഇത്തവണയും സർക്കസ് നടത്തിപ്പിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയാണ് മുൻകൂറായി മൈതാനം അനുവദിച്ചത്. ഇനി ഇത്തരം കാര്യങ്ങളിൽ മുൻകൂറായി അനുമതി നൽകില്ല.
ഓണത്തിന് സദ്യകൾ നടത്തുന്നവർ ഭക്ഷണ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തും. കോർപ്പറേഷൻ ഓണാഘോഷം 21-ന് നടക്കുമെന്നും മേയർ പറഞ്ഞു.
Content Highlights: City police removed 12 illegal street food stalls near Cotton Hill School for blocking roads and lacking licenses., Food trucks on Vellayambalam-Sasthamangalam road will only be permitted for parcel services., Mayor V.V. Rajesh announced special squads to inspect illegal constructions during holidays., Corporation to request government intervention to regulate high food prices in hotels.