തിരുവനന്തപുരത്ത് ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്; ഏറ്റുമുട്ടിയവരിൽ ലഹരി-കൊലപാതക കേസ് പ്രതികളും

തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. പാര്‍ട്ടിക്കിടെ രണ്ടു സംഘങ്ങളായി തിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു. ലഹരി കേസിലെയും കൊലപാതക കേസിലെയും പ്രതികളടക്കം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായാണ് വിവരം. സംഭവത്തില്‍ തിരുവനന്തപുരം പാളയത്തെ സൗത്ത് പാര്‍ക്ക് ഹോട്ടലിന് പോലീസ് നോട്ടീസ് നല്‍കി. അടിപിടിയില്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കും.
പാളയത്തെ ഹോട്ടലിലും ഇതിനുപിന്നാലെ റോഡിലും ചേരിതിരിഞ്ഞ് അടി നടന്നു. റോഡില്‍ നടന്ന തല്ലിനാണ് പോലീസ് സ്വമേധയാ കേസെടുക്കുക. ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതിനെ തുടർന്ന് തല്ലുണ്ടായ സാഹചര്യത്തിലാണ് പോലീസ് ഹോട്ടലിന് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചത്.
ഡിജെ പാർട്ടി സംഘടിപ്പിച്ച ഹാളില്‍ സിസിടിവി ഉണ്ടായിരുന്നില്ല. സംഘാടകരുടെ വിവരങ്ങളും പോലീസിന് കൈമാറിയിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.