കേരളത്തിൽ മഴ കനക്കുന്നു; തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു; 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. തിരുവനന്തപുരത്ത് വ്യാഴാഴ്ച മിന്നലേറ്റ് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാലിൽ പരശുവയ്ക്കൽ സ്വദേശിയായ വിൻസന്റ് ആണ് മരിച്ചത്. പരശുവയ്ക്കൽ സ്വദേശി അജേഷ്, ആടുമൻകാവ് സ്വദേശി ദാസയ്യൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കുന്നത്തുകാലിലെ സ്വകാര്യ പുരയിടത്തിൽ ജോലിചെയ്തുകൊണ്ടിരിക്കെയാണ് തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കൂടാതെ, തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് മഞ്ഞ അലർട്ട് നിലവിലുള്ളത്.
മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാമാണ്.
ശക്തമായ മഴയുള്ളപ്പോൾ പുഴകളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങാനോ കുളിക്കാനോ മീൻപിടിക്കാനോ മേൽപ്പാലങ്ങളിൽനിന്ന് സെൽഫി എടുക്കാനോ പാടില്ല. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണെന്നും അടിയന്തര സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
Content Highlights: One person died and three were injured due to a lightning strike in Neyyattinkara, Thiruvananthapuram., Two injured individuals are in critical condition at Karakonam Medical College Hospital., IMD issued Yellow and Orange alerts across several Kerala districts due to heavy rain and thunderstorms., Disaster Management Authority urged the public to stay alert and avoid non-essential hill station travel.