DJ പാര്‍ട്ടികളുടെ കേന്ദ്രമായി തലസ്ഥാന നഗരം; പിന്നാമ്പുറങ്ങളില്‍ ത്രില്ലര്‍ സിനിമകളെ വെല്ലുന്ന സംഭവങ്ങള്‍, കണ്ണടച്ച് പോലീസും

Photo: Screengrab
Photo: Screengrab

തിരുവനന്തപുരം: തലസ്ഥാനത്ത് വാരാന്ത്യങ്ങളില്‍ അരങ്ങേറുന്ന ഡിജെ പാര്‍ട്ടികളുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്നത് സസ്പെന്‍സ് ത്രില്ലര്‍ സിനിമകളെ വെല്ലുന്ന സംഭവങ്ങള്‍. അധികാരികളെ മൂകസാക്ഷികളാക്കി ചെറുതും വലുതുമായ അക്രമസംഭവങ്ങളും ഇടപാടുകളുമാണ് ഇവിടെ നഗരത്തിലെ നക്ഷത്രഹോട്ടലുകളിലും നടക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കുള്ളില്‍ നടന്ന സംഘര്‍ഷം പുറത്ത് റോഡില്‍ ഏറ്റുമുട്ടലിലേക്ക് എത്തിയിരുന്നു. പോലീസിന്റെ മൂക്കിനുതാഴെ നടന്ന സംഭവമായിട്ടുകൂടി മാധ്യമങ്ങളില്‍ വാര്‍ത്തയായി മൂന്നു ദിവസത്തിനു ശേഷമാണ് പോലീസ് കേസെടുത്തത്. ഇതിനു മുന്‍പുണ്ടായ സംഭവങ്ങളില്‍ പരാതിയോ കേസോ ഒന്നുമുണ്ടായിട്ടുമില്ല.

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു ഗുണ്ടാസംഘങ്ങള്‍ നഗരത്തിലെ പ്രമുഖ നക്ഷത്ര ഹോട്ടലിനു മുന്നിലും ഡിജെ ഫ്‌ളോറിലും റോഡിലുമായി ഏറ്റുമുട്ടിയത്. രണ്ടു മണിക്കൂറോളം ഈ കൂട്ടത്തല്ല് നീണ്ടു. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്ക് ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോഴും സംഘങ്ങള്‍ ഏറ്റുമുട്ടി. തലേദിവസം ഈഞ്ചയ്ക്കലിന് സമീപത്തുള്ള ഹോട്ടലില്‍ നടന്ന സംഭവത്തിന്റെ വൈരാഗ്യമാണ് ശനിയാഴ്ച എംജി റോഡിലെ ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ അരങ്ങേറിയത്.

പാളയം കേന്ദ്രീകരിച്ചുള്ള ഇരട്ടകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സഹോദരങ്ങളും വലിയതുറ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇരട്ടകളില്‍ ഒരാള്‍ കാപ്പ കേസിലടക്കം ഉള്‍പ്പെട്ടിട്ടുള്ളയാളാണ്.

ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആദ്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിപ്പിക്കുകയായിരുന്നു. സംഭവം വഷളായപ്പോള്‍ കണ്ടാലറിയുന്ന 10 പേര്‍ക്കെതിരേ കേസെടുത്തിരിക്കുകയാണ് കന്റോണ്‍മെന്റ് പോലീസ്.

സംഘര്‍ഷം സാധാരണം

മിക്ക ഡിജെ പാര്‍ട്ടികളിലും വലുതും ചെറുതുമായ നിരവധി അടിപിടി സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇതില്‍ മിക്ക സംഭവങ്ങളിലും ഹോട്ടല്‍ അധികൃതര്‍ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. പോലീസില്‍ പരാതിപ്പെട്ടാല്‍ ഒതുക്കിത്തീര്‍ക്കുന്നതാണ് മറ്റൊരു രീതി. ചെറിയ തര്‍ക്കങ്ങള്‍ മുതല്‍ അടിപിടിയിലും ആശുപത്രി സംഭവങ്ങള്‍ ഉണ്ടായാല്‍ പോലും ഇവയെല്ലാം ഹോട്ടല്‍ അധികൃതര്‍ ഇടപെട്ട് ഒതുക്കിത്തീര്‍ക്കാറുണ്ടെന്നാണ് സൂചന.

ഹോട്ടലിന്റെ നടത്തിപ്പിനേയും അന്തസ്സിനേയും ബാധിക്കുമെന്നതാണ് ഇക്കാര്യത്തില്‍ അധികൃതരുടെ വാദം. തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ബൗണ്‍സേഴ്സ് ഉണ്ടെങ്കിലും മിക്കപ്പോഴും അവര്‍ കാഴ്ചക്കാരായി നില്‍ക്കാറാണുള്ളത്.

ഡിജെ പാര്‍ട്ടികളുടെ കേന്ദ്രമായി തലസ്ഥാന നഗരം

വാരാന്ത്യങ്ങളിലും ആഘോഷ ദിവസങ്ങളിലുമാണ് നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. ഇതുകൂടാതെ ദിവസവും ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന പബ്ബുകളും തലസ്ഥാനത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്.

പലതരത്തിലുള്ള പ്രവേശന പാസുകളുണ്ട്. ഇതില്‍ മദ്യം ഉള്‍പ്പെടുന്ന പാസുകളും അല്ലാത്തവയുമുണ്ട്. 500 രൂപ മുതല്‍ 2000 രൂപ വരെയാണ് പൊതുവേ കാണുന്ന പാസുകള്‍. സ്ത്രീകള്‍ക്ക് മിക്കയിടങ്ങളിലും സൗജന്യ പ്രവേശനമായിരിക്കും. കപ്പിള്‍ എന്‍ട്രികള്‍ക്ക് കിഴിവുകളും ലഭിക്കും.

നിയമപ്രകാരം ഡാന്‍സ് പാര്‍ട്ടികളില്‍ രാത്രി 11 മണി വരെ മാത്രമേ മദ്യം നല്‍കാന്‍ അനുമതിയുള്ളു. എന്നാല്‍ പലയിടത്തും 12 മണിവരെ മദ്യം വില്‍ക്കുന്നുണ്ട്. രാത്രി 12 മണിവരെയാണ് ഡിജെ പാര്‍ട്ടികള്‍ക്ക് അനുവദിച്ചിട്ടുള്ള സമയമെങ്കിലും പലപ്പോഴും പുലര്‍ച്ചെ വരെ നീളാറുണ്ട്. ഇത്തരം പാര്‍ട്ടികളിലാണ് പലതരത്തിലുള്ള ഇടപാടുകളും ഉടമ്പടികളും നടക്കുന്നത്.

Content Highlights: Suspenseful incidents exceeding thriller movies unfold behind Thiruvananthapuram`s DJ parties. Violence, deals, and police inaction behind hotel parties.