തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽയോഗം വെള്ളിയാഴ്ച: അവധിക്ക് അപേക്ഷ നൽകി സുഗതൻ; അയോഗ്യത തടയാൻ നീക്കം

#സ്വന്തം ലേഖകൻ
ആർ. സു​ഗതൻ | ഫോട്ടോ: മാതൃഭൂമി
ആർ. സു​ഗതൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കൗൺസിലർ സ്ഥാനത്തിന് അയോഗ്യത സംഭവിക്കാതിരിക്കാൻ നീക്കവുമായി കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ. തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിൽ യോഗം വെള്ളിയാഴ്ച നടക്കാനിരിക്കെ അഭിഭാഷകൻ മുഖാന്തരം മേയർ വി.വി. രാജേഷിന് അവധി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് സുഗതൻ.

ബി.ജെ.പി. ഭരണസമിതിയ്ക്ക് നിർണായകമായ കൗൺസിൽ യോഗമാണ് വെള്ളിയാഴ്ച നടക്കാൻ പോകുന്നത്. മുമ്പ് നടന്ന രണ്ട് കൗൺസിൽ യോഗങ്ങളിലും ആർ. സുഗതൻ പങ്കെടുത്തിരുന്നില്ല. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ സ്ഥാനത്തിന് അയോഗ്യതയുണ്ടാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ബി.ജെ.പി. ശ്രമം നടത്തുന്നത്.

ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തതിന് സുഗതൻ ഉൾപ്പെടെ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബി.ജെ.പി. കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നാലെ സുഗതൻ ഒഴികെയുള്ളവർ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് ജൂലായ് 14-ന് സുഗതൻ വിയ്യൂർ ജയിലിൽ വെച്ചാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്.

കൗൺസിൽ യോഗം എത്രയുംവേഗം വിളിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു. സുഗതനെതിരെ വിമർശനം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. സുഗതൻ്റെ അവധി അപേക്ഷ മേയർ കൗൺസിലിൽ അംഗീകാരത്തിന് സമർപ്പിക്കും. നിലവിൽ സ്വതന്ത്രൻ്റെ പിന്തുണയോടെ 51 സീറ്റുകളുമായാണ് ബി.ജെ.പി. തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്നത്. സുഗതൻ്റെ കൗൺസിലർ സ്ഥാനത്തിന് കോട്ടംതട്ടുന്നത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കും.