വി.വി. രാജേഷിന്‍റെ ആദ്യയാത്ര മാരാർജി ഭവനിലേക്ക്, വാഹനത്തിന് കർപ്പൂരാരതിയുഴിഞ്ഞ് പ്രവർത്തകർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരഭരണം ബിജെപിയിലേക്ക് എത്തിയ വെള്ളിയാഴ്ച കോർപ്പറേഷൻ കെട്ടിടവും ചുറ്റുപാടും പ്രവർത്തകരുടെ ആഹ്ലാദാരവങ്ങൾ മുഴങ്ങി. മേയറായി വി.വി.രാജേഷും ഡെപ്യൂട്ടി മേയറായി ആശാനാഥും സത്യപ്രതിജ്ഞചെയ്ത ചടങ്ങുകളിൽ കൗൺസിൽ ഹാൾ തിങ്ങിനിറഞ്ഞ് ബിജെപി പ്രവർത്തകരായിരുന്നു. പ്രായമായ സ്ത്രീകളടക്കം വി.വി. രാജേഷിന് ജയ് വിളിച്ച് വിജയം ആഘോഷിച്ചു.

വോട്ടെടുപ്പ് നടക്കുമ്പോൾ മുദ്രാവാക്യം വിളികളുമായി അക്ഷമരായി പുറത്ത് കാത്തുനിന്നു. 51 വോട്ട് നേടി വി.വി. രാജേഷ് മേയറായി എന്ന അറിയിപ്പ് വന്നതോടെ പ്രവർത്തകർ കൗൺസിൽ ഹാളിലേക്ക് ഇരച്ചുകയറി. തുടർന്ന് ചുറ്റിനുംനിന്ന് ഭാരതാംബയ്ക്കും ബലിദാനികൾക്കും ജയ് വിളിച്ചു. വി.വി. രാജേഷിനെ ഷാൾ അണിയിച്ചു. ബിജെപി നേതാക്കൾ വേദിയിലെത്തി രാജേഷിനെ ഷാൾ അണിയിച്ചു.

സത്യപ്രതിജ്ഞാച്ചടങ്ങിന് ബിജെപി നേതാക്കളായ കരമന ജയൻ, എസ്.സുരേഷ്, സി.ശിവൻകുട്ടി, ചെങ്കൽ രാജശേഖരൻ തുടങ്ങിയവരും എത്തിയിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമ്പോൾ പുറത്ത് പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തുമാണ് പ്രവർത്തകർ ആഘോഷിച്ചത്. കോർപ്പറേഷൻ കെട്ടിടത്തിൽ പ്രധാനമന്ത്രി മോദിയുടെയും രാജേഷിന്റെയും ആശാനാഥിന്റെയും ഫ്ളക്‌സുകളും ഉയർത്തി.

സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുശേഷം വൈകീട്ട് സ്വീകരണത്തിനായി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിലേക്കായിരുന്നു വി.വി. രാജേഷിന്റെ ആദ്യയാത്ര. മേയറുടെ വാഹനത്തിന് കർപ്പൂരാരതി ഉഴിഞ്ഞശേഷമാണ് വാഹനം മുന്നോട്ടെടുത്തത്‌.

Content Highlights: Trivandrum Corporation under BJP control! New Mayor V.V. Rajesh & Deputy Mayor Asha Nath sworn in amidst massive celebrations.