വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും രണ്ടുതരം ഫലകങ്ങള്‍; ആയുര്‍വേദ കോളജില്‍ നടന്നത്

തിരുവനന്തപുരം: ആയുർവേദ കോളേജിലെ വിവാദമായ ‘കോൺവൊക്കേഷൻ’ ചടങ്ങിൽ വിദ്യാർഥികൾക്കു വിതരണംചെയ്തത് രണ്ടുതരം ഫലകങ്ങൾ. കോഴ്സ് ജയിച്ച കുട്ടികൾക്കും തോറ്റ കുട്ടികൾക്കും വെവ്വേറെ ഫലകങ്ങളാണ് സംഘാടകർ വേദിയിൽവച്ചു നൽകിയത്. ‘അഥാസ്ത്ര’ എന്നറിയപ്പെടുന്ന 2016 ബി.എ.എം.എസ്. ബാച്ച് വിദ്യാർഥികളുടെ ഹൗസ് സർജൻസ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാർഥിയുടെ ഫോട്ടോ പതിച്ച പ്രസ്താവനയും ഒരു മെഡലുമാണ് ഫലകത്തിലുള്ളത്. വിജയിച്ചവരുടെ ഫലകത്തിൽ സർട്ടിഫിക്കറ്റ് ഓഫ് ഗ്രാജുവേഷൻ എന്നും ഫോട്ടോയുടെ താഴെ കോഴ്സ് വിജയകരമായി പൂർത്തിയാക്കി ബി.എ.എം.എസ്. സർട്ടിഫിക്കറ്റിനു യോഗ്യത നേടി എന്നും വ്യക്തമായി പറയുമ്പോൾ തോറ്റ കുട്ടികൾക്കു നൽകിയ ഫലകത്തിൽ സർട്ടിഫിക്കറ്റ് എന്നു മാത്രവും ഫോട്ടോയുടെ താഴെ 2016 അഥാസ്ത്ര ബാച്ചിന്റെ ഭാഗമായി പഠിച്ചിരുന്നുവെന്നുമാണ് എഴുതിയിരിക്കുന്നത്. സർവകലാശാലയുടെ സീലോ കോളേജ് അധികൃതരുടെയോ പ്രിൻസിപ്പലിന്റെയോ വൈസ് ചാൻസലറുടെയോ പേരോ ഒപ്പോ ഒന്നും ഇതിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ഉയർന്നുവന്ന വിവാദത്തിൽ ഒരു കഴമ്പുമില്ലെന്നാണ് ആയുർവേദ കോളേജ് അധികൃതരുടെ വാദം.
എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള ചടങ്ങിന് കോളേജിനോ ആരോഗ്യ സർവകലാശാലയ്ക്കോ മെഡിക്കൽ കൗൺസിലിനോ ബന്ധമില്ല. ഔദ്യോഗികമായി ബിരുദ സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിലുണ്ടായിരുന്നില്ല. സൗഹൃദക്കൂട്ടായ്മയുടെ ഓർമ്മയ്ക്ക് സഹപാഠികൾതന്നെ നൽകുന്നതാണ് ഫലകമെന്നും വിദ്യാർഥികൾ പറയുന്നു.
നാലു ദിവസമായി കോളേജിൽ നടത്തിയ അഥാസ്ത്ര ബാച്ചിന്റെ വിടപറയൽച്ചടങ്ങിന്റെ അവസാന ദിവസമാണ് ഫലകവിതരണം നടന്നത്. ചടങ്ങിലേക്ക് അതിഥികളെ ക്ഷണിച്ചതും പ്രോഗ്രാം ചാർട്ട് തയ്യാറാക്കിയതും വിതരണം ചെയ്യാനുള്ള ഫലകങ്ങൾ തയ്യാറാക്കിയതും വിദ്യാർഥികൾതന്നെയായിരുന്നു. ആരോഗ്യസർവകലാശാലാ വൈസ് ചാൻസലറെ മാത്രമാണ് കോളേജ് അധികൃതർ ക്ഷണിച്ചത്.
അനൗപചാരികമായി നടന്ന പരിപാടിയിൽ, തോറ്റ ഏഴു വിദ്യാർഥികൾ പങ്കെടുത്തതോടെയാണ് വിവാദമായത്. ഇവർക്ക് അനധികൃതമായി ബിരുദ സർട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്ന പ്രചാരണമാണ് വിവാദത്തിനു വഴിയൊരുക്കിയത്. വിവാദത്തെത്തുടർന്ന് ഫലകങ്ങൾ തിരികെവാങ്ങി. മുൻകാലങ്ങളിൽ തോൽവി പതിവില്ലായിരുന്നതിനാൽ എല്ലാ വിദ്യാർഥികളും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഈയിടെയായി ഏതാനും വിദ്യാർഥികൾ തോൽക്കാറുണ്ട്. തോറ്റ കുട്ടികൾ പങ്കെടുക്കുന്ന കാര്യം വൈസ് ചാൻസലറും കോളേജ് പ്രിൻസിപ്പലും മുതിർന്ന അധ്യാപകരും ആശുപത്രി സൂപ്രണ്ടും ഉൾപ്പെടെയുള്ളവർ അറിഞ്ഞില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
Content Highlights: thiruvananthapuram ayurveda college convocation controversy its fake says students association