തിരുവനന്തപുരം നഗരമേഖലകളിൽ അടപടലം തകർന്ന് എൽഡിഎഫ് സംപൂജ്യരായി; കരുത്തുകാട്ടി എൻഡിഎയും യു.ഡി.എഫും

#ന്യൂസ് ഡെസ്ക്
തിരുവനന്തപുരത്ത് സ്ഥാപിച്ച ഒരു ഫ്‌ളക്‌സ് ബോര്‍ഡ് |ഫോട്ടോ:PTI
തിരുവനന്തപുരത്ത് സ്ഥാപിച്ച ഒരു ഫ്‌ളക്‌സ് ബോര്‍ഡ് |ഫോട്ടോ:PTI

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പുഫലം യു.ഡി.എഫിന് അനുകൂലമാകുമെന്ന എക്സിറ്റ് പോളുകൾ തള്ളിക്കളയാൻ ഇടതുമുന്നണി നേതാക്കൾക്ക് കഴിഞ്ഞതിന് ഒരു കാരണം തലസ്ഥാനജില്ല കൂടെനിൽക്കുമെന്ന ഉറച്ച വിശ്വാസമാണ്. നഗരമേഖലയിലെ മൂന്ന് സീറ്റുകൾ ഉറപ്പായും നേടുമെന്നായിരുന്നു എൽ.ഡി.എഫ്. കരുതിയിരുന്നത്. ഫലം വന്നപ്പോൾ സംഭവിച്ചത് തിരിച്ചും. കൈയിലിരുന്ന നാല് മണ്ഡലങ്ങളും നഷ്ടപ്പെടുത്തി എൽ.ഡി.എഫ്. നഗരത്തിൽ സംപൂജ്യരായി. ഈ മണ്ഡലങ്ങൾ രണ്ടെണ്ണം വീതം യു.ഡി.എഫും എൻ.ഡി.എ.യും നേടി. സംസ്ഥാനത്തെ മന്ത്രിയെയും മുൻമന്ത്രിയെയും മുൻ കേന്ദ്രമന്ത്രിമാർ തകർത്തപ്പോൾ മുൻ മേയറും നടനും യു.ഡി.എഫിന്റെ തലമുതിർന്ന നേതാക്കൾക്കു മുന്നിൽ അടിയറവ് പറഞ്ഞു.

ഭരണസിരാകേന്ദ്രമുൾപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നീ നാല് മണ്ഡലങ്ങളാണുള്ളത്. ഇതിൽ തുല്യശക്തിയുള്ളവരായിരുന്നു എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികൾ. എന്നാൽ, വർഷങ്ങൾക്കുമുൻപ് ബി.ജെ.പി. തങ്ങളുടേതായ സ്ഥാനമുറപ്പിച്ചിരുന്നു. ചിട്ടയായ പ്രവർത്തനങ്ങളോടെ നടത്തിയ ഈ മുന്നേറ്റത്തിന്റെ ഫലം പത്തുവർഷം മുൻപ് നേമത്തുനിന്ന് സംസ്ഥാനത്തെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പിന്റെ രൂപത്തിൽ അവർക്ക് ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമത്ത് രണ്ടാം സ്ഥാനത്ത് എത്താനേ ബി.ജെ.പി.ക്ക് കഴിഞ്ഞുള്ളൂ.

കഴക്കൂട്ടത്തും 2021-ൽ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി. കൃത്യമായ ആസൂത്രണത്തോടെയാണ് ഇത്തവണ ഇറങ്ങിയത്. കണക്കുകൂട്ടലുകളുമായി തന്നെയായിരുന്നു യു.ഡി.എഫിന്റെയും പടയൊരുക്കം. നാല് മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർഥികളെ തന്നെയിറക്കി. എന്നാൽ, ഇതിനെയെല്ലാം പൊളിക്കാമെന്നതായിരുന്നു എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. കഴക്കൂട്ടവും നേമവും വട്ടിയൂർക്കാവും വിജയിക്കാമെന്നും സെൻട്രലിൽ രണ്ടാം സ്ഥാനത്ത് എത്താമെന്നുമായിരുന്നു ഇടതുമുന്നണി കരുതിയിരുന്നത്.

2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ കണക്കെടുത്താൽ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം എന്നിവിടങ്ങളിൽ എൻ.ഡി.എ.യായിരുന്നു ഒന്നാമത്. തിരുവനന്തപുരത്ത് യു.ഡി.എഫും ഒന്നാമതെത്തി. തദ്ദേശ തിരഞ്ഞെടുപ്പിലും എൻ.ഡി.എ. മികച്ച പ്രകടനം കാഴ്ചവെച്ചു. കോർപ്പറേഷൻ ഭരണവും അവർക്ക് ലഭിച്ചു. നാലിടങ്ങളിലുമായി 47 വാർഡുകളാണ് എൻ.ഡി.എ.ക്ക് ലഭിച്ചത്. എന്നാൽ ഈ നേട്ടം ഇത്തവണ നിയമസഭയിൽ ആവർത്തിക്കാൻ അവർക്കായില്ല. പക്ഷേ, എൻ.ഡി.എ.യും അതോടൊപ്പം യു.ഡി.എഫും നഗരത്തിൽ ശക്തി ചോർന്നിട്ടില്ലെന്ന് തെളിയിച്ചു. ഇടതുമുന്നണി അടപടലം തകർന്നു.

നഗരത്തിലെ നാല് മണ്ഡലളിലെയും ഇത്തവണത്തെ വോട്ടുനില

തിരുവനന്തപുരം

ഘടകകക്ഷിയായ സി.എം.പി.ക്ക് നൽകിയ മണ്ഡലത്തിൽ ആദ്യം മുതലേ യു.ഡി.എഫ്. വിജയം പ്രതീക്ഷിച്ചിരുന്നു. തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ആന്റണി രാജു മാറിയപ്പോൾ അവസാനനിമിഷമാണ് സുധീർ കരമന ഇവിടെ എൽ.ഡി.എഫ്. സ്ഥാനാർഥിയായത്. ബി.ജെ.പി.ക്കായി കരമന ജയനുമെത്തി. 9863 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി. ജോൺ ഇവിടെ വിജയിച്ചത്. മിക്ക റൗണ്ടുകളിലും സി.പി. ജോൺ തന്നെയായിരുന്നു മുന്നിൽ. വിവിധ അസോസിയേഷനുകൾ, വ്യാപാരിസംഘടനകൾ എന്നിവയെല്ലാം നിർണായകസ്വാധീനം ചെലുത്തിയ മണ്ഡലമായിരുന്നു തിരുവനന്തപുരം.

ഇടതുപക്ഷത്തിനിവിടെ ശക്തമായ സംഘടനാടിത്തറയുണ്ടെങ്കിലും അത് മുഴുവൻ വോട്ടായി മാറിയില്ല. സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവവും സ്വാധീനിക്കുന്ന മണ്ഡലമാണിത്. ഇത്തവണയും അത് പ്രതിഫലിച്ചുവെന്നുവേണം, കരുതാൻ. പത്മനാഭസ്വാമി ക്ഷേത്രപരിസരം ഉൾക്കൊള്ളുന്ന നഗരഹൃദയമേഖലകളിൽ ബി.ജെ.പി. ലീഡ് നേടി. ഇതിന്റെ അടിസ്ഥാനത്തിൽ ചില ഘട്ടങ്ങളിൽ കരമന ജയൻ ലീഡ് നേടുകയും ചെയ്തു. അവസാനനിമിഷമാണ് സ്ഥാനാർഥിയായി എത്തിയതെങ്കിലും കനത്ത മത്സരം തന്നെയാണ് സുധീർ കരമനയും കാഴ്ചവെച്ചത്.

വട്ടിയൂർക്കാവ്

ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന നിശ്ചയത്തോടെയാണ് കെ. മുരളീധരൻ യു.ഡി.എഫിനായി വട്ടിയൂർക്കാവിലെത്തിയത്. വി.കെ. പ്രശാന്ത് കനത്ത മത്സരം കാഴ്ചവെച്ചെങ്കിലും ഒടുവിൽ 5425 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുരളീധരൻ വിജയിയായി. വിജയിക്കുമെന്നുറപ്പിച്ചെത്തിയ ബി.ജെ.പി. സ്ഥാനാർഥി ആർ. ശ്രീലേഖ മൂന്നാമതായി. സമുദായസമവാക്യങ്ങൾ ശക്തമായ മണ്ഡലമാണ് വട്ടിയൂർക്കാവ്.

ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളെല്ലാം ഇവിടെ വോട്ടുബാങ്കുകളാണ്. ഇവരുടെയെല്ലാം പിന്തുണയോടെയാണ് വി.കെ. പ്രശാന്ത് രണ്ട് തവണ എം.എൽ.എ.യായിരുന്നത്. എന്നാൽ, മുരളീധരനിലൂടെ ഇത് തകർക്കാനിറങ്ങിയ യു.ഡി.എഫ്. വിജയിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് വട്ടിയൂർക്കാവ് സാക്ഷ്യം വഹിച്ചത്. ആദ്യറൗണ്ടുകളിൽ ലീഡ് പ്രശാന്തിനായിരുന്നു. എന്നാൽ പാതിരപ്പള്ളി, ചെട്ടിവിളാകം മേഖലകളിൽ എത്തിയപ്പോൾ യു.ഡി.എഫ്. ലീഡ് നേടി. ശാസ്തമംഗലം മേഖല പ്രശാന്തിനൊപ്പം നിലകൊണ്ടപ്പോൾ പട്ടം, നന്തൻകോട് മേഖലകളിൽ മുരളി മുന്നിലെത്തി. ഒരുഘട്ടത്തിൽ വിജയം ആർക്കെന്ന് സംശയമുയർന്നു.

അവസാനം കണ്ണമ്മൂലയും യു.ഡി.എഫിനൊപ്പം നിന്നപ്പോൾ യു.ഡി.എഫ്. വിജയത്തിലെത്തി. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം വളരെ പ്രതീക്ഷയോടെ വന്ന ആർ. ശ്രീലേഖ ഒരുഘട്ടത്തിലും ഇരുമുന്നണികൾക്കും ഭീഷണിയായില്ല എന്നതാണ്.

നേമം

തുടക്കം മുതൽ ലീഡ് നിലനിർത്തിയ ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 4978 വോട്ടുകൾക്കാണിവിടെ വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെയുള്ള 22 വാർഡുകളിൽ 17 എണ്ണത്തിലും ബി.ജെ.പി.യാണ് നേമത്ത് വിജയിച്ചത്. ഈ മികവ് നിയമസഭയിൽ ബി.ജെ.പി.ക്ക് ആവർത്തിക്കാനായില്ല. തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ഇവിടെ 8852 വോട്ടുകളുടെ ലീഡുണ്ടായിരുന്നു. ഇത് ഏകദേശം പകുതിയായി കുറഞ്ഞു.

ആറ്റുകാൽ, പൂജപ്പുര, തൃക്കണ്ണാപുരം, നേമം, കരമന ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ ബി.ജെ.പി. മികച്ച രീതിയിൽ വോട്ടുകൾ നേടി. എന്നാൽ അമ്പലത്തറയടക്കമുള്ള സ്ഥലങ്ങളിൽ ഇടതുപക്ഷത്തിനായിരുന്ന നേട്ടം. ഹിന്ദു, മുസ്ലിം വോട്ടർമാർ നിർണായകമാകുന്ന മണ്ഡലമാണ് നേമം. ന്യൂനപക്ഷമേഖലകളിൽ ഇടതുപക്ഷമാണ് ഇത്തവണ നേട്ടമുണ്ടാക്കിയത്. കോൺഗ്രസിന്റെ യുവനേതാവ് കെ.എസ്. ശബരീനാഥൻ ഒരു ഘട്ടത്തിലും മുന്നിലെത്തിയില്ല. കൂടുതലും രാജീവ് ചന്ദ്രശേഖർ മുന്നിട്ടുനിന്നെങ്കിലും ചിലപ്പോൾ മാത്രം ശിവൻകുട്ടി ലീഡ് നേടി. എന്നാൽ സ്ഥിരം പോയന്റുകളിലെ ബി.ജെ.പി.യുടെ മുന്നേറ്റം രാജീവിന്റെ വിജയമുറപ്പിച്ചു.

കഴക്കൂട്ടം

ഇഞ്ചോടിഞ്ച് പോരാട്ടത്തിനുശേഷം ശരിക്കും ഫോട്ടോ ഫിനിഷിലാണ് വി. മുരളീധരൻ കഴക്കൂട്ടത്ത് സി.പി.എമ്മിന്റെ കടകംപള്ളി സുരേന്ദ്രനെ 428 വോട്ടുകൾക്ക് തോൽപ്പിച്ചത്. കോൺഗ്രസിനായി ശരത്ചന്ദ്രപ്രസാദും മത്സരിച്ചു. കഴക്കൂട്ടത്ത് ഇത്തവണ വിജയിക്കുമെന്ന് ഉറപ്പിച്ചായിരുന്നു ബി.ജെ.പി.യുടെ പ്രവർത്തനങ്ങൾ. എന്നാൽ മണ്ഡലവുമായുള്ള ബന്ധം വിജയം നൽകുമെന്ന് കടകംപള്ളിയും പ്രതീക്ഷിച്ചു. ഇതിനനുസരിച്ചായിരുന്നു ആദ്യ റൗണ്ടുകളിലെ ഫലസൂചനകളും. കഴക്കൂട്ടം ഭാഗത്തെ വോട്ടുകളായിരുന്നു ആദ്യമെണ്ണിയത്.

തുടർന്നുള്ള എട്ട് റൗണ്ടുകളിൽ കടകംപള്ളി ലീഡ് നേടി. തദ്ദേശതിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് 14 വാർഡുകളിൽ ബി.ജെ.പി.യും 12 എണ്ണത്തിൽ സി.പി.എമ്മുമാണ് വിജയിച്ചത്. എന്നാൽ ഇത്തവണ സി.പി.എം. ശക്തികേന്ദ്രങ്ങളായ ചന്തവിള, പൗഡിക്കോണം, കാട്ടായിക്കോണം എന്നിവിടങ്ങളിൽ അവർ ലീഡ് നിലനിർത്തി. ആകെ 18 റൗണ്ടുകളാണ് ഉണ്ടായിരുന്നത്. പതിനാറാം റൗണ്ട് മുതലാണ് സി.പി.എമ്മിന് വോട്ടുകൾ കുറഞ്ഞുതുടങ്ങിയത്. പതിനേഴാം റൗണ്ടിൽ മുരളീധരൻ 619 വോട്ടുകളുടെ ലീഡ് നേടി. അവസാനറൗണ്ടിൽ 163 വോട്ടുകളുടെ ലീഡ് നേടിയതോടെ വി. മുരളീധരൻ വിജയിയായി.

പേട്ട, ഉള്ളൂർ, മെഡിക്കൽ കോളേജ്, ഇടവക്കോട് തുടങ്ങിയ മേഖലകളിലാണ് സി.പി.എമ്മിന് വോട്ട് ചോർച്ചയുണ്ടായത്. മണ്ണന്തല മേഖലയിൽ ബി.ജെ.പി. നേട്ടമുണ്ടാക്കി. കൃത്യമായി വർഷങ്ങൾക്ക് മുൻപേ തയ്യാറെടുത്ത് നടപ്പാക്കിയ സോഷ്യൽ എൻജിനിയറിങ് വിജയത്തിന് സഹായകരമായെന്നാണ് ബി.ജെ.പി. വൃത്തങ്ങൾ പറയുന്നത്. 46,564 വോട്ടുകളാണ് ഇത്തവണ എൻ.ഡി.എ. നേടിയത്. എൽ.ഡി.എഫ്. 46136 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫിന് ലഭിച്ചത് 37183 വോട്ടുകൾ.

Content Highlights: LDF failed to secure any of the four major urban constituencies in Thiruvananthapuram., UDF and NDA split the four urban seats, marking a significant shift in the capital's political landscape