തിരുവമ്പാടിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞത് കലുങ്കില്‍ ഇടിച്ചശേഷം, ബസിലുണ്ടായിരുന്നത് 40-ഓളംപേര്‍

തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ആനക്കാം പൊയില്‍ കണ്ടപ്പന്‍ചാല്‍ വേലാംകുന്നേല്‍ കമല, ആനക്കാംപൊയില്‍ തോയലില്‍ വീട്ടില്‍ മാത്യൂവിന്റെ ഭാര്യ ത്രേസ്യാമ മാത്യൂ (75) എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിലില്‍ നിന്നും തിരുവമ്പാടിയിലേക്ക് പോയ KL-15 8623 കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്.
ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 40 പേരാണ് അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ പരിക്കേറ്റവര്‍ മുക്കത്തെ വിവിധ ആശുപത്രികളിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ എട്ടുപേരും ലിസ ആശുപത്രിയില്‍ 15 പേരും കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ രണ്ടുപേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടുപേരുമാണ് ചികിത്സയില്‍ ഉള്ളത്.
ബസ്സിന് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് പുഴയിലേക്ക് മറിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. പാലത്തിന്റെ കൈവരി തകര്‍ന്ന് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നില്ല എന്നാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നത്. അപകടം നടന്ന വിവരം അറിഞ്ഞയുടന്‍ സംഭവ സ്ഥലത്ത് എത്തിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ട് ക്രെയിന്‍ ഉപയോഗിച്ച് കെട്ടിവലിച്ചാണ് ബസ് ഉയര്‍ത്തിയത്. മുഴുവന്‍ ആളകളേയും കണ്ടെടുത്തതോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു.
Content Highlights: thiruvambady bus accident ksrtc bus two died