അടുത്ത തിരുനാവായ കുംഭമേളയിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കും; 50 ദിവസം നീളുന്ന മഹോത്സവം

കോട്ടയ്ക്കൽ: കേരളത്തിന്റെ കുംഭമേളയായി ശ്രദ്ധനേടിയ തിരുനാവായ മഹാമാഘമഹോത്സവം 2027-ൽ കൂടുതൽ വിപുലമായി നടത്തും. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളെ പങ്കെടുപ്പിച്ച് 50 ദിവസം നീളുന്ന മേളയെക്കുറിച്ചാണ് ഇത്തവണ ആലോചിക്കുന്നതെന്ന് മഹോത്സവത്തിന്റെ സംഘാടനത്തിനു നേതൃത്വംനൽകുന്ന സന്യാസിസമൂഹമായ ‘ജുനാ അഖാഡ’യുടെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ‘മാതൃഭൂമി’യോടു പറഞ്ഞു.
2027 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന മഹാമാഘത്തിന്റെ ആദ്യ ആലോചനായോഗം 19-നു രാവിലെ 11-ന് തിരുനാവായ നാവാമുകുന്ദ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരും.
അധികം വൈകാതെ വിപുലമായ സ്വാഗതസംഘം രൂപവത്കരിക്കും.തീർഥരാജ് പ്രയാഗിൽ എല്ലാവർഷവും നടന്നുവരുന്നതിനു സമാനമായി പൂർണമായുള്ള മാഘാചരണമാണ് ഈ മാഘം മുതൽ തിരുനാവായയിലും ഉദ്ദേശിക്കുന്നതെന്ന് സ്വാമി ആനന്ദവനം പറഞ്ഞു.
മകരസംക്രമത്തിനു തുടങ്ങി ശിവരാത്രിക്ക് അവസാനിക്കുന്ന തരത്തിൽ 50 ദിവസം നീണ്ടുനിൽക്കുന്ന 2027 മഹാമാഘ മഹോത്സവത്തിൽ ശങ്കരാചാര്യന്മാരും വിവിധ അഖാഡകളുടെ മഹാമണ്ഡലേശ്വർമാരും പങ്കെടുക്കും. കഴിഞ്ഞതവണ 19 രാപകലുകളിലായി നടന്ന മേളയ്ക്ക് പ്രതീക്ഷിച്ചതിനെക്കാൾ ജനങ്ങളെത്തിയിരുന്നു. ഫെബ്രുവരി 22-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്തി’ൽ തിരുനാവായ കുംഭമേളയെക്കുറിച്ച് വിശദമായിത്തന്നെ പരാമർശിച്ചിരുന്നു.
ഓർമ്മകളുടെ ഉണർത്തലും സംസ്കാരത്തിന്റെ വീണ്ടെടുപ്പുമാണ് തിരുനാവായ മാഘമഹോത്സവമെന്ന് മോദി പറഞ്ഞിരുന്നു.
Content Highlights: Thirunavaya Maha Magham 2027 will be a grand 50-day festival from Makara Sankranti to Shivaratri., Juna Akhada's Mahamandaleshwar Swami Anandanavana Bharati announced plans to invite the Prime Minister and other dignitaries., The first consultative meeting is scheduled for the 19th at the Thirunavaya Navamukunda Temple auditorium., Modi previously praised the Thirunavaya Kumbh Mela in his Mann Ki Baat address.