രാമാ… രാമരാജാവേ.. തേക്കിൻകാടിനെ ആവേശകടലാക്കി ഏകച്ഛത്രാധിപതിയുടെ മാസ്സ് എൻട്രി

തൃശ്ശൂർ: രാമാ രാമരാജാവേ… ആലപ്പുഴയിൽ നിന്നെത്തിയ ഒരു കൊച്ചു കുരുന്നിന്റെ ആവേശം മുഴുവൻ ചെമ്പുകാവ് ഭഗവതിയുടെ തിടമ്പേറ്റി നിൽക്കുന്ന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനിലാണ്. തേക്കിൻകാട് മൈതാനത്തെ ആവേശക്കടലാക്കിമാറ്റിയ ഏകച്ഛത്രാധിപതിയെ കാണാൻ മാത്രം ദൂരദേശങ്ങളിൽ നിന്നുപോലും എത്തിച്ചേർന്ന കുടുംബങ്ങളുണ്ട്.
ചെമ്പുക്കാവ് ഭഗവതിയുടെ ഘടകപൂരം എട്ടേമുക്കാലോടെ വടക്കുംനാഥനിലെത്തി പത്ത് മണിയോടെയാണ് തെക്കേ ഗോപുര നടവഴി പുറത്തിറങ്ങിയത്. ആ നേരംകൊണ്ട് ഒരു ജനസാഗരംതന്നെ രാമനെ കാണാൻ അവിടെ തടിച്ചുകൂടിയിരുന്നു. പൊള്ളുന്ന ചൂടിനും വെയിലിനും മുകളിൽ നിൽക്കുന്ന രാമനെന്ന വികാരം അക്ഷരാർത്ഥത്തിൽ അനുഭവിച്ചറിഞ്ഞ നിമിഷം. എല്ലാ ക്യാമറക്കണ്ണുകളും ഒരേ ദിശയിൽ ഒരേരേഖയിൽ തിരിഞ്ഞ നിമിഷം. തൃശൂർ പൂരത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് തിടമ്പേറ്റി നിൽക്കുന്ന ഈ ഗജവീരൻ തന്നെയാണ്. മേളം കഴിഞ്ഞ് രാമൻ നീങ്ങിയതോടെ മൈതാനവും ഒഴിഞ്ഞു.
കഴിഞ്ഞദിവസം ഒരു പൂരപ്രേമി പറഞ്ഞത് വെയിൽ ഒന്നും ഒന്നുമല്ല, പൂരം എന്നുപറഞ്ഞാൽ ഒരു വികാരം അല്ലേ എന്നായിരുന്നു. അത് ശരിവയ്ക്കുന്ന കാഴ്ചയായിരുന്നു ഇന്നലത്തെക്കാൾ കനത്ത ചൂട് അനുഭവപ്പെട്ട ഈ ഞായറാഴ്ച്ച ആ മൈതാനത്തേക്ക് എത്തിച്ചേർന്ന കുടുംബങ്ങളും കുട്ടികളും അടക്കമുള്ള ജനങ്ങൾ.
തിരുവമ്പാടിയുടെ മഠത്തിൽ വരവ് മേളപ്പെരുക്കം തീർക്കുമ്പോൾ ആവേശക്കടലായി മാറുന്നു മേളപ്രേമികൾ. കോങ്ങാട് മധു ആണ് മഠത്തിൽ വരവിന്റെ പ്രമാണി. അത് കഴിയുമ്പോഴേക്കും ശ്രീമൂലസ്ഥാനത്തെ ഇലഞ്ഞിത്തറ ചുവട്ടിൽ ഇലഞ്ഞിതറ മേളം കൊഴുക്കും. കിഴക്കൂട്ട് അനിയൻ മാരാർ ആണ് പ്രമാണി. ഇലഞ്ഞിത്തറ മേളം അവസാനിക്കുന്നത്തോടെ കണ്ണും കാതും തെക്കേ ഗോപുര നടയിലേക്കാകും. അവിടെയാണ് ചരിത്ര പ്രസിദ്ധമായ കുടമാറ്റം നടക്കുന്നത്. അപ്പോഴേക്കും മൈതാനം പൂഴി വാരിയെറിഞ്ഞാൽ പോലും നിലത്തുവീഴാത്ത വിധം ജനങ്ങളേക്കൊണ്ട് നിറയും. നാളെ എല്ലാ പത്രങ്ങളുടെയും മുഖചിത്രമാകാൻ പോകുന്ന ആ പെർഫെക്ട് ക്ലിക്ക് ലഭിക്കുന്നത് ഈ കാഴ്ചയിലാണ്.
Content Highlights: Thechikottukavu Ramachandran's grand arrival at Thekkinkadu Maidan., Massive public turnout despite extreme heat., Details on Mathathil Varavu and Ilanjithara Melam., Anticipation for the historic Kudamattom ceremony.