തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി; കര്‍ശന ഉപാധികള്‍

തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി. കര്‍ശന ഉപാധികളോടെ തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ എഴുന്നള്ളത്തിന് ഇറക്കാനാണ് തൃശ്ശൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുമതി നല്‍കിയത്. നാട്ടാന പരിപാലനചട്ട പ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് അനുമതി.
കര്‍ശന ഉപാധികളോടെ മാത്രമേ ആനയെ ഉത്സവത്തിനിറക്കാന്‍ പാടുള്ളുവെന്നും ഉത്തരവില്‍ പറയുന്നു. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ആഴ്ചയില്‍ രണ്ട് പരിപാടികള്‍ക്ക് ആനയെ പങ്കെടുപ്പിക്കാം. നാല് പാപ്പാന്‍മാരുടെ മേല്‍നോട്ടം ഉണ്ടാകണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
തൃശ്ശൂര്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഉഷാറാണിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഫെബ്രുവരി എട്ടിന് ആനയെ പരിശോധിച്ചിരുന്നു.
നിബന്ധനകള്‍ കര്‍ശനമായി പാലിക്കാമെന്ന് ആനയുടെ ഉടമകളില്‍ നിന്ന് മുദ്രപത്രത്തില്‍ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് ഉത്സവങ്ങള്‍ക്ക് ഇറക്കുക. ഇതോടെ തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പൂരങ്ങളില്‍ ഏറെ ആരാധകരുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എഴുന്നള്ളിപ്പിന് ഇറങ്ങിയേക്കും.
content highlights: Thechikkottu Ramachandran got permission to attend temple festivals
Content Highlights: