ചന്ദ്രബോസ് വധം; ശിക്ഷയ്‌ക്കെതിരേ മുഹമ്മദ് നിഷാം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു

#ബി. ബാലഗോപാല്‍/ മാതൃഭൂമി ന്യൂസ്
മുഹമ്മദ് നിഷാം, സുപ്രീം കോടതി | Photo: Mathrubhumi
മുഹമ്മദ് നിഷാം, സുപ്രീം കോടതി | Photo: Mathrubhumi

ന്യൂഡല്‍ഹി: തൃശ്ശൂരിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷയ്‌ക്കെതിരേ മുഹമ്മദ് നിഷാം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് നോട്ടീസ് അയച്ചത്. 

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി നിഷാം ജയിലില്‍ കഴിയുകയാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും അഭിഭാഷകന്‍ ഹാരിസ് ബീരാനും കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്  ജാമ്യം അനുവദിക്കണമെന്ന നിഷാമിന്റെ ആവശ്യത്തിലും സുപ്രീംകോടതി നോട്ടീസയച്ചു.

ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്. നിഷാമിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജിയില്‍ നേരത്തേ സുപ്രീംകോടതി നോട്ടീസയച്ചിരുന്നു.

Content Highlights: the supreme court issued a notice on the petition filed by mohammad nisham against the punishment