2006-ൽ കെഎസ്യു, 2022-ൽ യൂത്ത് കോൺ. അധ്യക്ഷൻ, 2024-ൽ എംഎൽഎ, ഒടുവിൽ പതനം; ചുവടുതെറ്റി രാഹുൽ

തിരുവനന്തപുരം: 2006-ല്‍ കെഎസ്യുവിൽ അംഗത്വമെടുത്ത രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വളര്‍ച്ച പൊടുന്നനെ ആയിരുന്നു. 16-ാം വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. 18-ാം വര്‍ഷം എംഎല്‍എയും. നോക്കിനില്ക്കേയുള്ള ഈ വളര്‍ച്ച താഴെത്തട്ടിലുള്ള പ്രവര്‍ത്തനത്തെക്കാളുപരി ചര്‍ച്ചകളില്‍ എതിരാളികളെ അരിഞ്ഞിടാനുള്ള നാവിന്റെ മൂര്‍ച്ചയുടെ ബലത്തിലായിരുന്നു. ഒടുവില്‍ അതേ നാവുതന്നെ അദ്ദേഹത്തിന്റെ വീഴ്ചയ്ക്കും കാരണമായി.
ചാനല്‍ ചര്‍ച്ചകളും സൈബര്‍ ഇടങ്ങളുമായിരുന്നു യുവനേതാവായി ഉയര്‍ന്ന രാഹുലിന്റെ പ്രിയപ്പെട്ട ഇടം. ചാനല്‍ ഫ്ളോറുകളിലും സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലും അദ്ദേഹം വിരുത് കാണിച്ചു. ഇതിലൂടെ ലഭിച്ച താരപരിവേഷമാണ് ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് രാഹുലിനെ എത്തിച്ചത്.
എ ഗ്രൂപ്പിലായിരുന്നു തുടക്കമെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ അവസാനകാലമായതോടെ ആ ഗ്രൂപ്പിന് പഴയ പ്രതാപം നഷ്ടമായി. ടി. സിദ്ദിക്കും ഷാഫിയും രാഹുലുമടക്കമുള്ളവര്‍ പഴയ എ ഗ്രൂപ്പില്‍ നിന്നകന്നു. കോണ്‍ഗ്രസിലും തലമുറമാറ്റം വന്നു. പുതിയ നേതൃത്വത്തിന്റെ പിന്നില്‍ എ ഗ്രൂപ്പുമായി അകന്നവര്‍ അണിനിരന്നു.
വടകര ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.കെ. ഷൈലജയെ നേരിടാന്‍ ആരുണ്ടെന്ന ചോദ്യം എംഎല്‍എയായ ഷാഫി പറമ്പിലില്‍ ചെന്നെത്തിയത് പുതുതലമുറയിലുള്ള നേതൃത്വത്തിന്റെ വിശ്വാസം കൊണ്ടായിരുന്നു. പോരാട്ടം ജയിച്ചതോടെ പാര്‍ട്ടിയിലെ പുതുതലമുറയ്ക്ക് മുതിര്‍ന്ന നേതാക്കളുടെ മേല്‍ പ്രാമാണിത്വം ലഭിച്ചു തുടങ്ങി. താന്‍ ഒഴിഞ്ഞ പാലക്കാട് സീറ്റില്‍ രാഹുലിനെ മത്സരിപ്പിക്കണമെന്ന വാശി ഷാഫി പറമ്പിലിന്റേതായിരുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വറുമായുള്ള ചര്‍ച്ചയുടെ വാതില്‍ അടഞ്ഞുവെന്ന് വി.ഡി. സതീശന് പ്രഖ്യാപിച്ചതിനുശേഷവും രാത്രിയില്‍ അന്‍വറിനെ വീട്ടില്‍പ്പോയി രാഹുല്‍ കണ്ടത് നേതൃത്വം കടുത്ത അച്ചടക്കലംഘനമായാണ് കണ്ടത്. ഇത് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തി.
വയനാട് ദുരന്തത്തിന്റെ പേരിലുള്ള ഫണ്ടിനെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ത്തന്നെ വിമര്‍ശനം ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്റെ വിമര്‍ശത്തിനുള്ള മറുപടി അഹങ്കാരത്തിന്റെ ഭാഷയിലാണെന്ന പരാതി ഉയർന്നു. അധികംവൈകാതെ രാഹുലിനെതിരേ ഒന്നിനുപിന്നാലെ ഒന്നായി ആരോപണങ്ങൾ ഉയര്‍ന്നുതുടങ്ങി. തത്കാലം എംഎല്‍എ സ്ഥാനത്തു പിടിച്ചുനില്‍ക്കാമെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും സീറ്റ് കിട്ടുന്നതൊക്കെ ചോദ്യചിഹ്നമാകും.
Content Highlights: From KSU member to Youth Congress President and MLA, Rahul Mankoottathil`s rapid political ascent