ഒരു പത്രം ഏജന്റ് ജീവിതം പറയുമ്പോള്‍
പ്രായം 78 ആയി. മരിക്കുമ്പോള്‍ ഒരു പത്രഏജന്റായി മരിക്കണം. അതുകൊണ്ട് ഇപ്പോഴും ഏജന്‍സി ചെറിയതോതില്‍ തുടരുന്നു ബാലന് പറയുന്നു.

ബീഡി മേഖലയില്‍
എ.കെ.ജി.യുടെ നാട് എന്ന നിലയില്‍ പെരളശ്ശേരിക്ക് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ടായിരുന്നു. അന്നത്തെ രാഷ്ട്രീയം ചൂടുപിടിച്ച ഗ്രാമങ്ങളിലൂടെ രാഷ്ട്രീയവാര്ത്തകളുമായി സഞ്ചരിക്കുന്ന ഏജന്റ് എല്ലാവര്ക്കും പ്രാധാന്യമുള്ള ആള് തന്നെയായിരുന്നു ബാലന് പറയുന്നു. പെരളശ്ശേരി ഷണ്മുഖവിലാസം എല്‍.പി. സ്കൂളില്‍ നിന്ന് അഞ്ചാംക്ലാസില്‍ പഠനം നിര്‍ത്തിയ ശേഷം നേരെ ബീഡിപ്പണിക്ക് ചേര്‍ന്നു. 47 കൊല്ലത്തോളം ആ മേഖലയിലായിരുന്നു. ദീര്‍ഘകാലം സാധുബീഡി ബ്രാഞ്ച് മാനേജരായിരുന്നു. അപ്പോഴും പത്രം ഏജന്‍സി വിട്ടില്ല. ഉത്തരമലബാറില്‍ ബീഡിത്തൊഴിലാളികളുടെയും സി.പി.എമ്മിന്റെയും ശക്തികേന്ദ്രമായ പെരളശ്ശേരിയില്ത്തന്നെയായിരുന്നു പ്രവര്‍ത്തനകേന്ദ്രം. ബീഡിത്തൊഴിലിനിടെ സ്വന്തമായി ബീഡിക്കമ്പനി തുടങ്ങി പരാജയപ്പെട്ട ചരിത്രവും ഉണ്ട് ബാലന്.
പത്രം ഏജന്റാവുന്നു
കടുത്ത കഷ്ടപ്പാടുകളുടെയും ദാരിദ്ര്യത്തിന്റെയും ബാല്യത്തിലാണ് ആദ്യമായി പെരളശ്ശേരയിലേക്ക് 'മാതൃഭൂമി'യുടെ സബ്ഏജന്റായി ബാലന് രംഗത്തുവരുന്നത്. ചൊവ്വയില്‍ പി. കുഞ്ഞിക്കണ്ണന് എന്നയാളിനായിരുന്നു പ്രധാനമായ ഏജന്‍സി. അയാളില്‍നിന്ന് 10 പത്രം എടുത്തുകൊണ്ടുള്ള തുടക്കം. ഒരു പത്രത്തിന് 20 പൈസയാണ്. ഒരു പത്രം വിറ്റാല്‍ രണ്ടു പൈസ കമ്മിഷന്. പക്ഷെ രണ്ടുകൊല്ലം കൊണ്ട് പത്രത്തിന്റെ എണ്ണം നൂറാക്കി മാറ്റി ബാലന്. അന്നു കണ്ണൂര്‍ സ്റ്റേഷന് റോഡിലാണ് 'മാതൃഭൂമി'യുടെ ജില്ലാ ഓഫീസ്.
രാവിലെ ഏഴിന് കണ്ണൂര്‍ കൂത്തുപറമ്പ് റൂട്ടിലോടുന്ന ഇന്ദിരാ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ പത്രത്തിന്റെ ചെറിയ കെട്ട് പെരളശ്ശേരിയില്‍ ഇറക്കും. എല്ലാവരും ദൂരസ്ഥലത്തുള്ളവര്‍. കാടാച്ചിറയിലെ കുഞ്ഞിരാമന് നമ്പ്യാര്‍, കടമ്പൂരിലെ കേളപ്പന് മാസ്റ്റര്‍, ആര്‍വി മെട്ടയിലെ ആബൂട്ടി മാഷ്, വെള്ളച്ചാലിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ബാലകൃഷ്ണന് നമ്പ്യാര്‍, പി.കെ. കുഞ്ഞിരാമന് മാസ്റ്റര്‍, സി.എച്ച്.കെ. നമ്പ്യാര്‍ തുടങ്ങി കുറച്ചുപേര്‍ക്ക് പത്രം എത്തിക്കാന്‍ കിലോമീറ്ററുകള്‍ നടക്കണം. ഈ സ്ഥലങ്ങളില്‍ പത്രം എത്തിച്ചുകഴിയുമ്പോള്‍ രാവിലെ പത്തുമണി കഴിയും.
സൈക്കിളിലേക്ക്
പത്രം വേഗത്തില്‍ എത്തിക്കണമെങ്കില്‍ സൈക്കിള്‍ കൂടിയേ തീരൂ എന്നായി. ചൊവ്വയിലെ കണ്ണന് എന്നയാളിന്റെയടുത്ത് കുറി വെച്ച ശേഷമാണ് ഒരു സൈക്കിള്‍ സംഘടിപ്പിക്കുന്നത്. 'ഈസ്റ്റേണ്‍ സ്റ്റാര്‍' എന്ന സൈക്കിളിന് അന്നു 100 രൂപയാണ് വില. സൈക്കിളുള്ളയാള്ക്ക് നാട്ടില്‍ പ്രത്യേക ഗമ. മണിയടിച്ച് റോഡിലൂടെ രാവിലെ പത്രം കൊണ്ടുപോകുന്നതിന്റെ് ഗമ വേറെയും.
തിരക്കുപിടിച്ച പ്രഭാതങ്ങളാണ് ഒരു ഏജന്റിന്. മേലെ ചൊവ്വയിലെ പ്രധാന ഏജന്റ് കണ്ണന്റെ അസിസ്റ്റന്റായ ടി.വി. ലക്ഷ്മണന് എന്നയാളുണ്ടായിരുന്നു. തന്നെ ഒരുപാട് സഹായിച്ച വ്യക്തിയാണെന്ന് ബാലന് പറയുന്നു. ഒരു ദിവസം രാവിലെ പത്രക്കെട്ട് ബസ്സില്‍ കയറ്റുമ്പോള്‍ അദ്ദേഹം കുഴഞ്ഞുവീണുമരിച്ചു. അതോര്‍ക്കുമ്പോള്‍ ഇന്നും വല്ലാതാവുന്നുവെന്ന് ബാലന് പറയുന്നു.
സ്വന്തമായി സൈക്കിള്‍ കട
പത്രത്തിന്റെ എണ്ണം കൂടുന്നതോടെ ഏജന്സിക്കാരായി കൂടുതല്‍ പേര് വേണമെന്നായി. കുട്ടികള്‍ക്ക് സൈക്കിളും വേണം. അതിനായി പെരളശ്ശേരിയില്‍ ബാലന് ഒരു സൈക്കിള്‍ വാടക-റിപ്പയര്‍ കട തുടങ്ങി. നൂറുകണക്കിന് കുട്ടികള്‍ സൈക്കിള്‍ പഠിച്ചത് അവിടെനിന്നാണ്. ഒരു മുറി ആയതോടെ ചില്ലറ വാര്‍ത്തകളും എഴുതി അയക്കാന്‍ തുടങ്ങി. അന്നു പെരളശ്ശേരിയിലെ സി. ദാമോദരന്‍ നമ്പ്യാര്‍ ആയിരുന്നു ലേഖകന്‍. ചരമവാര്‍ത്തകളും ചെറിയ വാര്‍ത്തകളും എഴുതി അയക്കുന്നത് ബാലന് തന്നെ.
പെരളശ്ശേരിയില്‍ എ.കെ.ജി.യുടെ വീട്ടില്‍ അദ്ദേഹത്തിന്റെ സഹോദരന് എ.കെ. രാഘവന് നമ്പ്യാരാണ് സ്ഥിരമായി ഉണ്ടാവുക. എ.കെ.ജി. ഇടക്കൊക്കെ വരും. പക്ഷെ 'മാതൃഭൂമി' പത്രം ഉണ്ടാവണമെന്ന് എപ്പോഴും പറയും. ഒരിക്കല്‍ അവിടെ പോയപ്പോള്‍ എ.കെ.ജി.ക്ക് നേരിട്ട് പത്രം കൊടുക്കാന്‍ കഴിഞ്ഞതായി ബാലന് ഓര്‍ക്കുന്നു.
സ്വന്തം ബീഡിക്കമ്പനി
തുടക്കത്തില്‍ പത്രം ഏജന്‍സി നടത്തുന്നതിനിടെ സ്വന്തമായി ഒരു ബീഡിക്കമ്പനി തുടങ്ങി ബാലന്. 'രാജാസ്ബീഡി' എന്ന പേരില്‍ 20 പാക്ക് ബീഡിയുമായി പേട്ട ബസ്സില്‍ വിരാജ്പേട്ടയില്‍ കൊണ്ടുപോകും. അവിടെ ആവശ്യക്കാര്‍ ഉണ്ടായിരുന്നു. പക്ഷെ അത് നഷ്ടത്തിലായപ്പോള്‍ സാധുബീഡിയിലേക്ക് തിരിച്ചുപോയി.
തന്റെ കീഴില്‍ ബീഡിപ്പണിയെടുത്തയാള് എം.എല്‍.എ. ആയത് അഭിമാനത്തോടെയാണ് ബാലന് പറയുക. ധര്‍മ്മടം എം.എല്‍.എ. കെ.കെ. നാരായണന് കുറെക്കാലം ബാലന് ബ്രാഞ്ച് മാനേജര്‍ ആയ കമ്പനിയില്‍ ബീഡിപ്പണി ചെയ്തിരുന്നു. മറ്റൊരു ബീഡിത്തൊഴിലാളിയായ എന്‍. രാമകൃഷ്ണനും സഹപ്രവര്‍ത്തകനായിരുന്നു. അദ്ദേഹവും എം.എല്‍.എ.യും മന്ത്രിയും ഒക്കെ ആയി. ബ്രാഞ്ചുകളില്‍നിന്നും ബീഡി കേന്ദ്രങ്ങളിലെത്തിക്കുമ്പോഴുള്ള പരിചയമായിരുന്നു എന്‍.രാമകൃഷ്ണനുമായി. അദ്ദേഹവും അക്കാലം സാധുബീഡി ബ്രാഞ്ച് മാനേജര്‍ ആയിരുന്നു.
ബീഡിത്തൊഴിലിനൊപ്പം പത്രത്തിന്റെ ഏജന്‍സിയും തുടര്‍ന്നു. ഒരുഘട്ടത്തില്‍ തൊള്ളായിരത്തിലധികം പത്രം ഉണ്ടായിരുന്നു. പെരളശ്ശേരി അമ്പലത്തിന് മുന്നില്‍ പുസ്തകക്കട നടത്തുന്ന ബാലന് ഇപ്പോഴും ചെറിയതോതിലെങ്കിലും ഏജന്‍സി തുടരുന്നു. ഐവര്‍കുളത്തെ ടി.കെ. ഭാനുമതിയാണ് ഭാര്യ. താമസം പെരളശ്ശേരിയില്‍ പുണര്തത്തില്.
ബാലന്റെ അമ്പതാം വിവാഹവാര്‍ഷികവും ഏജന്‍സിയുടെ അറുപതാം വാര്‍ഷികവും ജനുവരി ഒന്‍പതിന് വ്യാഴാഴ്ച മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തില്‍ നടക്കും.
Content Highlights: The life story of a news paper agent, Mathrubhumi Balan, Kannur
Content Highlights: