കടല്‍ത്തീരം വഴി ഓടിയും നടന്നും ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക്, ഒന്നരലക്ഷം ഏജന്റിന് നല്‍കി

#ആര്‍.ഹരിനാരായണന്‍
1. അനി തോമസിന്റെ ഭാര്യ ക്രിസ്റ്റീന 2.അനി തോമസ്‌
1. അനി തോമസിന്റെ ഭാര്യ ക്രിസ്റ്റീന 2.അനി തോമസ്‌

തിരുവനന്തപുരം: അനി തോമസിന്റെ മരണ വിവരമറിഞ്ഞ് പകച്ചുനിൽക്കുകയാണ് ഭാര്യയും ബന്ധുക്കളും. ഏകദേശം ഒരു മാസം മുൻപ് സന്ദർശക വിസയിൽ ജോർദാനിലേക്ക് പോയ അനി തോമസ് ഇനിയില്ലെന്ന് വിശ്വസിക്കാൻ ഇവർക്കിപ്പോഴും ആയിട്ടില്ല. അനിയുടെ കൂടെ പോയത് ഭാര്യ ക്രിസ്റ്റീനയുടെ പിതൃസഹോദരന്റെ ചെറുമകനും മേനംകുളം സ്വദേശിയുമായ എഡിസൻ ചാൾസാണ്. ഇദ്ദേഹം കാലിന് വെടികൊണ്ട് തിരികെ നാട്ടിലെത്തി. എന്നാൽ സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തങ്ങളോട് വെളിപ്പെടുത്താൻ തക്ക മാനസികാവസ്ഥയിലല്ല എഡിസനെന്നാണ് അനി തോമസിന്റെ ബന്ധുക്കൾ പറയുന്നത്.

സാമ്പത്തിക ഉന്നമനം തേടി

സാമ്പത്തികമായി ഏറെ കഷ്ടതകളനുഭവിക്കുന്ന കുടുംബമാണ് അനി തോമസിന്റേത്‌. അനിയുടെ പിതാവ് ഗബ്രിയേൽ പെരേരയും മാതാവ് സെലിനും രോഗ ബാധിതരായി ചികിത്സയിലാണ്. നേരത്തേ കുവൈറ്റിൽ പോയിരുന്നുവെങ്കിലും കാര്യമായി ഒന്നും സമ്പാദിച്ചിട്ടില്ല. നാട്ടിലെത്തി സ്വന്തമായി ഓട്ടോയെടുത്ത് ഓടിക്കുകയാണ്. ഇതിന്റെ ലോണും അടച്ചു തീർത്തിട്ടില്ല.ഭാര്യയുടെ സ്വർണാഭരണങ്ങളുൾപ്പെടെ പണയത്തിലാണ്. സന്ദർശക വിസയിൽ പോയശേഷം സ്ഥിരജോലി ഉൾപ്പെടെ സ്വപ്‌നം കണ്ടാകണം അനി തോമസ് ജോർദാനിലേക്ക് പോയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം ഇതുവഴി തീരുമെന്നും അനി കരുതി. എന്നാൽ ജോർദാൻ സൈന്യത്തിന്റെ തോക്കിൻ തുമ്പിൽ അനിയുടെ ജീവിതവും കുടുംബത്തിന്റെ പ്രതീക്ഷകളും അവസാനിച്ചു.

അഭ്യർഥനയുമായി കുടുംബം

അനി തോമസിന്റെ മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്റെ അഭ്യർഥന. ഇതിനായി രാഷ്ട്രീയനേതൃത്വവും പൊതുസമൂഹവും ഇടപെടണമെന്ന് ഭാര്യ ക്രിസ്റ്റീനയടക്കമുള്ളവർ കൈകൂപ്പി അഭ്യർഥിക്കുകയാണ്. വിദേശത്തുള്ള മൃതദേഹം സ്വന്തം ചെലവിൽ നാട്ടിൽ കൊണ്ടുവരാനുള്ള സാമ്പത്തികഭദ്രത കുടുംബത്തിനില്ല.ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ട്. അനി തോമസിന്റെ മരണവിവരം സ്ഥിരീകരിച്ചുള്ള എംബസി ഉദ്യോഗസ്ഥന്റെ സന്ദേശം ലഭിച്ചതായി തുമ്പ സെയ്‌ന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ചിലെ ഫാ. ഷാജിൻ ജോസും പറഞ്ഞു.

മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള നടപടികൾക്കായി ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.

:തുമ്പയിലെ വീട്ടിൽ കരഞ്ഞുതളർന്നിരിക്കുകയാണ് അനി തോമസിന്റെ ഭാര്യ ക്രിസ്റ്റീന. തനിക്കിനി ആരുമില്ലെന്ന് പറഞ്ഞ് ഭർത്താവിന്റെ ഫോട്ടോയിൽ നോക്കി കരയുന്ന ക്രിസ്റ്റീനയുടെ ദൃശ്യം ആരുടെയും കരളലിയിപ്പിക്കുന്നതാണ്. സന്ദർശകവിസയിലാണ് ജോർദാനിലേക്ക് അനി തോമസ് പോയത്. സ്ഥലങ്ങൾ കാണാൻ പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. കൂടെ ബന്ധു എഡിസൻ ചാൾസ് പോകുന്നുവെന്ന വിവരം ഭാര്യക്കറിയാമായിരുന്നു. യാത്രയുടെ കൂടുതൽ വിവരങ്ങൾ ഭാര്യയോടും പറഞ്ഞിരുന്നില്ല. വീട്ടിൽ നിന്നും ഒരുമിച്ചുള്ള പ്രാർഥനയ്ക്ക് ശേഷമാണ് അനി ഇറങ്ങിയതെന്ന് ക്രിസ്റ്റീന പറഞ്ഞു

വെടിയേറ്റപ്പോൾ ബോധം പോയി

ജോർദാനിൽവെച്ച്‌ സൈന്യത്തിന്റെ വെടിയേറ്റപ്പോൾ തന്റെ ബോധം പോയെന്ന് വെടിയേറ്റ് നാട്ടിൽ തിരിച്ചെത്തിയ എഡിസൻ. കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ സൈനിക ക്യാമ്പിലായിരുന്നു. ബിജു എന്ന സുഹൃത്താണ് തങ്ങളെ ജോർദാനിലേക്ക് കൊണ്ടു പോയത്. ജോർദാനിൽ തങ്ങിയശേഷം ഇസ്രയേലിലേക്കുള്ള വിസ അടിക്കാമെന്നായിരുന്നു കരാർ. ഫെബ്രുവരി 9-ന് ജോർദാനിലെത്തി. അബുദാബി വഴിയാണ് ജോർദാനിലെത്തിയത്. അഞ്ച് ദിവസം ജോർദാനിൽ തങ്ങി. പിന്നീട് രാത്രിയാണ് ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ചത്. കടൽത്തീരം വഴി ഓടിയും നടന്നുമാണ് നീങ്ങിയത്. ഇതിനിടെയാണ് സൈന്യം വെടിവെച്ചത്.നാട്ടിൽ നിന്നും ബന്ധുക്കൾ വിമാന ടിക്കറ്റ് എടുത്തു നൽകിയതുകൊണ്ടാണ് തനിക്ക് തിരികെ വരാനായതെന്നും എഡിസൻ പറയുന്നു.

.

Content Highlights: The family of Anithomas, who was killed on the Israeli border, speaks out