പതിനാലുകാരന് മരുന്ന് ഡോസ് കൂട്ടി നല്‍കി, മനോനില തെറ്റുന്ന അവസ്ഥയെത്തിയെന്ന് മാതാപിതാക്കള്‍

തിരുവന്തപുരം മെഡിക്കല്‍ കോളേജ് തിരുവനന്തപുരം | ഫോട്ടോ:  മാതൃഭൂമി
തിരുവന്തപുരം മെഡിക്കല്‍ കോളേജ് തിരുവനന്തപുരം | ഫോട്ടോ: മാതൃഭൂമി

ഏഴുകോണ്‍:  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫാര്‍മസിയില്‍നിന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിലും അധികം ഡോസ് മരുന്ന്‌ രോഗിക്ക് നല്‍കിയെന്ന് പരാതി.
ഏഴുകോണ്‍ സ്വദേശിയായ പതിനാലുകാരന് ഡോസുകൂട്ടി മരുന്ന് നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. കുടുംബം ഫാര്‍മസി ജീവനക്കാര്‍ക്ക് എതിരെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കി.

അപസ്മാര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കാണ് കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിയത്. ഡോസ് കൂടിയ മരുന്ന് കഴിച്ച് കുട്ടിയുടെ മനോനില തെറ്റുന്ന അവസ്ഥയിലേക്കെത്തി. നിലവില്‍ കുട്ടി പ്രതിസന്ധി ഘട്ടം തരണം ചെയ്തു. 

'മകന്റെ മനോനിലയില്‍ ആകെ മാറ്റം സംഭവിച്ചിരുന്നു. നാട്ടിലെ ഡോക്ടറാണ് ഇത് അപ്‌സമാരത്തിന് കുട്ടി കഴിക്കുന്ന മരുന്നല്ല, ഡോസ് കൂട്ടിയാണ് നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞത്. കൂടാതെ ഇത് ഫാര്‍മസിയില്‍ മരുന്ന് തന്നപ്പോള്‍ വന്ന പിശകാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് തന്നെ ചികിത്സയ്ക്ക് എത്തുകയും ഇവിടെ നിന്ന് ചികിത്സിച്ച് ഭേദമാക്കുകയും ചെയ്തു. എന്നാല്‍ കുട്ടിക്ക് ഇതിന്റെ പേരില്‍ ഭാവിയില്‍ ബുദ്ധിമുട്ട് വരുമോയെന്ന ഭയമുണ്ട്'- കുട്ടിയുടെ അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: The 14-year-old was given an increased dose of medicine at Thiruvananthapuram medical college