മലപ്പുറത്തെ ഇടതുകോട്ട; തവനൂരിൽ അവസാനനിമിഷം കെ.ടി. ജലീൽ തന്നെ എത്തിയേക്കും; യുഡിഎഫിൽ യുവനേതാവ് വരുമോ

#ഉണ്ണി ശുകപുരം
കെ.ടി. ജലീൽ | ചിത്രം: ബിനോജ് പി.പി.
കെ.ടി. ജലീൽ | ചിത്രം: ബിനോജ് പി.പി.

എടപ്പാൾ: കെ. കേളപ്പന്റെ പോരാട്ടവീര്യത്തിന്റെ ചൂടും ചൂരുമറിഞ്ഞ തവനൂരിന് നിയമസഭാമണ്ഡലമെന്ന നിലയിൽ അധികം ചരിത്രം പറയാനില്ല.

തിരഞ്ഞെടുപ്പു ചരിത്രം

തിരൂർ മണ്ഡലത്തിന്റെ ഭാഗമായിരുന്ന തവനൂർ രൂപവത്കൃതമായശേഷം നാലാമത്തെ തിരഞ്ഞെടുപ്പാണ് നടക്കാൻപോകുന്നത്. വട്ടംകുളം, എടപ്പാൾ, കാലടി, തവനൂർ, മംഗലം, തൃപ്രങ്ങോട്, പുറത്തൂർ എന്നീ ഏഴു പഞ്ചായത്തുകളുൾപ്പെടുത്തി 2011-ലാണ് തവനൂർ മണ്ഡലം രൂപവത്കരിച്ചത്. ഒരുതവണയൊഴികെയെല്ലാം മുസ്‌ലിം ലീഗിനെ മാത്രം നിയമസഭയിലെത്തിച്ച ചരിത്രമുള്ള തിരൂർ മണ്ഡലം വിഭജിച്ച് തവനൂരായതോടെ ചിത്രം പാടെ മാറി. കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ച് ചരിത്രംകുറിച്ച കെ.ടി. ജലീൽ തവനൂരിലെത്തിയതോടെ മണ്ഡലം കൈപ്പിടിയിലൊതുക്കിയ കാഴ്ചയാണ് പിന്നീട് കണ്ടത്. 2011-ൽ കോൺഗ്രസിന്റെ അന്നത്തെ യുവനേതാവായിരുന്ന പരേതനായ വി.വി. പ്രകാശിനെയാണ് കെ.ടി. ജലീൽ പരാജയപ്പെടുത്തിയത്. കെ.ടി. ജലീൽ 57,729 വോട്ടുമായി 47.20 ശതമാനം വോട്ടുനേടിയപ്പോൾ 50,875 (41.60 ശതമാനം) വോട്ടുമാത്രമേ പ്രകാശിന് നേടാനായുള്ളൂ. ഭൂരിപക്ഷം 6854 വോട്ട്. ബി.ജെ.പി.യുടെ നിർമല കുട്ടികൃഷ്ണന് 7107 വോട്ടും (5.81) കിട്ടി. 2016 ആയപ്പോഴും എൽ.ഡി.എഫിന് മണ്ഡലം പിടിക്കാൻ ജലീലിന് പകരം മറ്റൊരാളെ ആലോചിക്കേണ്ടിവന്നില്ല. കോൺഗ്രസിലെ പി. ഇഫ്ത്തിക്കറുദ്ദീനെ 51,115 (35.96 ശതമാനം) വോട്ടിനെതിരേ 68,179 (47.97) വോട്ടിനാണ് ഈ തിരഞ്ഞെടുപ്പിൽ ജലീൽ മുട്ടുകുത്തിച്ചത്. ഭൂരിപക്ഷം 17,064 വോട്ടായി വർധിപ്പിച്ചു. ബി.ജെ.പി.ക്കുവേണ്ടി മത്സരിച്ച രവി തേലത്ത് അന്ന് 15,801 വോട്ട് നേടി. 2021-ൽ നടന്ന തിരഞ്ഞെടുപ്പാകുമ്പോഴേക്കും മന്ത്രി സ്ഥാനത്തിരിക്കെ ഒട്ടേറെ വിവാദങ്ങളിലകപ്പെട്ട കെ.ടി. ജലീൽ മാറുമെന്ന പ്രചാരണമുണ്ടായെങ്കിലും അവസാനനിമിഷം അദ്ദേഹംതന്നെയാണ് ഇടതുപക്ഷത്തിന്റെ അങ്കക്കുറിയുമായി രംഗത്തിറങ്ങിയത്. യു.ഡി.എഫ്. ജീവകാരുണ്യപ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലിനെ മുന്നിൽനിർത്തി പോരാടിയെങ്കിലും 2564 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജലീൽതന്നെ വിജയിച്ചു. 70,358 (46.46 ശതമാനം) വോട്ട് ജലീൽ നേടിയപ്പോൾ 67,794 (44.77) വോട്ടാണ് ഫിറോസിന് ലഭിച്ചത്. മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥിയെ നിർത്താതെ ബി.ജെ.പി. ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. സ്ഥാനാർഥി രമേഷ് കോട്ടായപ്പുറത്തിനെ നിർത്തിയപ്പോൾ വോട്ട് 9914 ആയി കുറഞ്ഞു.

ഇത്തവണ ആരൊക്കെ

കെ.ടി. ജലീൽ മത്സരിക്കുന്നില്ലെന്ന് ആണയിടുന്നുണ്ടെങ്കിലും അവസാനനിമിഷം അദ്ദേഹംതന്നെ എത്തുമെന്നാണ് സൂചന. യു.ഡി.എഫിൽ മണ്ഡലത്തിലെ യുവനേതാക്കളും പുറത്തുനിന്നുള്ള ഇറക്കുമതിയുമടക്കം ഏറെപേർ പരിഗണനയിലുണ്ട്.

Content Highlights: Thavanur constituency was formed in 2011, carved out of the Tirur constituency., LDF's K.T. Jaleel has won all three elections held since its formation (2011, 2016, 2021)., The article provides a detailed vote share analysis for LDF, UDF, and BJP in past elections., Discusses potential candidates and political scenarios for the upcoming election.