‘പിറകിൽ ആ ബാഗ് ഇല്ലായിരുന്നെങ്കിൽ..’, പറന്നുവീണത് കാറിന് മുകളിലൂടെ; നടുക്കം വിട്ടൊഴിയാതെ വിഷ്ണു

താമരശ്ശേരി: ''എട്ടാംവളവിൽ നല്ല ബ്ലോക്കായിരുന്നു. ഒരു കാറിനു പിറകിൽ വരിയായി നിൽക്കുമ്പോഴാണ് ലോറി പിറകിൽ വന്നിടിക്കുന്നത്. മുന്നോട്ട് നോക്കിയാണ് നിന്നിരുന്നതെന്നതു കൊണ്ട് എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. ഒരു നിമിഷംകൊണ്ട് എല്ലാം കഴിഞ്ഞു. വീണുകഴിഞ്ഞ് എഴുന്നേറ്റപ്പോഴാണ് എന്താണ് സംഭവിച്ചതെന്നു മനസ്സിലായത്. ലോറിയിടിച്ചതിന്റെ ശക്തിയിൽ മുൻപിലെ കാറിന്റെ ഡിക്കിക്കു മുകളിലൂടെ റോഡിന് അപ്പുറത്തേക്ക് തെറിച്ചുവീണു. ഹെൽെമറ്റ് തലയിലും നല്ല കനമുള്ള ബാഗ് പുറത്തുമുണ്ടായിരുന്നത് രക്ഷയായി. കൈക്കും കാലിനും പോറലേയുള്ളൂ. എന്തോ ഒരു മഹാഭാഗ്യംകൊണ്ടാണ് ലോറിക്കും കാറിനും ഇടയിൽ പെടാതിരുന്നത്. ഷോക്ക് മാറാൻ സമയമെടുത്തു. അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ട ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് എഴുന്നേൽക്കാനും സാധനങ്ങൾ എടുത്തുനൽകാനും സഹായിച്ചത്''.
താമരശ്ശേരി ചുരം എട്ടാംവളവിനു സമീപം ചൊവ്വാഴ്ച രാവിലെ നിയന്ത്രണംനഷ്ടമായ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ സാരമായ പരിക്കേൽക്കാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ട ബൈക്ക് യാത്രക്കാരൻ പുൽപ്പള്ളി കബിനിഗിരി സീതാഭവനിൽ വിഷ്ണു(24) വിന്റെ വാക്കുകളിൽ ഇപ്പോഴും അപകടത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല.
നേരത്തെ അഭിമുഖം കഴിഞ്ഞ് മലപ്പുറം ടൗണിലെ ഒരു മരുന്നു വിതരണ കമ്പനിയിൽ സൂപ്പർവൈസറായി നിയമിതനായ വിഷ്ണു പുതിയ ജോലിയിൽ ചേരാൻ ഇരുന്ന ആദ്യ ദിവസമാണ് അപകടമുണ്ടായത്. കമ്പനിയിൽ അപകടംനടന്ന കാര്യം വിളിച്ചറിയിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിക്ക് മലപ്പുറത്തെത്തുന്നതിനായി പുലർച്ചെ അഞ്ചരയ്ക്കു തന്നെ തന്റെ ബൈക്കും എടുത്ത് ഇറങ്ങിയതാണ്. അപകടത്തിൽ ബൈക്ക് തകർന്നുപോയതിന്റെ വിഷമം വിഷ്ണുവിന്റെ വാക്കുകളിൽ പ്രകടമായിരുന്നു ''ആശിച്ച് മോഹിച്ച് എടുത്ത സെക്കൻഡ് ഹാൻഡ് വണ്ടിയാണ്. അപകടത്തിൽ ആകെ തകർന്നു''
കാറിന്റെ ഡാഷ് ക്യാമറയിലെ അപകടത്തിന്റെ വീഡിയോ കണ്ടതോടെ അറിയുന്നവർ മുഴുവൻ വിളിയോടു വിളിയാണ്. ആകാംക്ഷകൊണ്ടുള്ള അന്വേഷണംകാരണം ഫോൺവിളിയൊഴിഞ്ഞ നേരമില്ലെന്നും വിഷ്ണു പറയുന്നു.