സൂരജ് വധം: സുഹൃത്ത് കൂറുമാറിയ കേസില്‍ നിര്‍ണായക സാക്ഷിമൊഴി,TP കേസ് പ്രതിയും കോടതി പരിസരത്ത്

തലശ്ശേരി/കണ്ണൂർ: ബിജെപി പ്രവർത്തകനായിരുന്ന മുഴപ്പിലങ്ങാട്ടെ സൂരജിനെ വധിച്ച കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർക്ക് അഭിവാദ്യമർപ്പിക്കാൻ തലശ്ശേരി കോടതിയിലെത്തിയത് നൂറുകണക്കിന് സിപിഎം നേതാക്കളും പ്രവർത്തകരും. കണ്ണൂർ സെൻട്രൽ ജയിൽ കവാടത്തിലും നേതാക്കളും പ്രവർത്തകരും അഭിവാദ്യമർപ്പിക്കാനെത്തി. നേതാക്കളോടൊപ്പം ജയിൽ കാന്റീനിൽ നിന്ന് ചായയും പലഹാരവും കഴിച്ച ശേഷമാണ് പ്രതികൾ ജയിലിനുള്ളിലേക്ക് കടന്നത്. പോലീസ് വാഹനത്തിൽ നേരിട്ട് ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്ന ഇവരെ നേതാക്കളുടെ ആവശ്യപ്രകാരം കാന്റീനിലെത്തിക്കുകയായിരുന്നു. ചായ കഴിച്ചശേഷം തിരിച്ചെത്തുമ്പോഴേക്കും ജയിൽകവാടത്തിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി.
‘ധീരൻമാരാം പോരാളികളേ.., കണ്ണൂരിന്റെ പോരാളികളെ, നിങ്ങൾക്കായിരമഭിവാദ്യങ്ങൾ, ചോരപ്പൂകൊണ്ടഭിവാദ്യങ്ങൾ’ എന്ന മുദ്രാവാക്യം മുഴക്കിയാണ് തലശ്ശേരി കോടതിവളപ്പിൽനിന്ന് ജയിലിലേക്ക് യാത്രയാക്കിയത്. എല്ലാവരും നിരപരാധികളാണെന്നും കള്ളക്കേസാണ് ചുമത്തിയതെന്നുമാണ് സിപിഎം നിലപാട്. പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരേ അപ്പീൽ പോവുമെന്നും ഇവരെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞിരുന്നു. ജില്ലാ കമ്മിറ്റി അംഗം കാരായി രാജൻ, ഏരിയാ സെക്രട്ടറിമാരായ സി.കെ. രമേശൻ, എം.കെ. മുരളി, കെ. ശശിധരൻ തുടങ്ങി വിവിധ നേതാക്കൾ ശിക്ഷാവിധി കേൾക്കാൻ കോടതിയിലെത്തി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ മുഹമ്മദ് ഷാഫി ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളായവരും ശിക്ഷിക്കപ്പെട്ടവരും കോടതി പരിസരത്തെത്തിയിരുന്നു.
ശിക്ഷിക്കപ്പെട്ടവരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സാമൂഹികമാധ്യമങ്ങളിലും പ്രവർത്തകർ പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്.
ഹൈക്കോടതിയിൽ അപ്പീൽ പോകും -എം.വി. ജയരാജൻ
സൂരജ് വധക്കേസിലെ സെഷൻസ് കോടതി വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആവർത്തിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികളാണെന്ന് ഞങ്ങൾ കരുതുന്നില്ല. കോടതി തെളിവുകളും വസ്തുതകളും നോക്കിയിട്ടായിരിക്കും ഇപ്പോൾ ശിക്ഷ വിധിച്ചത്.
ശിക്ഷിക്കപ്പെട്ട നിരപരാധികളെ രക്ഷിക്കാനും അവരുടെ നിരപരാധിത്വം തെളിയിക്കാനും പരിശ്രമിക്കും. ഏരിയാ സെക്രട്ടറി അടക്കമുള്ള നേതാക്കളെയാണ് തെറ്റായി കേസിൽപ്പെടുത്തിയത്. ഏരിയാ സെക്രട്ടറിയായിരുന്ന ടി.പി. രവീന്ദ്രൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോൾ ജയിലിൽ കിടക്കേണ്ടിവന്നേനെ. ലോക്കൽ സെക്രട്ടറിയും മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി. പ്രഭാകരനും സർവരും അംഗീകരിക്കുന്ന കമ്യൂണിസ്റ്റുകാരനാണ്. ഇവരൊക്കെ ആളെക്കൊന്നുവെന്നു പറഞ്ഞാൽ ജനം അംഗീകരിക്കില്ല-ജയരാജൻ വ്യക്തമാക്കി.
വധശ്രമക്കേസ് വിധിയിൽ നിർണായകമായി
സൂരജിനെ കൊലപ്പെടുത്തുന്നതിന് മുൻപ് വധിക്കാൻ ശ്രമിച്ച കേസ് വിധിയിൽ നിർണായകമായി. 2004 ജൂലായ് ഏഴിന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിന്റെ എഫ്ഐആർ പ്രോസിക്യൂഷനും പ്രതികളെ വെറുതേവിട്ടതിന്റെ ഉത്തരവ് പ്രതിഭാഗവും കോടതിയിൽ ഹാജരാക്കിയിരുന്നു.
വധശ്രമക്കേസിൽ കേസിന്റെ മെറിറ്റ് നോക്കിയല്ല പ്രതികളെ വെറുതേവിട്ടത്. പരാതിക്കാരൻ സൂരജ് കൊല്ലപ്പെടുകയും രണ്ട്, മൂന്ന് ദൃക്‌സാക്ഷികൾ വിദേശത്തായതിനാൽ വിസ്തരിക്കാൻ കഴിഞ്ഞില്ല. അതിനാൽ കേസിൽ തുടർനടപടിയുണ്ടായില്ലെന്നാണ് ഉത്തരവിൽ പറഞ്ഞത്. കൊലക്കേസിൽ ഇപ്പോൾ ശിക്ഷിച്ച പ്രഭാകരൻ, പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവരെ അന്ന് വിട്ടയച്ചു. പ്രതികൾ പിഴയടച്ചാൽ തുക സൂരജിന്റെ അനന്തരാവകാശികൾക്ക് നൽകണം. കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന് ലീഗൽ സർവീസസ് അതോറിറ്റി നടപടിയെടുക്കണം.
സുഹൃത്തും കൂറുമാറി
ആക്രമണത്തിൽ പരിക്കേറ്റ് സൂരജ് ആസ്പത്രിയിൽ ചികിത്സയിലുള്ളപ്പോൾ ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തായ സാക്ഷി കൈപ്രത്ത് അനിൽകുമാർ വിചാരണവേളയിൽ കൂറുമാറിയിരുന്നു. ദൃക്‌സാക്ഷികളായ പ്രശാന്ത്, ചന്ദ്രൻ എന്നിവരും കൂറുമാറി. തുടക്കത്തിൽ 10 പ്രതികളുണ്ടായിരുന്ന കേസിൽ തുടരന്വേഷണത്തിൽ 12 പ്രതികളായി.
തുടരന്വേഷണത്തിൽ പ്രതികളായവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുറ്റപത്രം നൽകുമ്പോൾ രണ്ട്, അഞ്ച് പ്രതികളെ കണ്ടുകിട്ടാനുണ്ടെന്ന് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി. സൂരജിന്റെ അമ്മ സതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്.
കൊലയാളികൾക്കുള്ള സിപിഎം പിന്തുണ നിയമവാഴ്ചയോടുള്ള വെല്ലുവിളി -ബിജെപി
സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിപിഎമ്മുകാർക്ക് അഭിവാദ്യമർപ്പിച്ച് തലശ്ശേരി കോടതിക്ക് മുന്നിലും സെൻട്രൽ ജയിൽ പരിസരത്തും സിപിഎം പ്രവർത്തകർ നടത്തിയ പ്രകടനം നിയമവാഴ്ചയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ പ്രസ്താവനയിൽ പറഞ്ഞു. തങ്ങൾ നടത്തുന്ന കൊലപാതകമുൾപ്പെടെയുള്ള ഹീനകൃത്യങ്ങൾക്ക് ശിക്ഷ വിധിക്കുന്ന നീതിന്യായ വ്യവസ്ഥയെ പോലും വെല്ലുവിളിക്കുന്ന പരസ്യമായ നിലപാടാണ് സിപിഎമ്മിന്റേത്. സൂരജിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരെ തള്ളിപ്പറയാനുള്ള ആർജവമാണ് നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെങ്കിൽ സിപിഎം നേതൃത്വം കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Hundreds of CPM leaders and workers greeted the convicts in the Suraj murder case in Thalassery