മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നു, ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്- ബിഷപ്പ് പാംപ്ലാനി

കണ്ണൂര്‍: മണിപ്പുര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്തവിമര്‍ശനവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നുവെന്ന് ആശങ്ക പ്രകടിപ്പിച്ച ബിഷപ്പ്, സംഘര്‍ഷത്തെ 2002-ലെ ഗുജറാത്ത് കലാപവുമായി താരതമ്യം ചെയ്തു. മണിപ്പുര്‍ കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടു. ഭാരതത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നു. ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പുരിലെ അവസ്ഥമാറിയിരിക്കുന്നു. വളരേ ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്. അതിന് പിന്നിലുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആശങ്ക പൊതുസമൂഹത്തിന് സ്വാഭാവികമായുണ്ടാവും', മാര്‍ ജോസഫ് പാംപ്ലാനി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരേയും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. നിയമനിര്‍മാണ സഭകളില്‍ നിയമം അവതരിപ്പിച്ച് വിശദാംശങ്ങള്‍ പൂര്‍ണ്ണമായി ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'രാജ്യത്തിന്റെ വൈവിധ്യങ്ങളേയും മതപരമായ പ്രത്യേകതകളേയും ഉള്‍ക്കൊള്ളണം. ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും മറ്റ് മതസ്ഥരും മതമില്ലാത്തവരും എന്ന വ്യത്യാസം മാത്രമല്ല, ഹൈന്ദവ വിഭാഗത്തില്‍തന്നെ വലിയ വൈവിധ്യമുണ്ട്.'
'മറ്റ് മതങ്ങളുമായി ഉള്ളതിനേക്കാള്‍ കൂടുതല്‍ വ്യത്യാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹിന്ദുമതത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട്, ഏക സിവില്‍ കോഡെന്ന സാങ്കല്‍പ്പിക പദം മാറ്റിവെച്ച് യഥാര്‍ഥത്തില്‍ എന്താണ് ഇവിടെ നടപ്പാക്കാന്‍ പോകുന്നത് എന്ന് ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ ആദ്യം പരിശ്രമിക്കേണ്ടത്. നിയമനിര്‍മാണ വേദികളില്‍ അത് അവതരിപ്പിക്കണം. വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണം', തലശ്ശേരി ബിഷപ്പ് അഭിപ്രായപ്പെട്ടു.
Content Highlights: thalassery archbishop mar joseph pamplany central manipur government manipur violence Gujarat riots