ചീഞ്ഞളിഞ്ഞതും പൂപ്പല്‍ പിടിച്ചതും: കേരളത്തിലേക്ക് കൊണ്ടുവന്ന 10,000 കിലോഗ്രാം മത്സ്യം പിടികൂടി

കൊല്ലം: ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ നിന്ന് 10,750 കിലോ പഴകിയ മത്സ്യം പിടികൂടി. പിടിച്ചെടുത്ത മത്സ്യം പൂപ്പല്‍ പിടിച്ചതും ചീഞ്ഞ് അളിഞ്ഞതുമായിരുന്നു. ട്രോളിങ് നിരോധനത്തിന്റെ മറവിലാണ് സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം എത്തിക്കുന്നത്.
ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യങ്ങളുടെ പരിശോധനയാണ് കൊല്ലം ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ നടന്നത്. ആറായിരം കിലോയിലധികവും ചൂര മത്സ്യമാണ് പിടിച്ചെടുത്തത്. വിവിധ വാഹനങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധന നടത്തിയിരുന്നു.
രണ്ട് വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത മീനുകളില്‍ നിന്ന് ദുര്‍ഗന്ധവും വമിക്കുന്നുണ്ടായിരുന്നു. പരിശോധനയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ചോരയുടെ അംശമുണ്ടെന്ന് കാണിക്കാന്‍ ശ്രമം നടന്നതായും പരിശോധനയില്‍ തെളിഞ്ഞു. പിടിച്ചെടുത്ത സാമ്പിളുകള്‍ കൊച്ചിയിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച പരിശോധന നടന്നില്ലായിരുന്നുവെങ്കില്‍ വില്‍പനയ്ക്ക് എത്തുകയും വീടുകളിലേക്ക് ഉള്‍പ്പെടെ ഈ മത്സ്യം എത്തുകയും ചെയ്യുമായിരുന്നു.
തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മത്സ്യം എത്തിച്ചത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ മൊത്തവില്‍പനയ്ക്കാണ് മത്സ്യം എത്തിച്ചതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlights: rotten fish, food safety department raid