സില്‍വർലൈന്‍ പദ്ധതി സങ്കീർണം, സാങ്കേതിക പ്രശ്നങ്ങളുണ്ട്; തീരുമാനം ഉടനുണ്ടാകില്ലെന്ന് റെയില്‍ മന്ത്രി

അശ്വിനി വെെഷ്ണവ് | ഫോട്ടോ: ANI
അശ്വിനി വെെഷ്ണവ് | ഫോട്ടോ: ANI

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ എതിര്‍പ്പ് ആവര്‍ത്തിച്ച് റെയില്‍വെ മന്ത്രി. പദ്ധതി മൂലം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. ജനകീയ പ്രക്ഷോഭങ്ങളും പദ്ധതിക്കെതിരെ ഉയരുകയാണ്. മറ്റ് നിരവധി പ്രശ്‌നങ്ങളും പദ്ധതിക്കുണ്ടെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. 

കേരളത്തിലെ ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്ത് മാത്രമെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കൂ. 63000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ എസ്റ്റിമേറ്റ് തുകയായി പറയുന്നതെങ്കിലും ഒരു ലക്ഷം കോടിക്ക് മുകളില്‍ ഇതിന് ചെലവ് വരുമെന്നാണ് റെയില്‍വെ മന്ത്രാലയം വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ പദ്ധതി വളരെ സങ്കീര്‍ണമാണ്. സ്റ്റാന്‍ഡേർഡ് ഗേജില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ അതില്‍ മറ്റ് സര്‍വീസുകള്‍ സാധ്യമാവില്ല. പദ്ധതിയില്‍ പാരിസ്ഥിതികവും സാമ്പത്തികവും സാങ്കേതികവുമായ പ്രശ്‌നമുണ്ട്. അതിനാല്‍ പെട്ടെന്നൊരു തീരുമാനം ഇക്കാര്യത്തില്‍ എടുക്കില്ലെന്നും എന്നാല്‍ എടുക്കുന്ന തീരുമാനം ഉചിതമായിരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചു. 

അതേസമയം, സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു.സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ന് വൈകീട്ട് കേന്ദ്ര റെയിൽവെ മന്ത്രി രാജ്യസഭയിൽ സിൽവർലൈൻ സംബന്ധിച്ച് പറഞ്ഞത് : "കേരളത്തിലെ ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് മാത്രമെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കൂ. ജനങ്ങളുടെ പ്രതിഷേധം ഞങ്ങൾ കാണുന്നുണ്ട്. ഈ പദ്ധതി വളരെ സങ്കീർണമാണ്. തിരക്കിട്ട് ഒരു തീരുമാനവും എടുക്കില്ല. നിലവിൽ സംസ്ഥാനം സമർപ്പിച്ചിരിക്കുന്ന പദ്ധതിയിൽ പാരിസ്ഥിതികവും സാമ്പത്തികവും സാങ്കേതികവുമായ പ്രശ്നമുണ്ട്. സംസ്ഥാനം 63,000 കോടിയാണ് പറയുന്നതെങ്കിലും ഒരു ലക്ഷം കോടിയെങ്കിലും ആവുമെന്നാണ് ഞങ്ങളുടെ കണക്ക്. സ്റ്റാൻഡാർഡ് ഗേജിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതിനാൽ അതിൽ മറ്റ് സർവീസുകൾ സാധ്യമാവില്ല. തിരക്കിട്ട് ഒരു തീരുമാനവും പാടില്ല"

Posted by V Muraleedharan on Thursday, March 24, 2022


 

Content Highlights: technical issues in silverline project says railway minister