'നന്ദി അലന്‍, ക്യാമ്പസില്‍ മര്‍ദനമേല്‍ക്കുന്നവര്‍ക്കുവേണ്ടി നിലകൊണ്ടതിന് ..' കുറിപ്പുമായി താഹ

കോഴിക്കോട്: ക്യാമ്പസിൽമർദ്ദനമേൽക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി നിലയുറപ്പിച്ചതിനും അതിന്റെ പേരിൽ ചുമത്തിയ കള്ളക്കേസിൽ തളരാതെ നിന്നതിനും അലൻ ഷുഹൈബിന് നന്ദി കുറിപ്പുമായി താഹാ ഫസൽ. വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന് പിന്നാലെയാണ് തഹാ ഫസലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ട അലൻ
നന്ദി
മരിക്കാതെ തിരികെ എത്തിയതിനു. കൊല്ലപ്പെടാവുന്ന സാഹചര്യത്തിൽ പോരാടി പഠിച്ചതിനു. ക്യാമ്പസിൽമർദ്ദനമേൽക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി നിലയുറപ്പിച്ചതിനു. അതിന്റെ പേരിൽ ചുമത്തിയ കള്ളക്കേസിൽ തളരാതെ നിന്നതിനു.
പാലയാട് ക്യാമ്പസിൽ വിദ്യാർഥിയായിരുന്ന അലൻ ഷുഹൈബിനെതിരേ നേരത്തെ റാഗിങ് പരാതിയുമായി എസ്.എഫ്.ഐ. രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐ. നേതാവിനെ മർദിച്ചുവെന്നായിരുന്നു പരാതി. എന്നാൽ സംഭവം വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നം മാത്രമായിരുന്നുവെന്നും തുടർനടപടികളിലേക്ക് കടക്കേണ്ടതില്ല എന്നും റാഗിങ് വിരുദ്ധ കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു. അന്ന് റാഗിങ് പരാതിയിൽ അലനെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച നിലയിൽ അലനെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു. അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. തന്റെ അവസ്ഥയ്ക്ക് കാരണം ഇവിടുത്തെ സിസ്റ്റമെന്ന സന്ദേശവും അന്ന് അലൻ സുഹൃത്തുക്കൾക്ക് അയച്ചിരുന്നു.
Content Highlights: taha fazal thanks to alan shuhaib facebook post