നായനാരെ നേരിട്ട ചങ്കൂറ്റം, ആസഫലിക്ക് ഇത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായി രണ്ടാമൂഴം

#ന്യൂസ് ഡെസ്ക്ക്
ടി. ആസഫലി | ഫോട്ടോ - സി. സുനിൽ കുമാർ/ മാതൃഭൂമി
ടി. ആസഫലി | ഫോട്ടോ - സി. സുനിൽ കുമാർ/ മാതൃഭൂമി

കണ്ണൂർ: എം.എൽ.എ.യാകാതെ സി.പി.എം. നേതാവ് ഇ.കെ.നായനാർ 1996-ൽ മുഖ്യമന്ത്രിയായപ്പോൾ മത്സരിക്കാനെത്തിയത് തലശ്ശേരിയിൽ. എം.എൽ.എ.യായ കെ.പി.മമ്മുവിനെ രാജിവെപ്പിച്ച് നടന്ന തലശ്ശേരി ഉപതിരഞ്ഞെടുപ്പിൽ നായനാരെ എതിരിടാൻ യു.ഡി.എഫ്. രംഗത്തിറക്കിയത് യുവഅഭിഭാഷകനെ. പരാജയപ്പെട്ടെങ്കിലും കാൽനൂറ്റാണ്ടിനുശേഷം അദ്ദേഹം യു.ഡി.എഫ്. മന്ത്രിസഭയുടെ കാലത്ത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായി. 10 വർഷത്തിനുശേഷം വീണ്ടും അതേപദവിയിൽ. തലശ്ശേരിയിൽ നിന്ന് ഉയർന്നുവന്ന് കേരളമാകെ മുഴങ്ങുന്ന ശബ്ദമായി മാറിയ ടി.ആസഫലിയാണ് യു.ഡി.എഫ്. സർക്കാരിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി.) എന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ തന്നെ തിങ്കളാഴ്ച പ്രഖ്യാപിച്ചപ്പോൾ അത് തലശ്ശേരിക്കും അഭിമാനമായി.

രണ്ടുപതിറ്റാണ്ടായി ഒട്ടേറെ കേസുകളിലും രാഷ്ട്രീയപ്രശ്നങ്ങളിലും യു.ഡി.എഫിന്റെ ശബ്ദമായി കേരളം മുഴുവൻ അത്‌ കേട്ടു. 2011-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്താണ് ആദ്യമായി ഡി.ജി.പി.യായത്. അതോടെ പ്രവർത്തനകേന്ദ്രം കൊച്ചിയിലേക്ക് മാറി. പിന്നീട് കൊച്ചിയിൽ വക്കീൽ ഓഫീസ് തുറന്നത്‌. ഇപ്പോൾ ഹൈക്കോടതി അഭിഭാഷകനാണ്. മടപ്പള്ളി ഗവ. കോളേജ് വിദ്യാർഥിയായിരിക്കെ കെ.എസ്.യു.വിലൂടെയായിരുന്നു സജീവമായി സംഘടനാരംഗത്തെത്തിയത്. ഇക്കാലത്ത് കോഴിക്കോട് ജില്ലയിലെ കെ.എസ്.യു.വിന്റെ ഭാഗമായിട്ടായിരുന്നു പ്രവർത്തനം. രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ സംസ്ഥാന സെക്രട്ടറിയായി.

വീട് ന്യൂമാഹിയിലായിരുന്നതിനാൽ അവിടെയായിരുന്നു തുടക്കത്തിൽ കോൺഗ്രസിന്റെ പ്രവർത്തനം. പിന്നീടാണ് താമസം തലശ്ശേരിയിലേക്ക് മാറ്റിയത്. അതോടെ പ്രവർത്തനകേന്ദ്രം തലശ്ശേരിയിലായി. ഇതാണ് രാഷ്ട്രീയജീവിതത്തിൽ വഴിത്തിരിവായത്. തലശ്ശേരി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും ലോയേഴ്‌സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. സി.പി.എമ്മിന്റെ മുതിർന്ന നേതാവായ നായനാരെ നേരിടാൻ വളരെ ജൂനിയറായ നേതാവിനെ ഇറക്കാൻ കാരണം പാർട്ടിക്ക് അദ്ദേഹത്തിലുള്ള വിശ്വാസമായിരുന്നു.

ചില്ലിക്കാശ് വാങ്ങാതെ കേസ് വാദിച്ചു

പെരിയ ഇരട്ടക്കൊലപാതകം നടന്ന് നാലാംമാസം, 2019 ഏപ്രിൽ ഒന്നിന് കേസ് സി.ബി.ഐ.യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആസഫലി മുഖേന ഹൈക്കോടതിയിൽ മാതാപിതാക്കളുടെ ഹർജിയെത്തി. പിന്നീടങ്ങോട്ട് കേസിന്റെ പൂർണചുമതലയേറ്റെടുത്തും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചും അദ്ദേഹം ഒപ്പം നിന്നു. ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ മുൻ അഡിഷണൽ സോളിസിറ്റർമാരായ രഞ്ജിത്ത് കുമാറിനെയും മനിന്ദർ സിങ്ങിനെയും കൊണ്ടുവന്നപ്പോൾ ഫീസ് ഇനത്തിൽ നൽകിയത് 88 ലക്ഷം രൂപ. അതേസമയം ആസഫലി ചില്ലിക്കാശ് വാങ്ങാതെ കേസ് വാദിച്ചു. ഷുഹൈബ് വധക്കേസിലും പാർട്ടിയുടെ കേസുകളിലും നിയമപരമായ പിന്തുണയുമായി ആസഫലിയുണ്ടായിരുന്നു. വിവരാവകാശ നിയമത്തെ കുറിച്ച് സംസ്ഥാനത്തുടനീളം ബോധവത്കരണ ക്ലാസുകളെടുത്തു. വിവരാവകാശ രേഖകളിലൂടെ ഒട്ടേറെ വിഷയങ്ങളിൽ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന് സർക്കാരിനെതിരെ പോരാട്ടം നടത്തിയിട്ടുണ്ട്.

200-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോടതിയിൽ ദ്വിശതാബ്ദി ഹാൾ നിർമിക്കാൻ മുൻകൈയെടുത്തു. എം.പി.ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ബാർ അസോസിയേഷൻ പ്രസിഡൻറ് ആയിരുന്നപ്പോൾ 2009-ൽ ജില്ലാ കോടതിക്ക് പുതിയ കെട്ടിടവും അടിസ്ഥാനസൗകര്യവും വേണമെന്ന് അന്നത്തെ സെഷൻസ് ജഡ്ജിയോട് രേഖാമൂലം ആവശ്യപ്പെട്ടു. വർഷങ്ങൾക്കുശേഷം കോടതിക്ക് ബഹുനില കെട്ടിടസമുച്ചയം കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ നിർമിച്ചു.

വാക്കുകൊണ്ടും നിയമപരമായും

ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുമ്പോഴാണ് നായനാർക്കെതിരെ ഉപതിരഞ്ഞെടുപ്പിൽ ആസഫലിയെ പാർട്ടി രംഗത്തിറക്കിയത്. സി.പി.എമ്മിന്റെ ജനാധിപത്യവിരുദ്ധതയ്ക്കുനേരെ മൂർച്ചയേറിയ പ്രസംഗമാണ് അദ്ദേഹത്തിന്റെത്. വാക്കുകളിൽ മാത്രമല്ല, നിയമപരമായും അദ്ദേഹം നേരിടുന്നു.

-എം.പി.അരവിന്ദാക്ഷൻ

കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ്

Content Highlights: T. Asaf Ali's transition from a young Thalassery lawyer to the Director General of Prosecution., His historical electoral contest against E.K. Nayanar in 1996