'പോറ്റിയേ കേറ്റിയേ...'; സ്വര്‍ണക്കൊള്ള വിശ്വാസികളുടെ നെഞ്ച് പിളര്‍ക്കുന്ന വേദനയെന്ന് പാട്ടെഴുതിയ ജി.പി. കുഞ്ഞബ്ദുള്ള

#ഇസ്മയില്‍ വാണിമേല്‍
ജി.പി. കുഞ്ഞബ്ദുള്ള
ജി.പി. കുഞ്ഞബ്ദുള്ള

നാദാപുരം: ''വിശ്വാസികളുടെ നെഞ്ച് പിളര്‍ക്കുന്ന വേദനയായിരുന്നു ശബരിമലയിലെ സ്വര്‍ണക്കൊള്ള. അത് എന്റെ മനസ്സിനെയും വല്ലാതെ വേദനിപ്പിച്ചു. ആ വേദനയില്‍ എഴുതിയ പാട്ടാണത്.'' -തദ്ദേശതിരഞ്ഞെടുപ്പില്‍ വൈറലായ 'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായ് മാറ്റിയേ...' എന്ന പാരഡിഗാനം പിറന്ന കഥ നാദാപുരം ചാലപ്പുറം സ്വദേശി ജി.പി. കുഞ്ഞബ്ദുള്ള പറഞ്ഞു.

ഖത്തറില്‍ ബിസിനസുകാരനായ കുഞ്ഞബ്ദുല്ല ജോലിത്തിരക്കിനിടയിലാണ് പാട്ടെഴുതിയത്. പ്രചാരപ്രശസ്തമായ അയ്യപ്പഭക്തിഗാനം 'സ്വാമിയേ അയ്യപ്പോ' ഈണത്തിലുള്ള ഈ പാട്ട് യുട്യൂബില്‍ രണ്ട് ദശലക്ഷം പേര്‍ കേട്ടു.

യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ കേരളത്തിലുടനീളം മുഴങ്ങി. ശബരിമല സ്വര്‍ണക്കവര്‍ച്ച പ്രചാരണായുധമാക്കാന്‍ യുഡിഎഫിന് ഇതിലും വലിയ ആയുധം വേറേയില്ലായിരുന്നു.

ഡാനിഷ് മലപ്പുറമാണ് ഗാനം ആലപിച്ചത്. വീഡിയോ ചിത്രീകരണം സിഎംഎസ് മീഡിയയും സുബൈര്‍ പന്തല്ലൂര്‍ നിര്‍മാണവും നിര്‍വഹിച്ചു. സമൂഹികമാധ്യമങ്ങളില്‍ ട്രെന്‍ഡായ ഗാനം ലോക്സഭയുെട പ്രവേശന കവാടത്തില്‍ കേരളത്തിലെ എംപിമാര്‍ പാടിയതോടെ ഏറെ ഹിറ്റായി.

ഹൈബി ഈഡന്‍ എംപി, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അടക്കമുളളവര്‍ ജിപിയെ വിളിച്ച് അനുമോദിച്ചു. യുഡിഎഫിനു പുറമേ ബിജെപിയും പാട്ട് വ്യാപകമായി ഉപയോഗിച്ചു.

അറുനൂറിലധികം പാട്ടുകള്‍ ഇതിനകം ജിപി എഴുതിയിട്ടുണ്ട്. 30 വര്‍ഷമായി യുഡിഎഫിന് വേണ്ടി തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ എഴുതിയെങ്കിലും ഇത്രയും വ്യാപകമായി ജനം ഏറ്റെടുത്ത പാട്ട് ഇതാണെന്ന് ജിപി പറഞ്ഞു.

'മാപ്പിളപ്പാട്ടിന്റെ വര്‍ണചരിത്രം' എന്ന പേരില്‍ പുസ്തകവും എഴുതിയിട്ടുണ്ട്.

Content Highlights: Discover the inspiring story behind the viral Malayalam parody song about the Sabarimala gold smuggling incident. Learn how it became a hit and its impact on elections.