അമരക്കാരന്റെ ദീപ്തസ്മരണയിൽ സൂര്യാ ഫെസ്റ്റിവലിന് ഒക്ടോബർ ഒന്നിന് തുടക്കം; രണ്ടായിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: 49 വർഷം സൂര്യയെ നയിച്ച അമരക്കാരൻ സൂര്യ കൃഷ്ണമൂർത്തി മടങ്ങിയെങ്കിലും ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള ആർട്‌സ് ഫെസ്റ്റിവലായ സൂര്യ ഫെസ്റ്റിവൽ മുടക്കമില്ലാതെ ഒക്ടോബർ ഒന്നിന് ആരംഭിക്കും. സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തിന് ഒരാഴ്ച പിന്നാലെയാണ് മേള തുടങ്ങുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി രണ്ടായിരത്തിലേറെ കലാകാരന്മാർ 111 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പങ്കെടുക്കും. 49 വർഷം പിന്നിടുന്ന സൂര്യ മേള സുവർണജൂബിലി നിറവിലാണ്. തൈക്കാട് സൂര്യ ഗണേശത്തിൽ എല്ലാ ദിവസവും വൈകീട്ട് 6.45-നാണ് പരിപാടികൾ ആരംഭിക്കുന്നത്.

ഒന്നിന് വൈകീട്ട് 6.45-ന് കെ.എസ്.ഹരിശങ്കറിന്റെ കർണാടക സംഗീതക്കച്ചേരിയാണ് മേളയുടെ ആദ്യ പരിപാടി. ഒക്ടോബർ ഒന്നുമുതൽ 10 വരെ നൃത്തസംഗീതമേള. മേളയിൽ പാർശ്വനാഥ് ഉപാദ്ധ്യായയും സംഘവും, മീനാക്ഷി ശ്രീനിവാസൻ, പ്രിയദർശിനി ഗോവിന്ദ്, ഹരീഷ് രാമകൃഷ്ണൻ, പല്ലവി കൃഷ്ണൻ, ലക്ഷ്മീ ഗോപാലസ്വാമി, ആശാ ശരത്, നവ്യാ നായർ, ജാനകി രംഗരാജൻ എന്നിവർ പങ്കെടുക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം ഒക്ടോബർ ഒന്നിനു പകരം മറ്റൊരുദിവസം നൃത്തപരിപാടി അവതരിപ്പിക്കാമെന്ന് നടി ശോഭന അറിയിച്ചിട്ടുണ്ട്.

11 മുതൽ 15 വരെ പഞ്ചരത്ന വനിതാപ്രഭാഷണമേളയും വനിതാചലച്ചിത്രമേളയും. 16 മുതൽ 20 വരെ കൊറിയോഗ്രാഫി ഫെസ്റ്റിവൽ. 21 മുതൽ 25 വരെ ജൽസാഘർ ഹിന്ദുസ്ഥാനി ചേംബർ കൺസേർട്സ്. 26 മുതൽ 31 വരെ സിന്ധുഭൈരവി കർണാടക സംഗീതമേള.

നവംബർ ഒന്നുമുതൽ 10 വരെ പരമ്പര നൃത്തോത്സവവും ബ്രഘബസൽ നയിക്കുന്ന ഭരതനാട്യം ശില്പശാലയും. 9-ന് എ.പി.ഉദയഭാനു സ്മാരക പ്രഭാഷണം. 11 മുതൽ 13 വരെ 'മധു സൗകുമാര്യം' സംഗീത അർച്ചന. സംഗീത സംവിധായകൻ എം.ജയചന്ദ്രൻ തന്റെ മാതാപിതാക്കൾക്ക് പ്രണാമമർപ്പിച്ചുകൊണ്ട് ക്യൂറേറ്റ് ചെയ്യുന്ന സംഗീതമേള. 14 മുതൽ 20 വരെ ദേശീയ നാടകമേള. 21 മുതൽ 30 വരെ മലയാളം-തമിഴ് പനോരമ ചലച്ചിത്രമേള.

ഡിസംബർ ഒന്നുമുതൽ 20 വരെ സൂര്യാ ആർട്ട് ഗേറ്റ്. സൂര്യാ മേളയിൽ നാല്പതോളം ചിത്രകാരന്മാർ പങ്കെടുക്കുന്നു. ഒന്നുമുതൽ 10 വരെ പ്രഭാഷണ പരമ്പരയും സംഘനൃത്തവും. 11 മുതൽ 20 വരെ ലഘു ചിത്രമേളയിൽ ഓരോ ദിവസവും 2 വീതം പ്രദർശിപ്പിക്കും. 11 മുതൽ 20 വരെ പ്രതിധ്വനി. 14-ന് സ്മരരേ ഗോപാലം. ചേർത്തല ഗോപാലൻനായർ മെമ്മോറിയൽ കൺസേർട്ട്. 21 മുതൽ 26 വരെ സുഗതം കവിതയും പ്രഭാഷണവും. 25-ന് കുട്ടികളുടെ പദ്യംചൊല്ലൽ. 27 മുതൽ 31 വരെ മുല്ലക്കര രത്നാകരന്റെ പ്രഭാഷണ പരമ്പരയും മോഹിനിയാട്ടം ഫെസ്റ്റിവലും.

ജനുവരി ഒന്നുമുതൽ 10 വരെ യൂത്ത് ഫെസ്റ്റിവൽ നൃത്തസംഗീതോത്സവം. 11 മുതൽ 20 വരെ ഇന്ത്യൻ പനോരമ ചലച്ചിത്രമേള. 21-ന് ഗ്രാന്റ് ഫിനാലേ. എം.ജയചന്ദ്രനും, കാവാലം ശ്രീകുമാറും ചേർന്ന് അവതരിപ്പിക്കുന്ന കർണാടക സംഗീത ജുഗൽബന്ദിയോടെ മേള സമാപിക്കും.

സൂര്യ കൃഷ്ണമൂർത്തിപറഞ്ഞു, എന്തുവന്നാലും ‘നാടകം മാറ്റിവെക്കരുത് ’

ആ നാടകം കാണാൻ സൂര്യ കൃഷ്ണമൂർത്തി ഉണ്ടായിരുന്നില്ല. പക്ഷേ, പതിവുതെറ്റിക്കാതെ കൃത്യം 6.45-നുതന്നെ, അദ്ദേഹത്തിന്റെ സ്മരണയുമായി ശിഷ്യർ ഗുരുദക്ഷിണപോലെ തട്ടിൽ കയറി. സൂര്യ കൃഷ്ണമൂർത്തി മുൻകൈയെടുത്ത് രൂപവത്കരിച്ച പാലോട് തരണി ആർട്ട് അക്കാദമിയാണ് മാസങ്ങൾക്കുമുൻപ് ബുക്കുചെയ്തിരുന്ന അതേദിനത്തിൽ തൈക്കാട് ഗണേശത്തിൽ നാടകാവതരണം നടത്തിയത്. മരണത്തിന് ആഴ്ചകൾക്കു മുൻപും കൃഷ്ണമൂർത്തി തരണിയുടെ സെക്രട്ടറി അരുൺനാഥിനോടു പറഞ്ഞിരുന്നു- 'എന്തുവന്നാലും നാടകം മാറ്റിവെക്കരുത്, ഗണേശത്തിലെ ഒരു പരിപാടിയും മുടങ്ങരുത്'. പ്രിയപ്പെട്ട ഗുരുവിന് അഞ്ജലി അർപ്പിച്ചുകൊണ്ടായിരുന്നു 'വയർ ആൻഡ് ലവ്' എന്ന നാടകം അരങ്ങിലെത്തിയത്. കാളവണ്ടി യുഗത്തിലൂടെ കടന്നവന്നയാളുടെ ആധുനിക എ.ഐ. കാലത്തെ അതിജീവനത്തിന്റെ കഥയായിരുന്നു എ.കെ. സുജിത്ത് സംവിധാനംചെയ്ത നാടകത്തിന്റെ ആശയം.

20 വർഷത്തോളമായി സൂര്യ കൃഷ്ണമൂർത്തിക്കൊപ്പമുണ്ടായിരുന്ന കലാകാരൻമാരായിരുന്നു നാടകത്തിന്റെ അണിയറയിലും വേദിയിലും. പാലോട് തരണിയുടെ വാർഷികാഘോഷങ്ങളിൽ എല്ലാവർഷവും കൃഷ്ണമൂർത്തി എത്തിയിരുന്നു. 

Content Highlights: Surya Festival begins on October 1 without interruption, marking its golden jubilee year., The festival spans 111 days with participation from over 2,000 artists across India., Events include dance, music, theater, film festivals, and lectures at Thycaud Surya Ganesham., Dedicated to the memory of its founder, the late Surya Krishnamurthy.