73 ശതമാനം മലയാളികള്‍ക്കും മനുഷ്യാവകാശങ്ങളെക്കുറിച്ച് അറിയാം| സര്‍വേഫലം

മാതൃഭൂമി സര്‍വേ
മാതൃഭൂമി സര്‍വേ

ഇന്ന് ദേശീയ മനുഷ്യാവകാശദിനം. ഓരോ വ്യക്തിയ്ക്കുമുള്ള അന്തസ്സും സുരക്ഷയും സംരക്ഷിച്ച് സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് മനുഷ്യാവകാശദിനം മുന്നോട്ടുവെയ്ക്കുന്ന ആശയം. മനുഷ്യാവകാശലംഘനങ്ങള്‍ ഏറെ നടക്കുന്ന ഇക്കാലത്ത് മനുഷ്യാവകാശത്തെക്കുറിച്ചുള്ള വായനക്കാരുടെ അറിവ് പരിശോധിക്കുന്നതിനായി മാതൃഭൂമി സര്‍വേ നടത്തിയിരുന്നു. മികച്ച പങ്കാളിത്തമാണ് സര്‍വേയ്ക്ക് ലഭിച്ചത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമില്‍ നല്‍കിയ ഏഴുചോദ്യങ്ങള്‍ക്കാണ് വായനക്കാര്‍ ഉത്തരം നല്‍കിയത്. 73 ശതമാനം പേര്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു.

പങ്കെടുത്തവരില്‍ 69 ശതമാനം പേര്‍ പുരുഷന്മാരും 30 ശതമാനം പേര്‍ സ്ത്രീകളുമാണ്. 73 ശതമാനം ആളുകള്‍ ഏഴുചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കി. അവിചാരിതമായി അറസ്റ്റുചെയ്യപ്പെടുന്ന പക്ഷം അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ വിവരം അറിയിക്കാനും നിയമസഹായം തേടാനും അവകാശമുണ്ടോ എന്ന ചോദ്യത്തിനാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ശരിയായ ഉത്തരം നല്‍കിയത്. 98 ശതമാനം. വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലിക അവകാശമെന്നതിനപ്പുറം മനുഷ്യാവകാശം കൂടിയാണോ എന്ന ചോദ്യത്തിനാണ് കൂടുതല്‍ ആളുകള്‍ തെറ്റായ ഉത്തരം നല്‍കിയത്. 11 ശതമാനം. 

വിവിധ മേഖലകളിലൂന്നിയുള്ള ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ ചിത്രം പകര്‍ത്തിയാല്‍ അതിനെ മനുഷ്യാവകാശ ലംഘനമായി കണക്കാക്കാമോ എന്ന ചോദ്യത്തിന് 97 ശതമാനംപേരും ശരിയുത്തരം നല്‍കി. മൂന്ന് ശതമാനം പേര്‍ മാത്രമാണ് തെറ്റായ ഉത്തരം നല്‍കിയത്. ജാതി, മതം, വര്‍ണം, ലിംഗം, ഭാഷ, പ്രദേശം, എന്നിവ ഏതിന്റെയെങ്കിലും പേരില്‍ വിവേചനം നേരിട്ടാല്‍ അത് മനുഷ്യാവകാശക്കമ്മീഷനില്‍ പരാതിപ്പെടാമോ എന്ന ചോദ്യത്തിനും 97 ശതമാനം പേര്‍ ശരിയായ ഉത്തരം നല്‍കി. അപവാദപ്രചരണം നിയമലംഘനമാണോ എന്ന ചോദ്യത്തിന് 92 ശതമാനം പേരാണ് ശരിയുത്തരം കണ്ടെത്തിയത്. 

ഏറെ പ്രസക്തിയുള്ള, ശാരീരിക-മാനസിക പീഡനം ക്രിമിനല്‍ കുറ്റമെന്നതിന് പുറമേ മനുഷ്യാവകാശലംഘനത്തിന്റെ പരിധിയില്‍ വരുമോ എന്ന ചോദ്യത്തിനും 92 ശതമാനം പേര്‍ കൃത്യമായ മറുപടി നല്‍കി. ഇഷ്ടമുള്ള മതത്തിലോ ആശയത്തിലോ രാഷ്ട്രീയത്തിലോ വിശ്വസിക്കാനുള്ള അവകാശം മനുഷ്യാവകാശത്തില്‍ ഉള്‍പ്പെടുമോ എന്ന ചോദ്യത്തിന് 91 ശതമാനം പേരും ശരിയുത്തരം നല്‍കി.  

പങ്കെടുത്തവരില്‍ 19 ശതമാനം പേരും 18-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ്. 26-35 വയസിനിടയില്‍ പ്രായമുള്ള 17 ശതമാനം പേരും 36-നും 45-നും ഇടയിലുള്ള 15 ശതമാനം പേരും 45-നും 55-നും ഇടയില്‍ പ്രായമുള്ള 17 ശതമാനം പേരും 55 -ന് മുകളില്‍ പ്രായമുള്ള 27 ശതമാനം പേരുമാണ് സര്‍വേയില്‍ പങ്കെടുത്തത്.
സര്‍വേ ഫലം കാണാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ദേശീയ മനുഷ്യാവകാശദിനം - മാതൃഭൂമി സർവേ
 

Content Highlights: survey of mathrubhumi based on human rights