ആറ് ഭൂഖണ്ഡങ്ങളിലും ഉരുക്കുമനുഷ്യനായി മലയാളി; അയൺമാൻ ട്രാക്കത്തലോണിലെ മലയാളി വിജയഗാഥ

സുരേഷ് സാം ചാണ്ടി| Photo Credit: SPECIAL ARRANGEMENT
സുരേഷ് സാം ചാണ്ടി| Photo Credit: SPECIAL ARRANGEMENT

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിലെ പോർട്ട് എലിസബത്തിൽ 42.2 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയ സുരേഷ് സാം ചാണ്ടി ഓടിക്കയറിയത് ചരിത്രത്തിലേക്കാണ്. ആറ്്‌ ഭൂഖണ്ഡങ്ങളിലും അയൺമാൻ ട്രാക്കത്തലോൺ വിജയിക്കുന്ന മലയാളി എന്ന പദവിയിലേക്ക്. ലോകം മുഴുവനുമുള്ള അത്‌ലറ്റ്കൾക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന അയൺമാൻ ട്രാക്കത്തലോൺ രാജ്യത്ത് വിരലിലെണ്ണാവുന്നവർ മാത്രമാണ് എല്ലാ ഭൂഖണ്ഡങ്ങളിലും വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. ശാരീരികാരോഗ്യത്തിനുപുറമേ മാനസികാരോഗ്യവും വിജയത്തിൽ നിർണായകം.

ലോക ട്രയാത്ത്‌ലോൺ കോർപ്പറേഷനാണ് അയൺമാൻ ട്രാക്കത്തലോൺ സംഘടിപ്പിക്കുന്നത്. മത്സരാർഥികൾ 3.8 കിലോമീറ്റർ കടലിലൂടെ നീന്തൽ, 180.2 കിലോമീറ്റർ സൈക്കിൾയാത്ര, 42.2 കിലോമീറ്റർ ഓട്ടം എന്നിവ 17 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് നിയമം. അയൺമാൻ ട്രാക്കത്തലോണിൽ പങ്കെടുക്കാൻ തീരുമാനിക്കുന്ന നിമിഷംമുതൽ വെല്ലുവിളി ആരംഭിക്കും. അതിനനുസരിച്ച് ശരീരത്തിനെയും മനസ്സിനെയും ഒരുക്കണം. ലക്ഷ്യത്തിന്റെ വലുപ്പമാണ് തന്നെ ഇതിലേക്ക്‌ ആകർഷിച്ചതെന്ന് സാം പറയുന്നു.

പ്രൊഫഷണൽ കായികതാരമല്ലാത്ത സാം ആദ്യം യൂറോപ്പ് ഭൂഖണ്ഡത്തിലാണ് അയൺമാൻ പട്ടം നേടിയത്. 2018-ൽ ഡെൻമാർക്കിലായിരുന്നു ഇത്. പിന്നീട് ജോലിത്തിരക്കുകൾമൂലം ഇടവേള വന്നു. 2023-ൽ അൻപത്തിയെട്ടു ദിവസത്തെ ഇടവേളയിൽ മലേഷ്യ, ഫ്ലോറിഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ കിരീടം നേടി. 2025-ൽ ബ്രസീലിൽ നടന്ന അയൺമാൺ കിരീടവും നേടിയ സാമിന്റെ അടുത്ത ലക്ഷ്യമായിരുന്നു എല്ലാ ഭൂഖണ്ഡങ്ങളിലും ജേതാവാകുകയെന്നത്. പരിശീലനം അന്നുതന്നെ തുടങ്ങി. ഇതാണിപ്പോൾ പൂർത്തിയായിരിക്കുന്നത്. കാലാവസ്ഥാ കാരണങ്ങളാൽ അന്റാർട്ടിക്കയിൽ അയൺമാൻ മത്സരമില്ല.

പുനലൂർ മുൻ എം.എൽ.എ. പരേതനായ സാം ഉമ്മന്റെയും ഭവനനിർമാണ ബോർഡ് ഉദ്യോഗസ്ഥയായിരുന്ന സൂസൺ ഉമ്മണിന്റെയും മകനാണ് സാം. ചാർട്ടേഡ് അക്കൗണ്ടന്റയായി ജോലിചെയ്യുന്ന സാം സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഐട്രക്ക് എന്ന പേരിൽ കൂട്ടായ്മയും നടത്തുന്നുണ്ട്.

Content Highlights: Suresh Sam Chandy completed the Ironman Triathlon across six global continents., The challenge involves 3.8km swimming, 180.2km cycling, and 42.2km running within 17 hours., His journey started in 2018 in Denmark, culminating in his 2026 milestone victory in South Africa., Suresh balances his professional career as a Chartered Accountant with endurance sports., He promotes adventure tourism through his initiative, iTrek.