കന്യാസ്ത്രീകളുടെ അറസ്റ്റ്; സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി സുരേഷ് ഗോപി; പ്രതികരണം നടത്തിയില്ല

കോതമംഗലം: ഛത്തീസ്ഗഢിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് സുരേഷ് ഗോപി പ്രതികരണം നടത്താതിരുന്നത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപി സിസ്റ്റർ പ്രീതിയുടെ വീട്ടിലെത്തിയത്.
പ്രീതി മേരിയുടെ മാതാപിതാക്കളുമായി സുരേഷ് ഗോപി സംസാരിച്ചു. വ്യാജ വോട്ടുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കിടെയാണ് സുരേഷ് ഗോപി ഇന്ന് തൃശ്ശൂർ സന്ദർശിച്ചത്. ഇവിടെനിന്നായിരുന്നു അദ്ദേഹം കോതമംഗലത്തെ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തിയത്.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരേ സഭാനേതാക്കളില്‍നിന്നടക്കം വലിയ വിമര്‍ശനമുണ്ടായിരുന്നു. വിഷയത്തില്‍ സുരേഷ് ഗോപി മൗനം പാലിച്ചതില്‍ സഭാപ്രവര്‍ത്തകര്‍ക്കിടയിലും നീരസമുണ്ടായിരുന്നു. ഇതിനിടെ സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും രംഗത്തെത്തി. ഞങ്ങള്‍ തൃശ്ശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്ക് അയച്ച ഒരു നടനെ കാണാനില്ലെന്നും പോലീസില്‍ അറിയിക്കണമോ എന്നാണ് ആശങ്കയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
Content Highlights: Union Minister Suresh Gopi Visits Sister Preeti Mary's Family After Chhattisgarh Arrest Controversy