അയ്യപ്പൻ ജ്യേഷ്ഠസഹോദരനേപ്പോലെ, ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ ചെരാത് തെളിക്കണം– സുരേഷ് ഗോപി

ചെങ്ങന്നൂർ: അയ്യപ്പന്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചെരാത് തെളിയിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സൂര്യൻ ഉദിക്കുമ്പോൾ മുതൽ വൈകിട്ട് ഹരിവരാസനം പാടുന്നതുവരെ ചെരാത് തെളിയിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപി ചെങ്ങന്നൂരിൽ നടത്തിയ വിശ്വാസ ജനസഭ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളെ നശിപ്പിക്കാൻ മുതിർന്നവർക്കുള്ള ചിതയൊരുക്കുന്ന അഗ്‌നിയാണ് അതെന്ന് വിളിച്ചു പറയാൻ നമുക്ക് സാധിക്കണം. തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഏപ്രിൽ ഒന്നിന് അയ്യൻ ജന്മജ്യോതി തെളിയും. കേരളത്തിലെ ഈ ദീപപ്രഭ മകരവിളക്കിന്റെ പ്രഭപോലെ തെളിഞ്ഞു നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും മനസിലാക്കണം, അവരൊന്നും തങ്ങളുടെ അയ്യന് മുകളിലല്ല. 2014-ൽ മോദിയെ കണ്ടതിനുശേഷമല്ല തനിക്ക് അയ്യപ്പവിശ്വാസം ഉണ്ടായത്. 1973-ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് താൻ ആദ്യം ശബരിമലയിൽ പോയത്. അതിന് ശേഷം അമ്പതിന് മേലെ തവണ ശബരിമല ചവിട്ടിയിട്ടുള്ള പെരിയ സ്വാമി ആണെന്ന് ഞാൻ പറയുന്നില്ല പക്ഷേ അൻപ് സ്വാമിയാണ് ഞാൻ. പലതവണ താനിത് പറഞ്ഞപ്പോൾ ജാതീയമായി വിമർശിച്ച കോമരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അവരാണ് മതേതരത്വത്തിനായി പോരാടുന്നവർ. അയ്യൻ തനിക്ക് ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Content Highlights: Suresh Gopi declares April 1 as Lord Ayyappan's birthday., He urges all devotees in Kerala to light a 'chirath' (lamp) at home., The call was made during a BJP event named 'Viswasa Janasabha' in Chengannur., He criticized the Congress and Communist parties on matters of faith., Suresh Gopi refers to Lord Ayyappan as his elder brother.