CITU നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: NDF പ്രവർത്തകരെ വീണ്ടും ജയിലിലേക്കയച്ച് സുപ്രീംകോടതി

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
സുപ്രീംകോടതി | Photo: PTI
സുപ്രീംകോടതി | Photo: PTI

ന്യൂഡൽഹി: മലപ്പുറത്തെ സിഐ.ടി.യു നേതാവായിരുന്ന ഷംസു പുന്നക്കലിനെ വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളുടെ ശിക്ഷായിളവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ശിക്ഷായിളവ് റദ്ദാക്കിയത്. ഇതോടെ പ്രതികൾക്ക് വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരും.  പ്രതികൾക്ക് എതിരെ ചുമത്തിയിരുന്ന വധശ്രമത്തിനുള്ള വകുപ്പ് സുപ്രീം കോടതി പുനഃസ്ഥാപിച്ചു.

2001 ജനുവരി 16ന് മഞ്ചേരി ടൗണില്‍ പാണ്ടിക്കാട് റോഡിലെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ വെച്ച് ഷംസു പുന്നക്കലിനെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പിലാക്കല്‍ സലീം, കൊല്ലന്‍ ജുബൈര്‍, അബ്ദുല്‍ മുനീര്‍, ജാഫര്‍, ജബ്ബാർ  എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ സലിം, മുനീർ, ജാഫർ എന്നിവർക്ക് വിചാരണ കോടതി ആറ് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ജുബൈറിന് അഞ്ച് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ജബ്ബാറിനെ വിചാരണ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു 

എന്നാൽ, ഷംസുവിനെ ആക്രമിക്കുമ്പോള്‍ 'വെട്ടടാ' എന്ന് മാത്രമാണ് പ്രതികള്‍ ആക്രോശിച്ചതെന്നും അതിനാല്‍ കൊല്ലാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി  ഹൈക്കോടതി ശിക്ഷയില്‍ ഇളവ് അനുവദിച്ചിരുന്നു. കൊലപാതക ശ്രമത്തിന് പകരം ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനാണ് ഹൈക്കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഒരു മാസമായി ഹൈക്കോടതി കുറയ്ക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഈ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. 

ഗുരുതരമായ  വെട്ടുകളാണ് ഷംസുവിന്റെ ശരീരത്തിൽ ഉണ്ടായതെന്ന് സംസ്ഥാന സർക്കാർ ബുധനാഴ്ച സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതികൾക്ക് കനത്ത ശിക്ഷ ആണ് ലഭിക്കേണ്ടിയിരുന്നത് എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, വിചാരണ കോടതി വിധിച്ച ശിക്ഷ പുനഃസ്ഥാപിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകരായ ആർ ബസന്ത്, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. ഷംസു പുന്നക്കലിന്റെ ഭാര്യക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പി വി ദിനേശ് ആണ് ഹാജരായത്. പ്രതികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകൻ എം ആർ രമേശ് ബാബു എന്നിവർ ഹാജരായി.
 

Content Highlights: supreme court sends ndf accussed back to jail