പാലാരിവട്ടം മേല്‍പാലം:കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തിയത് റദ്ദാക്കിയതിനെതിരായ ഹര്‍ജിയില്‍ നോട്ടീസ്

ന്യൂഡല്‍ഹി : പാലാരിവട്ടം മേല്‍പാലം നിര്‍മിച്ച കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആണ് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയില്‍ പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ആണ് കേരള ഹൈക്കോടതി റദ്ദാക്കിയത്.
കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഇന്ന് സുപ്രീംകോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നവീന്‍ ആര്‍. നാഥ്, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ മറ്റ് 13 ഓളം പ്രോജക്ടുകള്‍ തങ്ങള്‍ ചെയ്യുന്നുണ്ടെന്നും, അതിനാല്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്താല്‍ മറ്റ് പ്രോജക്ടുകളെയും അത് ബാധിക്കുമെന്നും ആര്‍ഡിഎസ് പ്രോജക്ടിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയെ അറിയിച്ചു. കേസ് ഇനി പരിഗണിക്കുമ്പോള്‍ ആര്‍ഡിഎസ് പ്രോജക്ട്‌സ് നിലവില്‍ നടപ്പാക്കുന്ന കരാറുകളുടെ വിശദശാംശങ്ങള്‍ കോടതിയെ അറിയിക്കാം എന്നും സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാരിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചു.
പാലാരിവട്ടം പാലം അഴിമതി കേസിനെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കാനാകാത്ത വിധം കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് ആണ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയത്. മേല്‍പ്പാലം നിര്‍മാണ അപാകത പരിഹരിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ നടപടി ചോദ്യം ചെയ്ത് കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി നിര്‍മ്മാണ കമ്പനിക്ക് അനുകൂലമായ ഉത്തരവ് പുറപ്പടുവിക്കുക ആയിരുന്നു. ഇതിന് എതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Content Highlights: Supreme Court to Hear Kerala Govt Appeal on Palarivattom Bridge Firm Blacklist