ദേശീയപാത; 45 മീറ്ററിന് പുറമേ ഇരുവശത്തുമായി 35 മീറ്റർകൂടി ഒഴിച്ചിടണം, ഏറ്റെടുക്കലിൽ അനിശ്ചിതത്വം

ഹരിപ്പാട്: ദേശീയപാതയോരത്ത് വീട്, വാണിജ്യസ്ഥാപന നിർമാണത്തിനുള്ള ദൂരപരിധി പുതുക്കി നിശ്ചയിച്ച സുപ്രീംകോടതി ഇടക്കാലയുത്തരവ് കേരളത്തിലെ തീരദേശമേഖലയ്ക്ക് തിരിച്ചടിയാകും. തിരുവനന്തപുരംമുതൽ കാസർകോടുവരെയുള്ള ഒൻപത് ജില്ലകളിലെ ലക്ഷക്കണക്കിനുപേരെ ബാധിക്കും.
പുതുക്കിയ ദൂരപരിധിസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഏകീകൃത വിജ്ഞാപനം പുറപ്പെടുവിക്കാനാണ് കോടതിനിർദേശം. വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന ഭൂമി സർക്കാർ ഏറ്റെടുക്കുമോയെന്നതിൽ വ്യക്തയില്ല. ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് ഇരുവശത്തേക്കും 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്റർ പരിധിയിൽ വാണിജ്യസ്ഥാപനങ്ങൾക്കും നിർമാണ അനുമതി ലഭിക്കില്ല.
നിലവിലുള്ളവയുടെ കാര്യത്തിൽ പുനരവലോകനം നടത്തണമെന്നാണ് കോടതിയുത്തരവ്. ഈ പരിധിയിൽ പ്രവർത്തിക്കുന്ന വാണിജ്യസ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാൻ ദേശീയപാതാ അതോറിറ്റിയുടെ അനുമതി വേണ്ടിവരും. സുപ്രീംകോടതി സ്വമേധയായെടുത്ത കേസിലാണ് ഏപ്രിൽ 13-ലെ ഇടക്കാല ഉത്തരവ്. കേസ് ഓഗസ്റ്റ് 17-ന് വീണ്ടും പരിഗണിക്കും.
കേരളത്തിൽ ദേശീയപാത (എൻ.എച്ച്. 66) 45 മീറ്ററിലാണ് ആറുവരിയായി പുനർനിർമിക്കുന്നത്. ഇതിന് തിരുവനന്തപുരംമുതൽ കാസർകോടുവരെ ഏറ്റെടുത്തത് 1079.66 ഹെക്ടർ. അതിലെ 27,035 നിർമിതി പൊളിച്ചുനീക്കി. നേരത്തേ 30 മീറ്ററായിരുന്ന പാതയിൽ 15 മീറ്റർകൂടി ഏറ്റെടുത്തപ്പോഴാണ് ഇത്രയും പൊളിക്കേണ്ടിവന്നത്. സുപ്രീംകോടതിയുത്തരവനുസരിച്ചാണെങ്കിൽ നിലവിലെ 45 മീറ്റർ റോഡിനുപുറമേ ഇരുവശത്തുമായി ആകെ 35 മീറ്റർ സ്ഥലം ഒഴിച്ചിടേണ്ടിവരും. ദേശീയപാതയോരത്തെ 2500 ഹെക്ടറോളം ഭൂമിയെയും അതിലെ ലക്ഷക്കണക്കിന് വീടുകളെയും കടകളെയും ഈ ഉത്തരവ് ബാധിക്കും.
കുടുങ്ങുക കെട്ടിടങ്ങൾ പുനർനിർമിച്ചവർ
ദേശീയപാതയ്ക്ക് ഏറ്റെടുത്ത ഭൂമിയിൽ ഭാഗികമായി പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾ പുനർനിർമിച്ചവർ കുടുങ്ങി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഇത്തരം കെട്ടിടങ്ങൾക്ക് നമ്പറിട്ട് കരം നിശ്ചയിക്കുകയോ, നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുകയോ ചെയ്യുന്നില്ല.
പുതുക്കിപ്പണിക്ക് അനുമതി നിർബന്ധം
കെട്ടിടനിർമാണ ചട്ടപ്രകാരം സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ തടസ്സമില്ല. അതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയാവശ്യമില്ല. എന്നാൽ, വിസ്തീർണംകൂട്ടി പുതുക്കിപ്പണിയാൽ ലൈസൻസ് വേണം. മിക്കവരും വിസ്തീർണം കൂട്ടി പണിതവരാണ്.
-സെക്രട്ടറി, ഹരിപ്പാട് നഗരസഭ
Content Highlights: Supreme Court interim order revises construction setback limits along national highways., Affects 9 districts from Thiruvananthapuram to Kasaragod along NH 66., Prohibits residential construction within 40m and commercial within 75m from the center of the highway.