ആലുവ മണപ്പുറത്തെ എക്‌സിബിഷൻ കരാറിൽ അന്വേഷണത്തിനുള്ള സ്റ്റേ സുപ്രീംകോടതി നീക്കി

ന്യൂഡൽഹി: ആലുവ മണപ്പുറത്ത് എക്‌സിബിഷൻ നടത്താനുള്ള കരാറിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ഉത്തരവിനുള്ള സ്റ്റേ സുപ്രീംകോടതി നീക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ട അന്വേഷണം ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തിരുന്നത്. എക്‌സിബിഷൻ നടത്താനുള്ള കരാർ കൂടിയതുക വാഗ്ദാനം ചെയ്ത ഷാസ് എന്റർടെയ്ൻമെന്റ് കമ്പനിക്കു നൽകാനും സുപ്രീംകോടതി നിർദേശിച്ചു. കേസിൽ ആലുവ മുൻസിപ്പാലിറ്റി, സംസ്ഥാന സർക്കാർ എന്നിവർ ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ആലുവ ശിവരാത്രി മണപ്പുറത്ത് എക്‌സിബിഷൻ നടത്താൻ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്തത് ഷാസ് എന്റർടെയ്ൻമെന്റ് എന്ന സ്ഥാപനം ആയിരുന്നു. തുക ആലുവ നഗരസഭയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ തുക കൃത്യസമയത്ത് നൽകിയില്ലായെന്ന് ചൂണ്ടിക്കാട്ടി ഫൺ വേൾഡ് എന്ന സ്ഥാപനത്തിന് മുൻസിപ്പാലിറ്റി കരാർ നൽകി. ഷാസ് എന്റർടെയ്ൻമെന്റ് വാഗ്ദാനം ചെയ്തതിനേക്കാൾ 50 ലക്ഷം രൂപ കുറച്ചാണ് ഫൺ വേൾഡിന് കരാർ നൽകിയത്.
ആലുവ മുനിസിപ്പാലിറ്റിയുടെ ഈ നടപടി റദ്ദാക്കിക്കൊണ്ട് കരാർ ഷാസ് എന്റർടെയ്ൻമെന്റ് കമ്പനിക്കു നൽകാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. മുനിസിപ്പാലിറ്റിയുടെ നടപടിയിൽ ദുരൂഹത ഉണ്ടെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം സംസ്ഥാന സർക്കാർ നടത്തണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു.
ഇതിനെതിരെ ഷാസ് എന്റർടെയ്ൻമെന്റ് നൽകിയ ഹർജി ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥ് എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് പരിഗണിച്ചത്. ശിവരാത്രി അടുത്ത് വരുന്നതിനാൽ ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ നീക്കണം എന്ന് ഷാസ് എന്റർടെയ്ൻമെന്റിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിഖിൽ ഗോയലും അഭിഭാഷക പല്ലവി പ്രതാപും ആവശ്യപ്പെട്ടു. ഇതേതുടർന്നാണ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സുപ്രീംകോടതി നീക്കിയത്.
Content Highlights: Supreme Court lifted the stay on the investigation into the Aluva Manappuram exhibition agreement