ആന്റണി രാജു ഉൾപ്പെട്ട കേസ്; താൻ പരിഗണിക്കാതിരിക്കാൻ ശ്രമമെന്ന് ജ. രവികുമാർ, നാടകീയ രംഗങ്ങൾ

ന്യൂഡൽഹി: മുൻമന്ത്രി ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസ് പരിഗണിക്കുന്ന ബെഞ്ചിന് മുമ്പാകെ നാടകീയ രംഗങ്ങൾ. ഹർജി താൻ പരിഗണിക്കാതിരിക്കാൻ ശ്രമം നടക്കുന്നതായി ബെഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് സി.ടി. രവി കുമാർ ആരോപിച്ചു. ഹർജി അടുത്ത വർഷം ജനുവരി 5 വരെ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി അഞ്ചിനാണ് ജസ്റ്റിസ് രവികുമാർ സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്നത്.
ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ കേസിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ആന്റണി രാജു നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണനയ്ക്കെടുത്തപ്പോൾ കേസ് നീട്ടി വയ്ക്കണമെന്ന് അഭിഭാഷകൻ ദീപക് പ്രകാശ് കോടതിയിൽ ആവശ്യപെട്ടു. ഇതേത്തുടർന്നാണ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കേസ് നീട്ടി വെയ്ക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സി.ടി. രവികുമാറും, സഞ്ജയ് കരോളുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂണിൽ താനടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ച കേസാണിതെന്ന് ജസ്റ്റിസ് രവികുമാർ ചൂണ്ടിക്കാട്ടി. ഈ കേസ് പരിഗണനയ്ക്ക് വരുമ്പോൾ എല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് മാറ്റി വയ്ക്കാൻ ശ്രമിക്കുകയാണ്. ജനുവരി അഞ്ച് വരെ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി അഞ്ചിന്റെ പ്രത്യേകത തനിക്കറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ലാവലിൻ ഹർജിയിൽ' നിന്ന് പിന്മാറാൻ ആരും ആവശ്യപ്പെട്ടില്ല, എന്നിട്ടും ഒഴിഞ്ഞു -ജസ്റ്റിസ് രവികുമാർ
പിണറായി വിജയൻ ഉൾപ്പെട്ട എസ്.എൻ.സി. ലാവലിൻ കേസിൽ നിന്ന് പിന്മാറിയ കാര്യവും ജസ്റ്റിസ് രവികുമാർ കോടതിയിൽ പരോക്ഷമായി പരാമർശിച്ചു. കേസിന്റെ പേര് പറയാതെയാണ് ഹർജികൾ കേൾക്കുന്നതിൽ നിന്ന് പിന്മാറിയ കാര്യം അദ്ദേഹം പരാമർശിച്ചത്. ആ കേസുമായി ബന്ധപ്പെട്ട ഒരു ഹർജി ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോൾ താൻ പരിഗണിച്ചിരുന്നു. അതിനാൽ സുപ്രീം കോടതിയിൽ ആ കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് സ്വയം പിന്മാറി. ആരും പിന്മാറാൻ തന്നോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും ജസ്റ്റിസ് രവികുമാർ വ്യക്തമാക്കി.
തൊണ്ടി മുതൽ കേസുമായി ബന്ധപ്പെട്ട ഒരു ഹർജി ജസ്റ്റിസ് സി.ടി. രവികുമാർ ഹൈക്കോടതിയിലിരുന്നപ്പോൾ പരിഗണിച്ചിരുന്നുവെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ ദീപക് പ്രകാശ് ഇന്ന് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ലാവലിൻ കേസിലെ പിന്മാറ്റം സംബന്ധിച്ച കാര്യം ജസ്റ്റിസ് രവികുമാർ കോടതിയിൽ വിശദീകരിച്ചത്. പന്ത്രണ്ടര വർഷം കേരള ഹൈക്കോടതിയിൽ ജഡ്ജി ആയിരുന്നു. പല ഹർജികളും പരിഗണിച്ചിട്ടുണ്ട്. എന്നാൽ തൊണ്ടി മുതൽ കേസുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ജഡ്ജിയായിരുന്ന കാലയളവിൽ പരിഗണിച്ച കാര്യം ഓർമ്മയില്ലെന്ന് ജസ്റ്റിസ് രവികുമാർ വ്യക്തമാക്കി.
കഴിഞ്ഞ ഒരു വർഷമായി ഉന്നയിക്കാത്ത ഈ വിഷയം ഇപ്പോൾ ഉന്നയിച്ചത് എന്തിനാണെന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ അഭിഭാഷകനോട് ആരാഞ്ഞു. തുടർന്ന് താൻ ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാമെന്ന് ജസ്റ്റിസ് സി.ടി. രവികുമാർ അറിയിച്ചു. എന്നാൽ ആന്റണി രാജുവിന്റെ സീനിയർ അഭിഭാഷകൻ ആർ ബസന്ത് ഉൾപ്പടെയുള്ളവർ ഇതിനെ എതിർത്തു.
ആന്റണി രാജുവിന്റ കേസ് ഹൈക്കോടതി മെറിറ്റിൽ പരിഗണിച്ചില്ലെന്ന് സംസ്ഥാനം
ആന്റണി രാജുവിനെതിരെ ശക്തമായ സത്യവാങ്മൂലമാണ് കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന് വേണ്ടി ഇന്ന് സുപ്രീം കോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ പിവി. ദിനേശ് കേസിന്റെ മെറിറ്റ് ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കിൽ മെറിറ്റ് പരിഗണിക്കാൻ ഹർജി വീണ്ടും ഹൈക്കോടതിയിലേക്കയക്കാവുന്നതാണെന്നും അദ്ദേഹം കോടതിയിൽ അഭിപ്രയപെട്ടു. അക്കാര്യം വാദം കേൾക്കുമ്പോൾ പരിഗണിക്കാമെന്ന് ജസ്റ്റിസ് സി.ടി. രവികുമാർ അറിയിച്ചു.
1990 ഏപ്രിൽ നാലിനു തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ, തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസിൽ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ. കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി ചോദ്യംചെയ്ത് ആന്റണി രാജു ഉൾപ്പടെ നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
Content Highlights: supreme court evidence tampering case antony raju