‘ചില നേതാക്കൾ ഉദാസീനരായിരുന്നു’; സിപിഎമ്മിനെ വെട്ടിലാക്കി സുജിത് വിജയൻപിള്ളയുടെ തുറന്നുപറച്ചിൽ

കൊല്ലം: സി.പി.എം. നേതാക്കളെ സംശയമുനയിൽ നിർത്തുന്ന വിമർശനവുമായി പാർട്ടി സ്വതന്ത്ര എം.എൽ.എ. ആയിരുന്ന ഡോ. സുജിത് വിജയൻ പിള്ള. താൻ പരാജയപ്പെട്ട കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില മുൻനിര നേതാക്കൾ ഉദാസീനരായിരുന്നെന്ന് അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു.
സ്ഥാനമൊഴിഞ്ഞ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ശ്യാം മോഹന് അഭിവാദ്യമർപ്പിച്ചു തയ്യാറാക്കിയ കുറിപ്പിലാണ് ചില നേതാക്കളെ സംശയമുനയിൽ നിർത്തുന്നത്. മറ്റുള്ളവർക്കുകൂടി അവസരം നൽകുകയെന്ന ശ്യാം മോഹന്റെ ത്യാഗത്തെ പുകഴ്ത്തുന്നതിനൊപ്പം, മറ്റ് നേതാക്കൾക്ക് ഇല്ലാതെപോകുന്ന മനോഭാവമാണിതെന്ന് സുജിത് പറയുന്നു.
‘ശ്യാം മോഹന്റെ അർപ്പണമനോഭാവവും വിശ്രമരഹിതവുമായ പ്രവർത്തനവും തിരഞ്ഞെടുപ്പുതന്ത്രങ്ങളും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഞാൻ നേരിട്ടറിഞ്ഞതാണ്. മുൻനിര നേതാക്കളിൽ ചിലരെങ്കിലും ഉദാസീനരായപ്പോഴും ചങ്കുറപ്പോടെ ഒരു തിരഞ്ഞെടുപ്പിനു വേണ്ട എല്ലാ മുന്നൊരുക്കങ്ങളും രാപകലില്ലാതെ ചെയ്തുതീർത്തു’വെന്ന് മുൻ എം.എൽ.എ.യുടെ കുറിപ്പിൽ പറയുന്നു.
സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അടക്കമുള്ള ചില നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമായി പ്രവർത്തിച്ചില്ലെന്ന വിമർശനം സി.പി.എമ്മിലും സി.പി.ഐ.യിലും നേരത്തേ ഉയർന്നിരുന്നു. ചവറ സീറ്റിൽ മത്സരിക്കാൻ ആഗ്രഹിച്ച ഒരു നേതാവിനെതിരേ ആയിരുന്നു വിമർശനം. സി.പി.എം., സി.പി.ഐ. തിരഞ്ഞെടുപ്പുവിശകലന യോഗങ്ങളിൽ ഈ ആരോപണം ഉയർന്നതാണ്. അന്നൊന്നും പ്രതികരിക്കാതിരുന്ന സുജിത് വിജയൻ പിള്ള സാമൂഹികമാധ്യമക്കുറിപ്പിലൂടെ അതേ ആരോപണം ആവർത്തിച്ചത് സി.പി.എമ്മിനുള്ളിൽ ചർച്ചയായിട്ടുണ്ട്.
‘ഡി.വൈ.എഫ്.ഐ. സെക്രട്ടറിസ്ഥാനം ഒഴിഞ്ഞെങ്കിലും ശ്യാം മോഹന് ഭാവിയിൽ പാർട്ടിയുടെ ഉന്നതസ്ഥാനങ്ങൾ ലഭിക്കട്ടെ. നമ്മുടെ നാട്ടിൽനിന്ന് പറന്നുയരാൻ കഴിയുന്ന നേതാവാകട്ടെ. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരവസരം നിങ്ങൾക്കായി കാത്തിരിക്കുന്നു’-എന്ന ആശംസയോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ മെല്ലപ്പോക്ക് ഉണ്ടായതായി എം.എൽ.എ.യുമായി ബന്ധപ്പെട്ടവർ പറയുന്നു. പ്രചാരണസാമഗ്രികൾ താഴേത്തട്ടിൽ എത്തിക്കാൻ ശ്രദ്ധയുണ്ടായില്ലെന്നായിരുന്നു പരാതി. ഇൗ സമയത്ത് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ശ്യാം മോഹൻ നേരിട്ടാണ് ഇതെത്തിച്ചത്.
ഇനിയൊരു തിരഞ്ഞെടുപ്പു പോരാട്ടത്തിനില്ലെന്ന് ഡോ. സുജിത് വിജയൻ പിള്ള നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ടെങ്കിലും അദ്ദേഹം ഡോക്ടറായി വീണ്ടും പ്രാക്ടീസ് ആരംഭിച്ചു. ചവറ അരവിന്ദ് മെഡിക്കൽ സെന്ററിൽ ഇ.എൻ.ടി. വിഭാഗത്തിലാണ് പ്രാക്ടീസ് ആരംഭിച്ചത്.