'അഖിലേന്ത്യാനേതാക്കൾക്ക് എന്റെ സേവനം വേണ്ട എന്നുപറഞ്ഞാൽ, വേണം എന്നുപറയാൻ എനിക്ക് താത്പര്യമില്ല'

വിളിച്ചാൽ വിളിച്ചിടത്തുനിൽക്കുന്ന പ്രവർത്തകർ കണ്ണൂരിലും കേരളത്തിലും തനിക്കുണ്ടെന്നും തനിക്ക് അവർ മതിയെന്നും പാർട്ടിയുടെ അംഗീകാരവും അഭിനന്ദനവും വേണ്ടെന്നും കെപിസിസി അധ്യക്ഷസ്‌ഥാനമൊഴിഞ്ഞ കെ. സുധാകരൻ എംപി. പിന്തുണയ്ക്കുവേണ്ടി ആരുടെയും പുറകേ നടന്നിട്ടില്ലെന്നും അദ്ദേഹം ‘മാതൃഭൂമി’ പ്രതിനിധി എ.കെ. ശ്രീജിത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
തിരഞ്ഞെടുപ്പിന് സജ്ജമാവുന്ന ഘട്ടത്തിലാണ് പ്രസിഡന്റ്സ്ഥാനത്തുനിന്ന് താങ്കളെ മാറ്റിയത്. എന്തായിരുന്നു അടിയന്തരസാഹചര്യം
= മാറ്റിയ സമയം ശരിയായോ എന്ന് പാർട്ടിയും അണികളും വിലയിരുത്തട്ടെ. എനിക്ക് പരാതിയില്ല. അഖിലേന്ത്യാനേതാക്കൾക്ക് എന്റെ സേവനം വേണ്ട എന്നുപറഞ്ഞാൽ, വേണം എന്നുപറയാൻ എനിക്ക് താത്പര്യമില്ല. ഈ സമയത്ത് മാറ്റിയത് തെറ്റല്ലെങ്കിലും ശരിയല്ല.
കെ.സി. വേണുഗോപാലിന്റെ പിന്തുണ നേതൃമാറ്റചർച്ചകളുടെ സമയത്ത് താങ്കൾക്ക് കിട്ടിയിട്ടില്ലേ
=പിന്തുണയ്ക്കുവേണ്ടി ഞാൻ ആരുടെയും പുറകേ നടന്നിട്ടില്ല.
താങ്കളെ മാറ്റേണ്ട സാഹചര്യം എന്തായിരുന്നു
= സാഹചര്യം അവരോട്, മാറ്റിയ നേതാവിനോട് ചോദിക്കണം. എനിക്ക് പിടികിട്ടിയിട്ടില്ല. മാറ്റിയതിൽ അണികൾക്ക് വിഷമമുണ്ട്. നേതാക്കൾക്കും അഭിപ്രായവ്യത്യാസമുണ്ട്. അത് സ്വാഭാവികമാണ്. ഞാൻ പ്രവർത്തകരെ സ്നേഹിക്കുന്നതുപോലെ ഒരു നേതാവും സ്നേഹിക്കാറില്ല. എന്തുകൊണ്ട് മാറ്റിയെന്ന ചോദ്യം പ്രസക്തമാണ്. ഞാനത് ചോദിക്കാൻ പോയില്ല. എന്നോട് പറഞ്ഞിട്ടുമില്ല. മാറ്റണമെന്ന് ആഗ്രഹിച്ച ഒരു വിഭാഗം ഉണ്ടായിരുന്നെന്ന് എനിക്കിപ്പോൾ മനസ്സിലായി.
എന്തെങ്കിലും സൂചനയുണ്ടായിരുന്നോ
= സൂചന ഡൽഹിയിൽനിന്നുണ്ടായിരുന്നു. രാഹുൽഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പക്ഷേ, ഒന്നും പറഞ്ഞില്ല.
പ്രവർത്തകസമിതി അംഗമായാണ് താങ്കളെ നിയമിച്ചത്. കോൺഗ്രസിൽ അതൊരു സുപ്രധാന പദവിയല്ലേ
= വലിയ പദവിയായിരിക്കും. അത് കിട്ടിയിട്ടെന്താ ഗുണം. ആ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം എവിടെയാണ്.
ദീപാ ദാസ് മുൻഷിയുമായി എന്തെങ്കിലും തർക്കമുണ്ടായിരുന്നോ
= തർക്കമൊന്നുമില്ല. അവർകൊടുത്ത റിപ്പോർട്ടിനെക്കുറിച്ച് പരാതിയുണ്ട്.
അവരെ സംസ്ഥാനത്തിന്റെ ചുമതലയിൽനിന്ന് മാറ്റണമെന്ന് ആവശ്യമുണ്ടോ
= അത് പറയേണ്ടിടത്ത് പറഞ്ഞോളാം
സമ്പൂർണനേതൃമാറ്റം വരുമ്പോൾ പ്രതിപക്ഷനേതാവിനെയും മാറ്റേണ്ടതല്ലേ എന്ന അഭിപ്രായം ചിലർ ഉയർത്തുന്നുണ്ട്. അങ്ങനെയൊരു അഭിപ്രായം താങ്കൾക്കുണ്ടോ
= പ്രതിപക്ഷനേതാവിനെ മാറ്റിയിട്ടില്ല. മാറ്റേണ്ടെന്ന് അവർക്ക് താത്പര്യമുണ്ടാവും. ഓരോ നേതാക്കൻമാർക്കും വ്യക്തിപരമായ താത്പര്യങ്ങളുണ്ടാവും.
താങ്കളുടെ മാറ്റത്തിൽ വി.ഡി. സതീശന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ
= വി.ഡി. സതീശന് എന്തെങ്കിലും റോളുണ്ടെന്ന് കരുതുന്നില്ല. എന്റെ കൈയിൽ തെളിവൊന്നുമില്ല.
പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിൽ സംതൃപ്തനാണോ
= പ്രവർത്തനം മോശമാണെന്ന് പറയില്ല. പക്ഷേ, കുറച്ചുകൂടി നന്നാക്കാം.
പ്രസിഡന്റായ സമയത്ത് പാർട്ടിക്കകത്തുനിന്നുള്ള പിന്തുണ എത്രമാത്രമുണ്ടായിരുന്നു
= അവരുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായില്ല. പക്ഷേ, നല്ലരീതിയിലുള്ള സഹകരണമുണ്ടായിട്ടില്ല. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരിൽനിന്ന് നല്ല സഹകരണമുണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.
സണ്ണി ജോസഫ് പ്രസിഡന്റായത് താങ്കളുടെ നോമിനിയായാണോ
= സണ്ണി ജോസഫ് എന്റെ നോമിനിയല്ലെങ്കിലും എന്റെ അറിവും സമ്മതവുമുണ്ട്. അദ്ദേഹത്തെ പ്രസിഡന്റാക്കുന്നതുമായി ബന്ധപ്പെട്ട് എന്നോട് അഭിപ്രായം ചോദിച്ചിട്ടില്ല. കേട്ടപ്പോൾ എനിക്കും സന്തോഷമായി. സണ്ണി ജോസഫ് ഏറ്റവും അടുത്ത സഹപ്രവർത്തകനായി വളർന്നുവന്ന ആളാണ്. മാന്യനായ രാഷ്ട്രീയനേതാവാണ്.
കെപിസിസിക്ക് തുടർച്ചയായി ഡിസിസിതലത്തിലും പുനഃസംഘടന വരില്ലേ
= ഡിസിസിയിൽ മാറ്റം നിർബന്ധമൊന്നുമില്ല. കണ്ണൂരിൽ മാർട്ടിൻ ജോർജ് നല്ല പ്രസിഡന്റാണ്. മാറ്റേണ്ടെന്നാണ് എന്റെ അഭിപ്രായം.
മാതൃഭൂമി ന്യൂസ് സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് സി.കെ. വിജയന് നൽകിയ പ്രത്യേക അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ
‘ആ ഉത്തരവാദിത്വം ഏറ്റെടുക്കും’
അഭിമുഖം അവസാനിക്കാനിരിക്കേയാണ് എഐസിസിയിൽനിന്ന് ഒരു സന്ദേശം വന്നത്. അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരനെ ചുമതലപ്പെടുത്തി എന്നതായിരുന്നു ഉള്ളടക്കം. അതേക്കുറിച്ച് ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ മറുപടി: “ആ ഉത്തരവാദിത്വം ഏറ്റെടുക്കും. ഏറ്റെടുക്കുമെന്നുമാത്രമല്ല, അതിൽ റിസൾട്ട് ഉണ്ടാക്കുകയുംചെയ്യും.” പിന്നെ എന്തിനാണ് തന്നെ ഇത്രയും തിരക്കുപിടിച്ച് മാറ്റിയത്, തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാറ്റിയാൽ മതിയായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാനില്ലെന്ന് സുധാകരൻ വ്യക്തമാക്കി. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും. പദവിയൊന്നും വേണമെന്നില്ല. സാധാരണപ്രവർത്തകനായി ജീവിക്കും. പിണറായി വിജയനടക്കമുള്ള നേതാക്കളെ രാഷ്ട്രീയമായി നേരിടാൻ ഇനിയും തയ്യാർ. പിണറായിക്കെതിരേ വേണമെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു.
ഒരു ചർച്ചയും കൂടാതെയാണ് കെപിസിസി അധ്യക്ഷപദവിയിൽനിന്ന് മാറ്റിയതെന്ന് ആവർത്തിക്കുന്നുണ്ട്, അദ്ദേഹം. ‘‘ദേശീയനേതൃത്വത്തിലെ ഏതാനുംപേർചേർന്നെടുത്ത തീരുമാനമാണ് അത്. ‘ഫാബ്രിക്കേറ്റ്’ ചെയ്തുണ്ടാക്കിയ തീരുമാനമെന്ന് പറയുന്നില്ല. നേതൃത്വത്തിനെതിരേ പറയാൻ പാടില്ലല്ലോ’’- സുധാകരൻ പറഞ്ഞു.
Content Highlights: K. Sudhakaran, removed as KPCC president, expresses no regrets