വോട്ടുപൊട്ടിക്കൽ പ്രസംഗം; ജി സുധാകരന് എതിരായ കേസ് അവസാനിപ്പിക്കുന്നു, തെളിവ്‌ കണ്ടെത്താനായില്ല

ജി. സുധാകരൻ | ചിത്രം: ബിജു സി., മാതൃഭൂമി
ജി. സുധാകരൻ | ചിത്രം: ബിജു സി., മാതൃഭൂമി

ആലപ്പുഴ: തപാൽവോട്ട് പൊട്ടിച്ച്‌ തിരുത്തിയിട്ടുണ്ടെന്ന വിവാദ പ്രസംഗത്തിൽ മുൻ മന്ത്രി ജി. സുധാകരനെതിരേയെടുത്ത കേസ് പോലീസ് അവസാനിപ്പിക്കുന്നു. തെളിവ്‌ കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നാണിത്. തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും സൂചിപ്പിച്ചുള്ള റിപ്പോർട്ട് അന്വേഷണച്ചുമതലയുള്ള ആലപ്പുഴ സൗത്ത് പോലീസ് ഇൻസ്‌പെക്ടർ, ജില്ലാ പോലീസ് മേധാവിക്കു നൽകി.

1989-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് പാർട്ടി ഓഫീസിൽവെച്ച് തപാൽവോട്ടുകൾ പൊട്ടിച്ച്‌ തിരുത്തിയെന്നാണ് എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന മുൻകാല നേതാക്കളുടെ സംഗമവേദിയിൽ ജി. സുധാകരൻ പ്രസംഗിച്ചത്. ഇത് തിരഞ്ഞെടുപ്പു ക്രമക്കേടിൽ വരുമെന്നതിനാൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എന്നാൽ, തപാൽവോട്ട് തിരുത്തിയിട്ടില്ലെന്നും ഭാവനകലർത്തി പറഞ്ഞതാണെന്നും ജി. സുധാകരൻ പിന്നീടു വിശദീകരിച്ചു.

കേസിനു പിൻബലം നൽകുന്ന തെളിവുകളും രേഖകളും സമാഹരിക്കാൻ പോലീസ് പരമാവധി ശ്രമിച്ചു. രേഖകളും മറ്റു വിവരങ്ങളും കൈമാറണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിലെ തിരഞ്ഞെടുപ്പു വിഭാഗത്തിന് പോലീസ് കത്തു നൽകി. എന്നാൽ, 36 വർഷം മുൻപു നടന്ന തിരഞ്ഞെടുപ്പിന്റെ രേഖകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ആ തിരഞ്ഞെടുപ്പുകാലത്ത് പ്രവർത്തിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ശ്രമവും വിജയിച്ചില്ല.

തുടർന്നാണ് കേസ് അവസാനിപ്പിക്കുന്നത്. തെളിവു കിട്ടാത്തതിനാൽ പോലീസ് സുധാകരന്റെ മൊഴിയെടുത്തിരുന്നില്ല. മറ്റു മാർഗങ്ങളിലുടെ അന്വേഷണം തുടരാൻ താത്പര്യമുണ്ടെന്നും അത് ഏതുരീതിയിൽ വേണമെന്നുമുള്ള മാർഗനിർദേശം നൽകണമെന്നും ജില്ലാ പോലീസ് മേധാവിക്കുനൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. മൂന്നു മുതൽ ഏഴു വരെ വർഷം തടവും പിഴയും കിട്ടാവുന്ന കുറ്റം ചുമത്തിയാണ് സുധാകരനെതിരേ കേസെടുത്തത്.

Content Highlights: Police close case against G. Sudhakaran for alleged postal vote rigging due to insufficient evidence