കിഫ്ബിയിൽ അടിമുടി ദുരൂഹം; ഖജനാവിന് നഷ്ടം കോടികൾ,ഭൂമി ഏറ്റെടുക്കലിൽ ധൂർത്ത്, ഇങ്ങനെ പോയാൽ അപകടമെന്നും മുന്നറിയിപ്പ്

#സ്വന്തം ലേഖകൻ
കേരള നിയമസഭ | Photo: PTI
കേരള നിയമസഭ | Photo: PTI

തിരുവനന്തപുരം: കിഫ്ബി പ്രവർത്തനങ്ങളിലെ ഗുരുതരവീഴ്ചയും ദുരൂഹ സാമ്പത്തിക ഇടപാടുകളും ക്രമക്കേടും അക്കമിട്ടു നിരത്തി സുധാപിള്ള കമ്മിറ്റി റിപ്പോർട്ട്. ഈ രീതിയിൽ കിഫ്ബി മുന്നോട്ടുപോയാൽ സർക്കാരിന്റെ നിലനിൽപ്പ് അപകടത്തിലാകുമെന്നാണ് കിഫ്ബി പ്രവർത്തനം പഠിക്കാൻ യു.ഡി.എഫ്. സർക്കാർ നിയമിച്ച സുധാപിള്ള കമ്മിയുടെ മുന്നറിയിപ്പ്. ധനവകുപ്പിനെ നോക്കുകുത്തിയാക്കിയായിരുന്നു കിഫ്ബി പ്രവർത്തനം.

ധനവകുപ്പിന്റെ നിർദേശം മറികടക്കാൻ ചട്ടംലംഘിച്ച് അന്നത്തെ മുഖ്യമന്ത്രി ഇടപെട്ടു. സർക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണത്തിൽനിന്നുമാറി സ്വതന്ത്ര സാമ്രാജ്യത്തിന്റെ മാതൃകയിലായിരുന്നു പ്രവർത്തനം. കൺസൾട്ടൻസി, ഭൂമി ഏറ്റെടുക്കൽ എന്നിവയിലൂടെ കിഫ്ബി നടത്തിയത് ധൂർത്താണ്. കിഫ്ബിയുടെ മുൻ സി.ഇ.ഒ. തന്നെ എക്സ് ഒഫീഷ്യ സെക്രട്ടറിയായി പ്രവർത്തിച്ചതും കൺസൾട്ടൻസികൾക്ക് പണം നൽകിയതിലെ സുതാര്യതയില്ലായ്മയും കമ്മിറ്റി ചൂണ്ടിക്കാണിച്ചു. റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽവെച്ചു.

ഭരണപരമായ വീഴ്ച

  • വായ്പകൾക്ക് ഗ്യാരന്റി നൽകേണ്ടതില്ലെന്ന് ധനവകുപ്പ് തീരുമാനിച്ചപ്പോൾ മുഖ്യമന്ത്രി യോഗംവിളിച്ച് അതു തിരുത്തി
  • 40 തസ്തികകൾക്കാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ, നിയമിച്ചത് 498 പേരെ. ഇവരുടെ വേതനവ്യവസ്ഥ ധനവകുപ്പിന്റെ അംഗീകാരമില്ലാതെയാണ് നിശ്ചയിച്ചത്
  • കിഫ്ബി വായ്പ സർക്കാരിന്റെ ണ്ടവായ്പ്പപരിധിയിൽ ഉൾപ്പെടുത്തിയതോടെ ഭീമമായ സാമ്പത്തികബാധ്യതയുണ്ടായി.

ധനവിനിയോഗ വീഴ്ച

  • മോട്ടോർവാഹന നികുതിയും പെട്രോൾസെസ്സും നിർമാണപ്രവൃത്തികൾക്ക് ഫണ്ട് ചെയ്യാനല്ല, വായ്പാ തിരിച്ചടവിനാണ് ഉപയോഗിക്കുന്നത്. 2021 മുതൽ 2025 സാമ്പത്തികവർഷം വരെ സർക്കാർ നൽകിയ തുകയുടെ 99.4 ശതമാനവും വായ്പ തിരിച്ചടയ്ക്കാനെടുത്തു.
  • പൊതുവിപണിയെക്കാൾ ഉയർന്ന പലിശയ്ക്കാണ് കിഫ്ബി വായ്പവാങ്ങിയത്. ഇത് സംസ്ഥാനത്തിന് ഓരോ വർഷവും 396 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കി. കിഫ്ബിയുണ്ടാക്കിയ മൊത്തം അധികബാധ്യത 1250 കോടി രൂപ.
  • മസാലബോണ്ട് ഇനത്തിൽ സർക്കാരിന് 181.73 കോടി രൂപ അധികച്ചെലവുണ്ടായി.
  • 48,574 കോടിയുടെ പദ്ധതി നടപ്പാക്കാനായി 61,678 കോടി ചെലവാക്കി. ഈ പദ്ധതികൾ സർക്കാർ ചെയ്തിരുന്നെങ്കിൽ 13,103 കോടി രൂപ കുറവിൽ പൂർത്തിയാക്കാമായിരുന്നു

എല്ലാം ദുരൂഹം

  • വിപണി മൂല്യത്തെക്കാളും അഞ്ചിരട്ടിവിലയ്ക്ക് കാരണംകൂടാതെ ഏക്കർകണക്കിന് ഭൂമി ഏറ്റെടുത്തു. കണ്ണൂരിലും പാലക്കാടുമായി 5,366 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 12,727 കോടി രൂപ അനുവദിച്ചു. കണ്ണൂരിൽ ആയിരം ഏക്കർ 2,489 കോടി രൂപ ചെലവിൽ ഇതിനോടകം കിൻഫ്ര വഴി ഏറ്റെടുത്തു. 2020 മുതൽ ഏറ്റെടുത്ത ഭൂമി അഞ്ചു വർഷമായി ഒന്നിനും ഉപയോഗിച്ചിട്ടില്ല. ഇതിനുപുറമെ, 3,829 ഏക്കർ ഭൂമി 9,572 കോടി രൂപയ്ക്ക് കണ്ണൂരിൽ ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷൻ വീണ്ടും പുറപ്പെടുവിച്ചു.
  • കിഫ്ബിയുടെ പ്രചാരണങ്ങളിൽ ഗുരുതരമായ ക്രമക്കേടുണ്ട്. 2025-26 സാമ്പത്തികവർഷം 21.16 കോടി രൂപയാണ് പ്രചാരണത്തിനുള്ള കണക്കിൽ കാണിച്ചത്. 203.72 കോടി രൂപയാണ് ചെലവഴിച്ചത്.
  • സർക്കാരിന്റെ ഗാരന്റിയിൽ വായ്പ എടുത്ത പതിനായിരം കോടിയോളം രൂപ വിവിധ അക്കൗണ്ടുകളായി നിക്ഷേപിച്ചു. വായ്പാ തിരിച്ചടവിനായി 3000 കോടി രൂപ ഉൾപ്പെടുന്നു.
  • ഭൂമി ഏറ്റെടുക്കലിൽ കണ്ണൂരിൽ മാത്രമായി 52.9 ശതമാനം നൽകി.

കേന്ദ്രം വെട്ടിയത് 25,932.55 കോടി

കിഫ്ബി വായ്പ ബജറ്റിനു പുറത്തായതിനാൽ കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് കേന്ദ്രസർക്കാർ വെട്ടിയത് കാൽലക്ഷം കോടി രൂപ.

2022-23 മുതൽ നടപ്പു സാമ്പത്തികവർഷം വരെ കിഫ്ബി വായ്പ്പപരിധിയിലാക്കി 25,932.55 കോടി രൂപയാണ് കേന്ദ്രം വെട്ടിയത്. കേരളത്തിനു കിട്ടേണ്ട ഇത്രയും കേന്ദ്രവിഹിതം കിഫ്ബി നഷ്ടപ്പെടുത്തിയെന്നാണ് വിദഗ്ധസമിതി നിരീക്ഷണം.

സെസ് വഴി ഇരട്ടപ്രഹരം

: സെസിലെ നഷ്ടവും സർക്കാരിന് ഇരട്ടപ്രഹരമായി. ഈ വർഷം സെപ്റ്റംബർ 29 വരെയുള്ള കണക്കിൽ മോട്ടോർവാഹനവും പെട്രോളുംവഴി സെസായി ലഭിച്ച 26,265.93 കോടി രൂപ സംസ്ഥാനസർക്കാർ കിഫ്ബിക്കു കൈമാറി. ഇതു സംസ്ഥാന ഖജനാവിൽ വരേണ്ടതായിരുന്നു. ഇതും കേന്ദ്രം കടപരിധിയിലാക്കി കുറച്ച കാൽലക്ഷം കോടി രൂപയും കൂട്ടിയാൽ 52,098.46 കോടി രൂപയാണ് ഖജനാവിനുള്ള നഷ്ടം. കൂടാതെ, 2025-26ൽ കിഫ്ബി കടമെടുത്ത 9580 കോടി രൂപ കൂടി കണക്കാക്കിയാൽ സംസ്ഥാനത്തിന് മൊത്തം 61,678.46 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

Content Highlights: Sudha Pillai committee report highlights severe financial irregularities and mismanagement in KIIFB., 99.4% of government-allocated funds between 2021 and 2025 were used for loan repayments instead of construction., Land acquisition in Kannur and Palakkad involved massive overpayments and unused land., Central government slashed Kerala's borrowing limit by over Rs 25,000 crore due to KIIFB off-budget borrowings.