നടുറോഡിലൂടെ വിദ്യാര്‍ഥികളുടെ അപകടകരമായ 'ഷോ'; ചെയ്യാന്‍ പറ്റുംപോലെ ചെയ്‌തോയെന്ന് ഡ്രൈവറുടെ മറുപടി...

രൂപമാറ്റം വരുത്തിയ വാഹനത്തിലും മണ്ണുമാന്ത്രി യന്ത്രത്തിലും വിദ്യാര്‍ഥികള്‍ നടത്തിയ റോഡ് ഷോ
രൂപമാറ്റം വരുത്തിയ വാഹനത്തിലും മണ്ണുമാന്ത്രി യന്ത്രത്തിലും വിദ്യാര്‍ഥികള്‍ നടത്തിയ റോഡ് ഷോ

മുക്കം: കോളേജ് ദിനാഘോഷത്തിനിടെ മണ്ണുമാന്തിയന്ത്രത്തിലും രൂപമാറ്റം വരുത്തിയ വാഹനങ്ങളിലും നടുറോഡിലൂടെ റോഡ് ഷോ നടത്തി കോളേജ് വിദ്യാര്‍ഥികള്‍. മുക്കം കളന്‍തോട് എം.ഇ.എസ്. ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥികളാണ് മണ്ണുമാന്തിയന്ത്രത്തിന്റെ കൈയില്‍ ഉള്‍പ്പെടെ കയറിനിന്ന് അപകടകരമാംവിധം യാത്ര ചെയ്തത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

സംഭവം വിവാദമായതോടെ മോട്ടോര്‍വാഹന വകുപ്പ് ഉള്‍പ്പെടെ സംഭവസ്ഥലത്തെത്തി നടപടി സ്വീകരിച്ചു. വിദ്യാര്‍ഥികളെ കയറ്റി റോഡിലൂടെ ഓടിച്ച മണ്ണുമാന്തിയന്ത്രം കസ്റ്റഡിയില്‍ എടുത്തതായും രൂപമാറ്റം വരുത്തിയ ജീപ്പ് ഉള്‍പ്പെടെയുള്ള കണ്ടാലറിയാവുന്ന വാഹനളുടെ പേരില്‍ കേസെടുത്തതായും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ മറ്റു മൂന്ന് കോളേജുകളില്‍ക്കൂടി വ്യാഴാഴ്ച സമാനമായ രീതിയില്‍ ആഘോഷപരിപടികള്‍ നടന്നിരുന്നു.

മണ്ണുമാന്തിയന്ത്രത്തിന് അകമ്പടിയേകി രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് യാത്രചെയ്തു. കാറുകളുടെ സൈഡ് ഗ്ലാസുകള്‍ താഴ്ത്തി ഡോറില്‍ ഇരുന്ന് തലയും ഉടല്‍ഭാഗവും പുറത്തേക്കിട്ടും യാത്രചെയ്തു.

സിനിമാനടന്‍ സുധീര്‍ നായരാണ് കോളേജിലെ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത്. വാഹനങ്ങള്‍ മിക്കവയും രൂപമാറ്റം വരുത്തിയതും ഇതിലേറെയും വാടകയ്‌ക്കെടുത്തവയുമായിരുന്നു. അതുകൊണ്ടുതന്നെ ഉടമകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

ചെയ്യാന്‍ പറ്റുംപോലെ ചെയ്‌തോ...

മണ്ണുമാന്തിയന്ത്രത്തിന്റെ കൈകളില്‍ കയറിനിന്ന് നടുറോഡിലൂടെ വിദ്യാര്‍ഥികള്‍ യാത്രചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, തന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുംപോലെ ചെയ്‌തോ എന്നായിരുന്നു ജെ.സി.ബി. ഡ്രൈവറുടെ മറുപടി.

കര്‍ശന നടപടി

കോളേജ് ഡേ ദിനാഘോഷത്തിനിടെ നടുറോഡിലൂടെ മണ്ണുമാന്തി യന്ത്രത്തിലും രൂപമാറ്റം വരുത്തിയ വാഹനങ്ങളിലും വിദ്യാര്‍ഥികള്‍ സാഹസികയാത്ര നടത്തിയ സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.ആര്‍. സുമേഷ് പറഞ്ഞു. അപകടകരമാംവിധത്തില്‍ വാഹനമോടിച്ചവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ പേരില്‍ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചില കോളേജുകളില്‍ അധ്യാപകരുടെ അനുമതിയോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും കാമ്പസില്‍ കയറി നടപടിയെടുക്കുന്നതിന് മോട്ടോര്‍വാഹന വകുപ്പിന് പരിമിതികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Students 'dangerous' show through the middle of the road-mukkam