കാനയുടെ സ്ലാബിലെ വിടവിൽ പെൺകുട്ടിയുടെ കാൽ കുരുങ്ങി; അഗ്നിരക്ഷാസേന എത്തി പുറത്തെടുത്തു

#ന്യൂസ് ഡെസ്ക്
പൂത്തോട്ട ഗവ. ആശുപത്രിക്കുമുന്നിലെ റോഡില്‍ കാനയുടെ സ്ലാബിലെ വിടവില്‍ വലതുകാല്‍ കുരുങ്ങിയ കൃഷ്ണതീര്‍ഥയും മകളെ ആശ്വസിപ്പിക്കുന്ന അമ്മ ഷിനിയും
പൂത്തോട്ട ഗവ. ആശുപത്രിക്കുമുന്നിലെ റോഡില്‍ കാനയുടെ സ്ലാബിലെ വിടവില്‍ വലതുകാല്‍ കുരുങ്ങിയ കൃഷ്ണതീര്‍ഥയും മകളെ ആശ്വസിപ്പിക്കുന്ന അമ്മ ഷിനിയും

പൂത്തോട്ട(എറണാകുളം): പനിയെ തുടർന്ന് അമ്മയോടൊപ്പം ഗവ. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ സ്‌കൂൾ വിദ്യാർഥിനിയുടെ കാൽ കാനയുടെ സ്ലാബിലെ വിടവിൽ കുടുങ്ങി. ആശുപത്രിക്ക് തൊട്ടുമുന്നിലെ റോഡിലാണ് സംഭവം. കാനയുടെ മീതെയുള്ള കോൺക്രീറ്റ് സ്ലാബിന്റെ വിടവിൽ കുടുങ്ങിപ്പോയ വലതുകാൽ പുറത്തെടുക്കാനാവാതെ വീണുപോയ കുട്ടിക്ക് ഫയർഫോഴ്‌സ് ആണ് രക്ഷകരായത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പൂത്തോട്ട പുത്തൻകാവിലെ ഗവ. ആശുപത്രിക്കുമുന്നിൽ വൈക്കം റോഡിലാണ് സംഭവം. പൂത്തോട്ട കെ.പി.എം. സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥിനി കൃഷ്ണതീർഥയ്ക്കാണ് അപകടം പറ്റിയത്. പെരുമ്പളം പുത്തൻപുരയിൽ ഷിബുവിന്റെയും ഷിനിയുടെയും മകളാണ് കൃഷ്ണതീർഥ. കുട്ടിയുടെ കാൽ ഉരഞ്ഞ് ചെറുതായി നീരുവെച്ചിട്ടുണ്ട്.

പനിയായതിനാൽ മകളെ സ്‌കൂളിൽ വിടാതെ പൂത്തോട്ട ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്നുവാങ്ങി. ഒരു മരുന്ന് പുറമേയ്ക്ക് എഴുതിയത് വാങ്ങാനായി റോഡിനപ്പുറമുള്ള മെഡിക്കൽ ഷോപ്പിലേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് കാൽ കുടുങ്ങിയതെന്ന് കൃഷ്ണതീർഥയുടെ അമ്മ ഷിനി പറഞ്ഞു. കുട്ടി സ്വയം കാൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. പിന്നെ ഭയന്ന് കരച്ചിലായി. നാട്ടുകാരും ആശുപത്രി നഴ്‌സുമാരുമൊക്കെ തടിച്ചുകൂടി. കാൽ പുറത്തെടുക്കാൻ മറ്റുള്ളവർ ശ്രമിച്ചപ്പോൾ വേദനകൊണ്ട് കുട്ടി കരച്ചിലായി.

തുടർന്ന് ഫയർ ഫോഴ്‌സിനെ വിളിച്ചുവരുത്തി. അവർ യന്ത്രം ഉപയോഗിച്ച് സ്ലാബ് ഭാഗം പൊട്ടിച്ചാണ് കാൽ പുറത്തെടുത്തത്.

കുട്ടിക്ക് പൂത്തോട്ട ആശുപത്രിയിൽ ചികിത്സ നൽകി. അരമണിക്കൂറോളം കാൽ കുരുങ്ങിയ നിലയിൽ കരഞ്ഞുകൊണ്ടിരുന്ന മകളെ ആശ്വസിപ്പിച്ച് വെയിലടിക്കാതിരിക്കാൻ കുടചൂടിക്കൊടുത്ത് അമ്മയും ഒപ്പമിരുന്നു. പിന്നീട് കോൺക്രീറ്റ് സ്ലാബിന്റെ വിടവ് ചിലർ പലകവെച്ച് മൂടി തത്കാലത്തേക്ക് അപകടം ഒഴിവാക്കി.

Content Highlights: A 6th-grade student's leg was trapped in a concrete drain slab near Poothotta Government Hospital., The incident occurred while the student and her mother were heading to a medical shop., Fire Force officials successfully rescued the child by cutting the concrete slab., The student received immediate medical attention for minor swelling and injuries.