കോഴിക്കോട്ട് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

കോഴിക്കോട്: തിരുവങ്ങൂർ ക്ഷേത്രത്തിന് പിൻവശത്തെ പാറക്കുളത്തിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. അത്തോളി കൊങ്ങന്നൂർ പൊയിലിൽ എൻ. വിഘ്നേഷ് (15) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥിയായ വിഘ്നേഷ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കുളത്തിൽ നീന്താൻ എത്തിയത്. നീന്തുന്നതിനിടയിൽ വിഘ്നേഷ് വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു. കൂട്ടുകാരൻ മുങ്ങിത്താഴുന്നത് കണ്ട കുട്ടികൾ നിലവിളിച്ചതോടെയാണ് പരിസരവാസികൾ വിവരമറിയുന്നത്.
സമീപത്തെ കേരള ഫീഡ്സിലെ തൊഴിലാളിയായ മുഹമ്മദ് ഷാനു കുളത്തിൽ മുങ്ങിയാണ് വിഘ്നേഷിനെ പുറത്തെടുത്തത്. കൊയിലാണ്ടിയിൽനിന്ന് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. വിഘ്നേഷിനെ ഉടൻ തന്നെ തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എസ്എസ്എൽസി പരീക്ഷ വിജയിച്ച് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു വിഘ്നേഷ്. പിതാവ് പി. നിധീഷും മാതാവ് ശ്രീഷ്മയും ഒമാനിലാണ്. യാദവ്, യാസ് വി. എന്നിവർ സഹോദരങ്ങളാണ്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Content Highlights: N. Vignesh, a 15-year-old former student, drowned in a pond behind Thiruvaangur temple., The incident occurred on Thursday evening while swimming with friends., Local residents and Kerala Feeds workers attempted a rescue operation., Despite being rushed to the Thiruvaangur Community Health Centre, he could not be saved., Koyilandy police have initiated legal proceedings and the body was moved to the Medical College mortuary.