കടലിൽവീണ പന്തെടുക്കുന്നതിനിടെ തിരയിൽപെട്ടു, വിദ്യാർഥിക്ക് ദാരുണാന്ത്യം, 2 കുട്ടികളെ രക്ഷപ്പെടുത്തി

പൂന്തുറ: തിരുവനന്തപുരത്ത് പൂന്തുറയിൽ കടലിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. പൂന്തുറ ടിസി 69/1647-ൽ അന്തോണിയടിമയുടെയും സ്മിതയുടെയും മകൻ എ.എസ്. അഖിൽ (11) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കടലിലേക്ക് വീണ ബോൾ എടുക്കുന്നതിനിടയിൽ തിരയിൽ പെട്ടുപോവുകയായിരുന്നു.
അപകടത്തിൽപെട്ട മറ്റ് രണ്ട് കുട്ടികളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. സെന്റ്തോമസ് എച്ച്എച്ച്എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അഖിൽ. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പൂന്തുറ സെന്റ് തോമസ് പളളിക്ക് സമീപത്തെ കടലിലായിരുന്നു അപകടം. കടലിൽ വീണ ബോൾ എടുക്കുന്നതിനിടയിൽ പെട്ടെന്നുണ്ടായ ശക്തമായ തിരയിൽപ്പെട്ടായിരുന്നു അപകടമെന്ന് നാട്ടുകാരായ മത്സ്യത്തൊളികൾ പറഞ്ഞു.
അഖിലിനെ കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒടുവിൽ ബീമാപള്ളിയിലുള്ള ചിപ്പിതൊഴിലാളികളെയും മുങ്ങൽ വിദഗ്ധരെയും എത്തിച്ച് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്ഥലതെത്തി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Content Highlights: Tragedy in Poonthura: student drowned to death while retrieving ball from sea. Fishermen rescued two.