കൊച്ചിയിൽ തെരുവുനായയുടെ മുഖത്ത് വെട്ടി പരിക്കേൽപ്പിച്ചു; പല്ലുകൾ പുറത്തായ നിലയിൽ, രക്ഷകനായി ജേക്കബ്

#ന്യൂസ് ഡെസ്ക്

കൊച്ചി: നെട്ടൂർ എസ്.എൻ. ജങ്ഷൻ പരിസരത്ത് തെരുവുനായയെ മുഖത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തി. ഏഴുദിവസം മുൻപാണ് അതിദാരുണമായി പരിക്കേറ്റനിലയിൽ നായയെ കണ്ടെത്തിയത്. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി. നിലവിൽ വൈറ്റിലയിലെ ഡോ. സൂ പെറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

നാട്ടുകാർ ആഹാരം കൊടുത്തെങ്കിലും മുറിവിലൂടെ പല്ല് പുറത്തുവന്നതിനാൽ പ്രയാസപ്പെട്ടാണ് കഴിച്ചിരുന്നത്. നെട്ടൂർ പടീപ്പറമ്പിൽ പി.ടി. ജേക്കബാണ് നായയെ രക്ഷപ്പെടുത്തി സർക്കാർ മൃഗാശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കുശേഷം വൈറ്റിലയിലെ ഡോ. സൂ പെറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടനില ഇനിയും തരണംചെയ്തിട്ടില്ല. ജേക്കബാണ് ചികിത്സയ്ക്കുള്ള പണം ചെലവാക്കുന്നത്. ഒരുമാസത്തോളം ചികിത്സ വേണ്ടിവരും.

കുറ്റവാളിയെ കണ്ടെത്തി തക്ക ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ജേക്കബ് പനങ്ങാട് പോലീസിൽ പരാതി നൽകി.