സംസ്ഥാന യൂത്ത് പാർലമെൻറ്: വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് സ്‌കൂൾ ജേതാക്കൾ

സെന്റ് ജൂഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ അധ്യാപകരടും മാനേജ്‌മെന്റ് പ്രതിനിധികളോടുമൊപ്പം
സെന്റ് ജൂഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ അധ്യാപകരടും മാനേജ്‌മെന്റ് പ്രതിനിധികളോടുമൊപ്പം

കാസർകോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്‌സിന് കീഴിൽ പ്രവർത്തിക്കുന്ന ഫോറം ഫോർ ഡെമോക്രസി സോഷ്യൽ ജസ്റ്റിസ് (എഫ്ഡിഎസ്‌ജെ) സംഘടിപ്പിച്ച സംസ്ഥാനതല യൂത്ത് പാർലമെൻറ് മത്സരത്തിൽ വെള്ളരിക്കുണ്ട് സെൻറ് ജൂഡ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഒന്നാം സ്ഥാനം നേടിയ ടീമിന് സമ്മാനങ്ങൾക്കു പുറമേ കേരള നിയമസഭയിൽ മുഴുനീള മോഡൽ പാർലമെൻറ് അവതരിപ്പിക്കാനും അവസരം ലഭിക്കും. വെള്ളരിക്കുണ്ടിലെ ദർശന ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ യഥാർത്ഥ പാർലമെൻറിന്റെ സമ്പൂർണ നടപടിക്രമങ്ങൾ ഉൾപ്പെടുത്തി 90 മിനിറ്റ് നീണ്ട യൂത്ത് പാർലമെൻറ് അവതരണമാണ് സെന്റ് ജൂഡ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അമ്പതിലധികം വിദ്യാർഥികൾ ചേർന്ന് അവതരിപ്പിച്ചത്.

രാഷ്ട്രപതിയുടെ പ്രസംഗം, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, ചരമോപചാരം, ചോദ്യോത്തരവേള, ശ്രദ്ധ ക്ഷണിക്കൽ പ്രമേയം, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം, സഭയുടെ മേശപ്പുറത്ത് രേഖകളുടെ സമർപ്പണം, കമ്മിറ്റികളുടെ റിപ്പോർട്ട് അവതരണം, നിയമനിർമ്മാണ ബിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്ന ഘട്ടങ്ങൾ എന്നിവ കൃത്യതയോടെയും ശാസ്ത്രീയമായും അവതരിപ്പിച്ചതാണ് ഒന്നാം സ്ഥാനത്തിന് അർഹരാക്കിയത്.

കുട്ടികളിലും യുവജനങ്ങളിലും ജനാധിപത്യ മൂല്യങ്ങളും പാർലമെൻററി സംവിധാനങ്ങളുടെ പ്രവർത്തനരീതികളും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ ഒട്ടേറെ സ്‌കൂളുകൾ പങ്കെടുത്തു. തലശ്ശേരി അതിരൂപതാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി മാനേജർ ഫാ. ഡോ. സോണി വടശ്ശേരി, സ്‌കൂൾ മാനേജർ വെരി. റവ. ഡോ. ജോൺസൺ അന്ത്യാംകുളം, പ്രിൻസിപ്പൽ ഫാ. ഡോ. സന്തോഷ് കെ. പീറ്റർ, സ്‌കൂൾ കോർഡിനേറ്റർ റിൻസി എബ്രഹാം, എഫ്ഡിഎസ്‌ജെ ജില്ലാ കോർഡിനേറ്റർ സിജോ ജെ. അറക്കൽ എന്നിവർ വിദ്യാർഥികളുടെ നേട്ടത്തെ അഭിനന്ദിച്ചു.

Content Highlights: Vellarikundu St. Jude`s School clinches first place in the state Youth Parliament! Learn about their impressive parliamentary simulation and democratic values.