കാറിലെ ചൈല്‍ഡ് സീറ്റ്: ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി ഗണേഷ്‌, 'ഓര്‍മിപ്പിച്ചതാണ്'

കെ.ബി.ഗണേഷ് കുമാര്‍
കെ.ബി.ഗണേഷ് കുമാര്‍

തിരുവനന്തപുരം: കാറില്‍ ചൈല്‍ഡ് സീറ്റ് വേണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് സംവിധാനം കേരളത്തില്‍ ലഭ്യമല്ലെന്നും 14 വയസ്സുവരെയുള്ള കുട്ടികളെ കാറിന്റെ പിന്‍സീറ്റില്‍ ഇരിത്തണമെന്നും ഗതാഗത മന്ത്രി നിര്‍ദേശിച്ചു.

കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക സീറ്റ് നിര്‍ബന്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ് വന്നതിനു പിന്നാലെയാണ് ഗതാഗത മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്നും നടപ്പാക്കണോ എന്നതില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ഗതാഗത വകുപ്പിന് കേന്ദ്രത്തില്‍ നിന്നു കിട്ടിയ പുതിയ നിയമ നിര്‍മാണത്തിലുള്ള നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് കാറില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക സീറ്റ്. ജനങ്ങളില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ നിര്‍ദേശിച്ചിട്ടുള്ള കാര്യം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഓര്‍മിപ്പിച്ചെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

പുതിയ ഉത്തരവ് ഘട്ടംഘട്ടമായി നടപ്പിലാക്കാനായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ആദ്യഘട്ടമായി ഒക്ടോബര്‍ മാസത്തില്‍ സാമൂഹികമാധ്യമങ്ങളിലടക്കം ബോധവത്കരണം, നവംബര്‍ മാസത്തില്‍ നിയമം ലംഘിച്ച് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് എന്നിങ്ങിനെ നടപ്പാക്കാനായിരുന്നു തീരുമാനം. ഡിസംബര്‍ മുതല്‍ നിയമം നടപ്പിലാക്കുമെന്നാണ് പറഞ്ഞിരുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമം ഉടന്‍ കര്‍ശനമാക്കില്ലെന്ന് ഗതാഗത മന്ത്രി അറിയിച്ചിട്ടുള്ളത്.

രാജ്യത്ത് മുഴുവനായി നടപ്പാക്കുമ്പോള്‍ ഇവിടെയും നടപ്പാക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Content Highlights: state wont be implementing child seat for children says transport minister