60 വയസ്സിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ നൽകും

തിരുവനന്തപുരം: പട്ടികവർഗക്കാർക്ക് 1000 രൂപ വീതം ഓണസമ്മാനം നൽകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസ്സിന് മുകളിൽ പ്രായമുള്ള അർഹരായ 52,864 പട്ടികവർഗക്കാർക്ക് ആയിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇതിനുള്ള ചെലവിനായി 5. 28 കോടി (5,28,64,000) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2024-25 സാമ്പത്തിക വർഷത്തിൽ ബോണസ് നൽകുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. വ്യവസായ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണിത്.
Content Highlights: state government announces rs 1000 as onam gift