ഇതുകൂടി താങ്ങാനുള്ള കരുത്ത് ശ്രുതിക്ക് നൽകണേ... കേരളത്തിന്റെ പ്രാർഥന...

• ശ്രുതിയുടെ അമ്മയുടെ മൃതദേഹം സംസ്കരിച്ച പുത്തുമലയിൽ ശ്രുതിയും ജെൻസണും പ്രാർഥനയ്ക്കായി എത്തിയപ്പോൾ
• ശ്രുതിയുടെ അമ്മയുടെ മൃതദേഹം സംസ്കരിച്ച പുത്തുമലയിൽ ശ്രുതിയും ജെൻസണും പ്രാർഥനയ്ക്കായി എത്തിയപ്പോൾ

കല്പറ്റ (വയനാട്): രാത്രിയിൽ ഉരുളൊലിച്ചെത്തി അച്ഛൻ, അമ്മ, സഹോദരിയുൾപ്പെടെ എല്ലാവരെയും കവർന്ന ശ്രുതിക്ക് താങ്ങായിരുന്നു ജെൻസൺ. ‘ഞാനുണ്ട് നിനക്കൊപ്പം’ എന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ച ജെൻസൺ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവരുടെ കഥ അറിയുന്നവരെല്ലാം. കേരളമൊന്നാകെ ജീവിതത്തിലേക്കുള്ള ജെൻസന്റെ മടങ്ങിവരവിനായി പ്രാർഥിച്ചെങ്കിലും അതൊക്കെ വിഫലമാക്കിയാണ് ആ വേർപാട്. ഇതുകൂടി താങ്ങാനുള്ള കരുത്ത് ശ്രുതിക്ക് നൽകണേ എന്നാണ് ഇപ്പോൾ എല്ലാവരുടെയും പ്രാർഥന.

ചൊവ്വാഴ്ച വൈകീട്ട്‌ മൂന്നരയോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ വെള്ളാരംകുന്നിൽ ശ്രുതിക്കൊപ്പം വാനിൽ സഞ്ചരിക്കവേയുണ്ടായ അപകടത്തിലാണ് ജെൻസണ്‌ സാരമായി പരിക്കേറ്റത്. ശ്രുതിയുടെ കുടുംബാംഗങ്ങളായ ഏഴുപേരും കൂടെയുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാൻ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജെൻസൺ ബുധനാഴ്ച രാത്രിയാണ് മരിച്ചത്.

ഡി.എൻ.എ. പരിശോധനയിലൂടെ അമ്മ സബിതയുടെ മൃതദേഹം തിരിച്ചറിഞ്ഞശേഷം അമ്മയെ അടക്കിയ സ്ഥലം ആദ്യമായി കാണാൻ പുത്തുമലയിലെ പൊതുശ്മശാനത്തിൽ എത്തുമ്പോൾ ശ്രുതിക്കൊപ്പം ജെൻസണും ഉണ്ടായിരുന്നു.

വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ശ്രുതിയും ജെൻസണും സ്കൂൾകാലംമുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലേക്കെത്തിയത്. കല്യാണത്തിന് കരുതിയിരുന്ന സ്വർണവും പണവും വീടും ഉരുൾ കൊണ്ടുപോയിരുന്നു. ഡിസംബറിൽ ഇരുവരുടെയും വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ, ശ്രുതിക്ക് എന്തിനും കൂടെയൊരാൾ വേണമെന്ന ബോധ്യത്തിൽ ഈ മാസം അവസാനത്തിൽ വെറും ചടങ്ങുമാത്രമാക്കി ശ്രുതിയെ ജീവിതത്തിലേക്ക് കൂട്ടാനുള്ള തീരുമാനത്തിലായിരുന്നു ജെൻസൺ.

അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരില്ലാതായ ചൂരൽമല സ്വദേശിനിയായ ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസന്റെ അപകടമരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജെൻസനും ശ്രുതിയും ബന്ധുക്കളും അപകടത്തിൽപ്പെട്ട വാർത്ത ഹൃദയഭേദകമായിരുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ശ്രുതിയുടെകൂടെ ഈ നാടുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ദുരിതങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാൻ ശ്രുതിക്ക് ആകട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Sruthi who lost nine family members in the Wayanad landslide now loses her fiance